തുടക്കത്തിൽ എറിഞ്ഞിട്ട് ഷമിയും സിറാജും: നാഗ്പൂരിൽ ആസ്‌ട്രേലിയ പേടിച്ചത് സംഭവിക്കുന്നു
ടോസ് നേടിയ ആസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ രണ്ട് പേർക്ക് അരങ്ങേറ്റമാണ്
മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്
നാഗ്പൂർ: ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്ന ബോർഡർ ഗവാസ്‌കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റിന് നാഗ്പൂരിൽ തുടക്കം. ടോസ് നേടിയ ആസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ രണ്ട് പേർക്ക് അരങ്ങേറ്റമാണ്. വിക്കറ്റ് കീപ്പറായി കെ.എൽ ഭരതും മധ്യനിരയിൽ സൂര്യകുമാർ യാദവുമാണ് അരങ്ങേറുന്നത്. മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്.
കളി തുടങ്ങി രണ്ടാം ഓവറിൽ തന്നെ ആസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മുഹമ്മദ് സിറാജിനായിരുന്നു വിക്കറ്റ്. മികച്ച ഫോമിലുള്ള ഉസ്മാൻ ഖവാജയാണ് പുറത്തായത്. നേരിട്ട മൂന്നാം പന്തിൽ ഖവാജ വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു. ഒരു റൺസാണ് ഖവാജ നേടിയത്. ആദ്യം അമ്പയർ ഔട്ട് അനുവദിച്ചില്ല. എന്നാൽ ആത്മവിശ്വാസത്തോടെ സിറാജ് തന്നെ റിവ്യു ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ അമ്പയർ തെറ്റ് തിരുത്തി.
മൂന്നാമത്തെ ഓവറിൽ വാർണറും പുറത്ത്. ആ ഓവറിലെ ഷമിയുടെ ആദ്യ പന്തിൽ വാർണറുടെ സ്റ്റമ്പ് പിഴുതു ഷമി. ഒരു ക്ലൂവും ഇല്ലാതെ പോയ പന്ത് വാർണറുടെ സ്റ്റമ്പ് ഇളക്കിയാണ് നിന്നത്. അഞ്ച് പന്തിൽ നിന്ന് ഒരു റൺസെ വാർണർക്ക് നേടാനായുള്ളൂ. ഇതോടെ ആദ്യ മൂന്ന് ഓവറുകൾക്കുള്ളിൽ തന്നെ ആസ്‌ട്രേലിയയുടെ രണ്ട് ഓപ്പണർമാരെയും പറഞ്ഞയച്ചു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തിൽ പത്ത് റൺസെന്ന നിലയിലാണ്.
മുഹമ്മദ് ഷമിയാണ് ആദ്യ ഓവർ എറിഞ്ഞത്. അതേസമയം ടെസ്റ്റ് ക്രിക്കറ്റിൽ സൂര്യകുമാറിന്റെ അരങ്ങേറ്റ മത്സരമാണ്. അതേസമയം ആസ്‌ട്രേലിയൻ ടീമിലും അരങ്ങേറ്റമുണ്ട്. സ്പിൻ ബൗളർ ടോഡ് മർഫിയാണ് ആസ്‌ട്രേലിയക്കായി അരങ്ങേറുന്നത്. അതേസമയം മികച്ച ഫോമിലുള്ള ട്രാവിസ് ഹെഡിന് പകരം പീറ്റർ ഹാൻഡ്‌സ്‌കോമ്പിന് അവസരം ലഭിച്ചു.
ഇന്ത്യന്‍ ടീം ഇങ്ങനെ: രോഹിത് ശർമ്മ(നായകന്‍), കെ.എൽ രാഹുൽ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രീകർ ഭരത്(വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്
ആസ്ട്രേലിയന്‍ ടീം ഇങ്ങനെ: ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയിന്‍, സ്റ്റീവൻ സ്മിത്ത്, മാറ്റ് റെൻഷോ, പീറ്റർ ഹാൻഡ്‌സ്‌കോംബ്, അലക്‌സ് കാരി(വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിൻസ്(നായകന്‍), നഥാൻ ലിയോൺ, ടോഡ് മർഫി, സ്‌കോട്ട് ബോലാൻഡ്
Adjust Story Font
16