ഐപിഎല്ലിൽ 'ലോർഡ് ഠാക്കൂറി'ന്റെ കംബാക്; ലേലത്തിൽ അവഗണിച്ചവർക്ക് മുന്നിൽ മാസ് എൻട്രി
ശർദുൽ ഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റ് കളിക്കാൻ തയാറെടുക്കുന്നതിനിടെയാണ് ലഖ്‌നൗ ടീം മെന്റർ സഹീർഖാന്റെ ഫോൺകോളെത്തിയത്.

ലോർഡ് ഠാക്കൂർ... സുഹൃത്തുക്കൾക്കിടയിൽ ഇങ്ങനെയൊരു വിളിപ്പേരുണ്ട് അയാൾക്ക്. ആ പേര് വെറുതെ ചാർത്തിക്കിട്ടിയതല്ല. ബാറ്റിങിലും ബൗളിങിലും നടത്തിയ ഉഗ്രൻ പ്രകടനമാണ് വർഷങ്ങൾക്ക് മുൻപ് ശർദുൽ ഠാക്കൂറിനെ ഇന്ത്യയുടെ ലോഡ് ഠാക്കൂറാക്കിയത്. 2001ൽ ഗാബയിൽ ആസ്ത്രേലിയക്കെരെ ഇന്ത്യയെ ഐതിഹാസിക വിജയത്തിലേക്ക് നയിച്ച ഓൾറൗണ്ട് പ്രകടനം, ഇതേ കാലയളവിൽ ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക പരമ്പരയിലെ നിർണായക റോൾ...ആ കാലത്ത് ഒട്ടേറെ അവിസ്മരണീയ മത്സരങ്ങളിൽ ഇന്ത്യയുടെ പ്രധാന ആയുധമായിരുന്നു ശർദുൽ. നേട്ടങ്ങളുടെ കൊടുമുടിയിലനിന്ന് പതിച്ച ശർദുലിനെയാണ് ആരാധകർ പിന്നീട് കണ്ടത്. പരിക്കും ഫോമില്ലായ്മയും അയാളുടെ കരിയറിനെ വിലങ്ങുതടിയാക്കി. പന്തിൽ പേസ് നഷ്ടമായിരിക്കുന്നു. വിക്കറ്റെടുക്കാനകാതെ മൈതാനത്ത് പല സമയങ്ങളിലും നിരായുധനായി. ഐപിഎല്ലിലടക്കം തല്ലുവാങ്ങുന്ന ബൗളറെന്ന ലേബലും ചാർത്തികിട്ടി. പോയ സീസണിൽ ഒൻപത് മത്സരങ്ങളിൽ നിന്നായി ആകെ നേടാനായത് വെറും അഞ്ച് വിക്കറ്റ്. 190 പന്തുകളിൽ നിന്ന് വഴങ്ങിയത് 309 റൺസ്. ബാറ്റിങിലും ഒന്നും ചെയ്യാനായില്ല. പതിയെ ഇന്ത്യൻ ക്രിക്കറ്റ് റഡാറിൽ നിന്ന് അയാൾ അപ്രത്യക്ഷമായി തുടങ്ങി
2025 ഐപിഎൽ ലേലം സൗദി അറേബ്യയിൽ അരങ്ങുതകർക്കുന്നു. ഫ്രാഞ്ചൈസികൾ ഓരോ താരത്തിനായും വാശീയോടെ വിളിച്ചു. എന്നാൽ അൺസോൾഡ് ലിസ്റ്റിൽ പ്രധാന പേരുകാരൻ ഠാക്കൂറായിരുന്നു. അയാൾക്കായി കൈയ്യുയർത്താൻ ഒരു ഫ്രാഞ്ചൈസിയും തയാറായില്ല. പോയ സീസണിൽ ഒപ്പംനിർത്തിയ ചെന്നൈ സൂപ്പർ കിങ്സും കൈവിട്ടു. എന്നാൽ വിട്ടുകൊടുക്കാൻ തയാറാകാതെ ഇന്ത്യൻ പേസർ നേരെ പോയത് മൈതാനത്തേക്കായിരുന്നു. പിന്നീട് കഠിനാദ്ധ്വാനത്തിന്റെ നാളുകൾ. തന്റെ പേസിനെ രാകിമിനുക്കി ആഭ്യന്തര ക്രിക്കറ്റിൽ ബൗൾ ചെയ്തുതുടങ്ങി. രഞ്ജി ട്രോഫിയിൽ മുംബൈക്കായി ഓൾറൗണ്ട് പ്രകടനം. 2024-25 സീസണിൽ 505 റൺസും 35 വിക്കറ്റുമായി ശക്തമായ കംബാക്. സെമിയിൽ വിർഭയോട് തോറ്റ് മുംബൈ പുറത്തായെങ്കിലും രണ്ടാം ഇന്നിങ്സിൽ 66 റൺസുമായി ഠാക്കൂർ വീരോചിതം പൊരുതി. വീണ്ടും ലോഡ് ഠാക്കൂറിന്റെ മിന്നലാട്ടങ്ങൾ ആരാധകർ കൺനിറയെ കണ്ടു.
