പഞ്ചാബിനോടേറ്റ തോൽവിക്ക് പിന്നാലെ രാജസ്ഥാന് തിരിച്ചടി: ബട്‌ലർ അടുത്ത മത്സരത്തിനില്ല
ബട്‌ലറുടെ ചെറുവിരലിൽ സ്റ്റിച്ചിടേണ്ടി വന്നുവെന്നാണ് രാജസ്ഥാൻ ടീം മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്.
ജോസ് ബട്ലര്‍
ഗുവാഹത്തി: പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ കൈവിരലിന് പരിക്കേറ്റ ഇംഗ്ലണ്ടിന്റെ രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്‌ലർക്ക് ഡൽഹി കാപിറ്റൽസിനെതിരായ അടുത്ത മത്സരം നഷ്ടമാകും. ശനിയാഴ്ച ഗുവാഹത്തിയിൽവെച്ച് വൈകീട്ട് 3.30നാണ് മത്സരം. ബട്‌ലറുടെ ചെറുവിരലിൽ സ്റ്റിച്ചിടേണ്ടി വന്നുവെന്നാണ് രാജസ്ഥാൻ ടീം മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്.
പരിക്കിനെ തുടർന്ന് പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ ഓപ്പണറുടെ റോളിൽ ബട്‌ലറെ കണ്ടില്ല. ആദ്യ വിക്കറ്റ് വീണതിന് ശേഷമാണ് ബട്‌ലർ ക്രീസിലെത്തിയത്. ആദ്യ മത്സരത്തിൽ തകർപ്പൻ അർധ സെഞ്ച്വറി കണ്ടെത്തിയ ബട്‌ലർ മികച്ച ഫോമിലായിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ പതിനൊന്ന് പന്തുകളുടെ ആയുസെ താരത്തിനുണ്ടായുള്ളൂ. ഒരോ വീതം സിക്‌സറും ബൗണ്ടറിയും പായിച്ച് 19 റൺസാണ് താരം നേടിയത്. മത്സരത്തിൽ അഞ്ച് റൺസിനായിരുന്നു രാജസ്ഥാന്റെ തോൽവി. ബട്‌ലർക്ക് പകരം രവിചന്ദ്ര അശ്വിനാണ് ഓപ്പണറുടെ റോളിൽ എത്തിയത്.
അതാവട്ടെ ക്ലിക്കായതുമില്ല. അക്കൗണ്ട് തുറക്കും മുമ്പെ അശ്വിനെ പഞ്ചാബ് ബൗളർമാർ പറഞ്ഞയച്ചു. പഞ്ചാബ് ബാറ്റർ ഷാറൂഖ് ഖാന്റെ ക്യാച്ച് എടുക്കുന്നതിനിടെയാണ് ബട്‌ലർക്ക് പരിക്കേൽക്കുന്നത്. ബൗണ്ടറി ലൈനിനരികിൽ ഫീൽഡ് ചെയ്യുകയായിരുന്ന ബട്‌ലർ, ഷാറൂഖ് ഉയർത്തിയടിച്ച പന്തിനായി ഓടിയടുക്കുകയും ഡൈവിലൂടെ പന്ത് കൈപ്പിടിയിലൊതുക്കുകയുമായിരുന്നു. ക്യാച്ചിന് ശേഷം വേദന കൊണ്ട് കൈ കുടയുന്ന ബട്‌ലറേയും കാണാമായിരുന്നു. ബട്‌ലറുടെ പരിക്കിന്റെ പിടിയിലാണെന്ന് നായകൻ സഞ്ജു സാംസൺ വ്യക്തമാക്കുകയും ചെയ്തു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ നേടിയത് നാല് വിക്കറ്റ് നഷ്ടത്തിൽ 197 റൺസ്. ഓപ്പണർമാരായ പ്രഭ്‌സിംറാൻ(60) ശിഖർ ധവാൻ(86) എന്നിവരുടെ ഇന്നിങ്‌സുകളാണ് പഞ്ചാബിന് മികച്ച സ്‌കോർ നേടിക്കൊടുത്തത്. മറുപടി ബാറ്റിങിൽ രാജസ്ഥാന്റെ ഇന്നിങ്‌സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 192 റൺസിൽ അവസാനിച്ചു. 42 റൺസ് നേടിയ സഞ്ജു സാംസണാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ.
Adjust Story Font
16