Quantcast

സർഫറാസ് ആദ്യമായി ഇന്ത്യൻ ജഴ്‌സിയിൽ; ഈറനണിഞ്ഞ് പിതാവ്, രാജ്‌കോട്ടിൽ മനോഹര നിമിഷം-വീഡിയോ

അണ്ടർ 19 ലോക കപ്പിൽ സർഫറാസിന്റെ സഹോദരൻ മുഷീർ ഖാൻ ഇന്ത്യക്കായി മിന്നും പ്രകടനം നടത്തിയിരുന്നു.

MediaOne Logo

Web Desk

  • Updated:

    2024-02-15 12:43:30.0

Published:

15 Feb 2024 10:15 AM GMT

സർഫറാസ് ആദ്യമായി ഇന്ത്യൻ ജഴ്‌സിയിൽ; ഈറനണിഞ്ഞ് പിതാവ്, രാജ്‌കോട്ടിൽ മനോഹര നിമിഷം-വീഡിയോ
X

രാജ്‌കോട്ട്: മൂന്നാം ടെസ്റ്റിന് തൊട്ടുമുൻപായി സർഫറാസ് ഖാന് ഇന്ത്യൻ മുൻ താരം അനിൽകുബ്ലെ ടീം തൊപ്പി സമ്മാനിക്കുമ്പോൾ തൊട്ടരികിലായി ആനന്ദാശ്രൂപൊഴിക്കുകയായിരുന്നു പിതാവ് നൗഷാദ് ഖാൻ. ദീർഘകാലത്തെ സ്വപ്‌ന സാക്ഷാത്കാരമായി ദേശീയ ടീമിലേക്ക് മകനെ സഹ താരങ്ങൾ കൈയടികളോടെ സ്വാഗതം ചെയ്യുമ്പോൾ പിതാവിന് അത് അഭിമാന നിമിഷമായിരുന്നു. നൗഷാദ് ഖാനാണ് സർഫറാസിന് ക്രിക്കറ്റിന്റെ ബാല പാഠങ്ങൾ പകർന്നു നൽകിയത്.

ക്യാപ് സ്വീകരിച്ച ശേഷം പിതാവിന്റെ അടുത്തേക്ക് ഓടിയെത്തി സർഫറാസ് ഖാൻ ക്യാപ് കൈമാറി. ക്യാപ് കൈയിലെടുത്ത് നൗഷാദ് ഇന്ത്യൻ ബാഡ്ജിൽ മുത്തമിടുകയും ചെയ്തു. രാജ്‌കോട്ട് നിരഞ്ജൻ ഷാ സ്‌റ്റേഡിയത്തിലുള്ളവരെല്ലാം വികാരഭരിതമായാണ് ഈ നിമിഷം വീക്ഷിച്ചത്. ആദ്യ ടെസ്റ്റിൽ കെ.എൽ രാഹുലിന് പരിക്കേറ്റതോടെയാണ് 26 കാരന് ഇന്ത്യൻ ടീമിലേക്കുള്ള വിളിയെത്തിയത്. ആഭ്യന്തര ക്രിക്കറ്റിൽ തുടരെ സെഞ്ചുറികൾ നേടി ഉജ്ജ്വലഫോമിൽ കളിച്ചിട്ടും താരത്തെ ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. എന്നാൽ ഇംഗ്ലണ്ട് പര്യടനത്തിനിടെ അപ്രതീക്ഷിതമായാണ് വിളിയെത്തിയത്. വിശാഖപട്ടണം ടെസ്റ്റിൽ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും രജത് പടിദാറായിരുന്നു അരങ്ങേറിയത്.

ഇന്ന് രാവിലെ ടീം ക്യാപ് നൽകുമ്പോൾ മുൻ ഇന്ത്യൻ സ്പിൻ ഇതിഹാസം അനിൽ കുബ്ലെ പറഞ്ഞതും ഇതായിരുന്നു. 'നിങ്ങൾ നടത്തിയ കഠിനാദ്ധ്വാനത്തിന്റെ ഫലമാണിത്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയിട്ടും അവസരം ലഭിക്കാത്തത് നിരാശപ്പെടുത്തിയിരുന്നു. നീണ്ട കരിയറിനുള്ള തുടക്കമാകട്ടെ'യെന്നും കുംബ്ലെ ആശംസ നേർന്നു. അടുത്തിടെ നടന്ന അണ്ടർ 19 ലോകകപ്പിൽ സർഫറാസിന്റെ സഹോദരൻ മുഷീർ ഖാൻ ഇന്ത്യക്കായി മിന്നും പ്രകടനം നടത്തിയിരുന്നു.ഫൈനലിൽ ആസ്‌ത്രേലിയയോട് ഇന്ത്യ കീഴടങ്ങിയെങ്കിലും സെഞ്ചുറിയടക്കം നേടി ടൂർണമെന്റ് ടോപ്പ് സ്‌കോറർമാരുടെ പട്ടികയിലും മുഷീർ ഇടംപിടിച്ചിരുന്നു.

സർഫറാസിനെ കൂടാതെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ധ്രുവ് ജുറേലും അരങ്ങേറ്റം കുറിച്ചു. കെഎസ് ഭരതിന് പകരക്കാരനായാണ് അരങ്ങേറിയത്. ദിനേഷ് കാർത്തികാണ് താരത്തിന് ക്യാപ് സമ്മാനിച്ചത്.

TAGS :

Next Story