ഐ.പി.എൽ താര ലേലത്തിൽ നിലനിർത്താവുന്ന കളിക്കാർ; ഫ്രാഞ്ചൈസി യോഗത്തിൽ ഭിന്നത
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമ ഷാറൂഖ് ഖാനും പഞ്ചാബ് കിങ്‌സ് സഹ ഉടമ നെസ് വാഡിയയുമാണ് തർക്കത്തിൽ ഏർപ്പെട്ടത്.
മുംബൈ: കോടികളുടെ മണികിലുക്കമാണ് ഓരോ ഐ.പി.എൽ സീസണുകളും. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരും പ്രേക്ഷകരുമുള്ള ക്രിക്കറ്റ് ലീഗ്. 17 സീസൺ പൂർത്തിയാകുമ്പോൾ വിജയത്തിൽ നിന്ന് വിജയത്തിലേക്കുള്ള ജൈത്രയാത്ര. ഇന്ത്യൻ പ്രീമിയർ ലീഗ് പുതിയ എഡിഷന് ഇനിയും മാസങ്ങളുണ്ട്. എന്നാൽ കളിക്കാരുടെ കൂടുമാറ്റ ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് ഇപ്പോഴേ തുടങ്ങി കഴിഞ്ഞു. അടുത്ത സീസണിന് മുന്നോടിയായി മെഗാലേലം ഈ വർഷം അവസാനം നടക്കുമെന്നിരിക്കെ ഇന്നലെ ഫ്രാഞ്ചൈസി ഉടമകളുടെ യോഗം ബി.സി.സി.ഐ ഹെഡ്ക്വാട്ടേഴ്‌സിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെ സുപ്രധാന ചർച്ചകൾക്കും വഴിതുറന്നു.
ഐ.പി.എല്ലിൽ മെഗാ താരലേലത്തിൽ നിലനിർത്താവുന്ന താരങ്ങൾ എത്രയാക്കാം... ഫ്രാഞ്ചൈസി ഉടമകളുടെ യോഗത്തിൽ പ്രധാനമായും ചർച്ചയായത് ഇതേകുറിച്ചായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമ ഷാറൂഖ് ഖാനും സൺറൈസേഴ്‌സ് ഹൈദരാബാദ് ഉടമ കാവ്യ മാരനുമാണ് മെഗാലേലത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. 2024 സീസൺ ജേതാക്കളും റണ്ണേഴ്‌സപ്പുമായ ടീമുകളാണ് ഇക്കാര്യത്തിൽ ഒറ്റക്കെട്ടായതെന്ന പ്രത്യേകതയുമുണ്ട്. മെഗാ താരലേലം ടീമിന്റെ വിജയ കോമ്പിനേഷനെ തകർക്കുമെന്നതാണ് ഇവർ ചൂണ്ടിക്കാട്ടുന്ന പ്രധാന വിമർശനം. മികച്ചൊരു സ്‌ക്വാഡ് നിർമിച്ചെടുക്കാൻ വളരെയധികം സമയമെടുക്കും. യുവതാരങ്ങൾക്ക് തുടരെ അവസരം നൽകി ഉയർത്തികൊണ്ടുവരികയെന്നത് ദീർഘകാല പദ്ധതിയാണ്. ഇതിനിടെ കളിക്കാർ കൂട്ടത്തോടെ ചുവടുമാറുന്നത് പദ്ധതി തകിടം മറിയുന്നു.സുപ്രധാന താരങ്ങൾ മാറുന്നതോടെ ടീം ബ്രാൻഡിങിനേയും ബാധിക്കുന്നു. ഇരുവരും യോഗത്തിൽ വ്യക്തമാക്കി.
ഉന്നത ബി.സി.സി.ഐ വൃത്തങ്ങൾ നൽകുന്ന സൂചന പ്രകാരം യോഗത്തിൽ ഷാറൂഖ് ഖാനും പഞ്ചാബ് കിങ്‌സ് സഹ ഉടമ നെസ് വാഡിയയും തർക്കത്തിൽ ഏർപ്പെട്ടതായും പറയുന്നു. ഒരു ടീമിലെ എട്ട് കളിക്കാരെ വരെ നിലനിർത്താൻ ടീമുകളെ അനുവദിക്കണമെന്ന് ഷാരൂഖ് യോഗത്തിൽ ആവശ്യപ്പെട്ടപ്പോൾ നെസ് വാഡിയ ഇതിനെ എതിർത്തതാണ് ഇരുവരും തമ്മിലുള്ള വാക് പോരിന് കാരണമായത്. അതേസമയം, മെഗാലേലത്തിന് പകരം വർഷാ വർഷം നടക്കുന്ന മിനിലേലത്തെയാണ് ഭൂരിഭാഗം ഫ്രാഞ്ചൈസികളും പിന്തുണച്ചത്. മിനി ലേലമാകുമ്പോൾ ഓരോ ടീമിനും നിലനിർത്താവുന്ന കളിക്കാരുടെ എണ്ണം വർധിപ്പിക്കാനാകും.
