ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിനൊരുങ്ങുന്ന ആസ്‌ട്രേലിയക്ക് തിരിച്ചടി: പേസർമാരിൽ നിന്ന് ഒരാൾ പുറത്ത്
കഴിഞ്ഞ വർഷം ന്യൂസിലാൻഡിനോട് കൈവിട്ട കിരീടം സ്വന്തമാക്കാനാണ് ഇന്ത്യയുടെ ശ്രമം
ആസ്ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം
സിഡ്നി: ഓവലിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുമ്പെ ആസ്ട്രേലിയക്ക് വന്‍തിരിച്ചടി. പരിക്കേറ്റ സ്റ്റാർ പേസ് ബൗളർ ജോഷ് ഹേസില്‍ വുഡ് പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്തായി. ഈ മാസം 7നാണ് മത്സരം ആരംഭിക്കുന്നത്. ഓൾറൗണ്ടർ മൈക്കിള്‍ നെസര്‍ ആണ് പകരക്കാരന്‍. അതേസമയം നെസറിന് അന്തിമ ഇലവനിൽ ഇടം നേടാനാകുമോ എന്ന് വ്യക്തമല്ല.
സ്‌കോട്ട്‌ബോളൻഡ് പകരക്കാരനായേക്കും. ആഷസ് ടെസ്റ്റിന് മുന്നോടിയായി താരത്തിന് പരിപൂർണ വിശ്രമം അനുവദിക്കുകയാണെന്നാണ് ആസ്‌ട്രേലിയൻ ചീഫ് സെലക്ടർ ജോർജ് ബെയ്‌ലി വ്യക്തമാക്കുന്നത്. ഈ മാസം 16ന് എഡ്ജ്ബാസ്റ്റണിലാണ് ആഷസ് പരമ്പര ആരംഭിക്കുന്നത്. ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി മൂന്ന് മത്സരങ്ങളിലെ ഹേസിൽവുഡിന് കളിക്കാനായുള്ളൂ. പരിക്ക് വില്ലനായതോടെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് താരംവിട്ടുനിന്നു. ഫിറ്റ്‌നസ് വീണ്ടെടുക്കുന്ന മുറക്ക് താരത്തെ ടീമിലേക്ക് പരിഗണിക്കാനായിരുന്നു ആസ്‌ട്രേലിയൻ സെലക്ടർമാരുട തീരുമാനം.
കഴിഞ്ഞ മാസം 31 വരെ താരത്തിന് കളിക്കാനാകുമെന്നായിരന്നു പ്രതീക്ഷിച്ചിരുന്നത്. ശനിയാഴ്ച പരിശീലന സെക്ഷനിൽ മൂന്ന് സ്‌പെൽ താരം എറിഞ്ഞിരുന്നു. പിന്നാലെയാണ് പരമ്പരയിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപനം വരുന്നത്. ഇന്ത്യയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ നായകൻ പാറ്റ് കമ്മിൻസിന് രണ്ട് മത്സരങ്ങളിലെ കളിക്കാനായുള്ളൂ. വ്യക്തിപരമായ കാരണങ്ങളാൽ പിന്നീട് പിന്മാറി. അതേസമയം പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് പരിക്ക് മൂലം മിച്ചല്‍ സ്റ്റാര്‍ക്ക് പിന്മാറിയിരുന്നുവെങ്കിലും പിന്നീട് തിരിച്ചെത്തി.
തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ, ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ കലാശക്കളിക്ക് യോഗ്യത നേടുന്നത്. കഴിഞ്ഞ വർഷം ന്യൂസിലാൻഡ് ആയിരുന്നു ഇന്ത്യയുടെ എതിരാളി. അന്ന് തോൽക്കാനായിരുന്നു വിധി. ഒരുവർഷത്തിനിപ്പുറം വീണ്ടും ഫൈനലിനൊരുങ്ങുമ്പോൾ കിരീടം തന്നെയാണ് രോഹിത് ശർമ്മയും കൂട്ടരും ലക്ഷ്യമിടുന്നത്. അജിങ്ക്യ രഹാനെ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി എന്നിവരുടെ ബാറ്റിങിലാണ് ഇന്ത്യയുടെ പ്രതീക്ഷകൾ. മറുപുറത്ത് ആസ്‌ട്രേലിയയും മോശക്കാരല്ല.
Adjust Story Font
16