കൂടുതൽ താരങ്ങളെ നിലനിർത്തണമെന്ന കൊൽക്കത്ത-ഹൈദരാബാദ് നീക്കത്തെ പ്രധാനമായും എതിർത്ത് രംഗത്തെത്തിയത് ഡൽഹി ഉടമ പാർത്ത് ജിൻഡാലായിരുന്നു. ഒരേടീമിനെ നിലനിർത്തുന്ന രീതിയെ അദ്ദേഹം എതിർത്തു. ഇത്തരം പ്രവണത ഐ.പി.എല്ലിന് ഗുണകരമാവില്ലെന്നും കൂടുതൽ മത്സരാധിഷ്ഠിതമാകാൻ മെഗാലേലം വേണമെന്നും ജിൻഡാൽ വാദിച്ചു. വിദേശ താരങ്ങൾ സീസണിനിടക്കുവെച്ച് മടങ്ങിപോകുന്ന സാഹചര്യം ഒഴിവാക്കണമെന്നും വിവിധ ഫ്രാഞ്ചൈസികൾ ആവശ്യപ്പെട്ടു. എന്തായാലും യോഗത്തിലുയർന്ന നിർദേശങ്ങൾ ബി.സി.സി.ഐ ഗവേണിങ് കൗൺസിലിന് കൈമാറുമെന്ന് ബി.സി.സി.ഐ അധികൃതർ വ്യക്തമാക്കി. കൊൽക്കത്ത ടീം പരിശോധിച്ചാൽ ദീർഘകാലമായി ഒരേടീമിനെ നിലനിർത്തിയാണ് അവർ മുന്നോട്ട് പോകുന്നത്. ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, വെങ്കിടേഷ് അയ്യർ, നിതീഷ് റാണ, വരുൺ ചക്രവർത്തി എന്നിവരെല്ലാം ദീർഘകാലമായി കെ.കെ.ആറിനൊപ്പമുള്ളവരാണ്. ചെന്നൈ സൂപ്പർ കിങ്‌സാണ് സമാനമായി ഒരേ ടീമിനെ നിലനിർത്തി വിജയം കൈവരിച്ച മറ്റൊരു ഫ്രാഞ്ചൈസി. എം.എസ് ധോണിയ്ക്ക് കീഴിൽ ഏറെകുറേ ഒരേ ടീമിനെയാണ് ദീർഘകാലം സി.എസ്.കെ നിലനിർത്തിയിരുന്നത്.
പുതിയ സീസണ് മുന്നോടിയായി പല ഫ്രാഞ്ചൈസികളിൽ നിന്നും പ്രധാന താരങ്ങൾ കൂടുമാറുമെന്നാണ് റിപ്പോർട്ടുകൾ. അതിൽ പ്രധാനി ഇന്ത്യൻ താരം രോഹിത് ശർമയാണ്. പോയ സീസണിൽ ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് നായകനായതോടെ ഹിറ്റ്മാൻ ടീം വിടുമെന്നതിൽ നേരത്തെതന്നെ സൂചനയുണ്ടായിരുന്നു. നിലവിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ക്യാപ്റ്റനായാണ് വെറ്ററൻ താരത്തെ പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്. ഫാഫ് ഡുപ്ലെസിസിന്റെ പകരക്കാരനായി കെ.എൽ രാഹുൽ പഴയതട്ടകമായ ആർ.സി.ബിയിലേക്കെത്തിയേക്കുമെന്നും പ്രചരമണമുണ്ട്. അടിമുടി മാറ്റത്തിനൊരുങ്ങുന്ന മറ്റൊരു ഫ്രാഞ്ചൈസി ഡൽഹി ക്യാപിറ്റൽസാണ്. ക്യാപ്റ്റൻ ഋഷഭ് പന്തിനെ നിലനിർത്തേണ്ടതില്ലെന്നാണ് ഫ്രാഞ്ചൈസി തീരുമാനം. പരിശീലക സ്ഥാനത്തുനിന്ന് റിക്കി പോണ്ടിങിനെ നേരത്തെ ഡൽഹി പുറത്താക്കിയിരുന്നു. നിലവിലെ ടീം ഡയറക്ടറായ സൗരവ് ഗാംഗുലി കോച്ചിങ് റോളിലേക്കെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
Adjust Story Font
16