പുതിയ സീസൺ ഐപിഎൽ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ലഖ്നൗ സൂപ്പർ ജയന്റ്സ് ക്യാമ്പിലൊരു പ്രതിസന്ധി ഉരുണ്ടുകൂടി. പരിക്ക് കാരണം പേസർ മൊഹ്സിൻ ഖാന് ടൂർണമെന്റ് നഷ്ടമാകുമെന്ന അവസ്ഥ. അതിവേഗക്കാരൻ മായങ്ക് യാദവ്, ആകാഷ് ദീപ് എന്നിവർക്ക് പുറമെ മറ്റൊരു ബൗളറെ കൂടി നഷ്ടമായതോടെ ലഖ്നൗ പേസ് നിര ശരാശരിക്കും ചുവടെയാണയി. ഈ സമയം എൽഎസ്ജി മെന്ററായ സഹീർഖാന്റെ മനസ്സിൽ ഠാക്കൂറിന്റെ മുഖം തെളിഞ്ഞു. ഉടനെ ഫോണിൽ വിളിച്ച് ഫ്രാഞ്ചൈസിയുടെ ഓഫർ മുന്നോട്ട്വെച്ചു. ഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റിനായുള്ള തയാറെടുപ്പിലായിരുന്നു ഠാക്കൂർ അപ്പോൾ. പ്ലാൻ മാറ്റി ലഖ്നൗവിലേക്ക് വണ്ടികയറാനായിരുന്നു ശർദുലിന്റെ തീരുമാനം
ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ രണ്ടുവിക്കറ്റ് പ്രകടനം. അശുതോഷ് ശർമയുടെ ഒറ്റയാൻ പോരാട്ടത്തിൽ ലാസ്റ്റ് ഓവർ ത്രില്ലറിൽ എൽഎസ്ജിക്ക് മത്സരം നഷ്ടമായെങ്കിലും 33 കാരൻ പേസർ കൈയ്യടി നേടി. രണ്ടാം മത്സരം ഹൈദരാബാദിനെതിരെ. ഠാക്കൂറിനും ലഖ്നൗവിനും റിയൽ ടെസ്റ്റ്്. കളി നടക്കുന്നത് ഓറഞ്ച് പടയുടെ ഹോംഗ്രൗണ്ടായ രാജീവ്ഗാന്ധി സ്റ്റേഡിയത്തിൽ. 250 റൺസൊക്കെ സാധാരണയായ ബൗളർമാരുടെ ശവപറമ്പ്. ആദ്യ മത്സരത്തിൽ രാജസ്ഥാനെതിരെ 286 റൺസിന്റെ ബെഞ്ച് മാർക്ക് സെറ്റ് ചെയ്ത ഹൈദരാബാദ് ലഖ്നൗവിനെതിരെ 300 എന്ന മാജിക്കൽ സഖ്യയിലേക്ക് ബാറ്റുവീശുമോ... മത്സരത്തിന് മുൻപായി സമൂഹ മാധ്യമങ്ങളിൽ നിറയെ മത്സരത്തിന് മുന്നോടിയായി ചർച്ച അരങ്ങുതകർത്തു. ലഖ്നൗ ബൗളിങ്നിരയുടെ ശക്തിയേയും പലരും സംശയ ദൃഷ്ടിയോടെയാണ് കണ്ടത്
ടോസ് ലഭിച്ചത് ഋഷഭ് പന്തിന്. രാജസ്ഥാനെതിരായ മത്സരം ഓർമയുണ്ടായിട്ടും ഹൈദരാബാദിനെ ബാറ്റിങിനയക്കാനുള്ള ധീരമായ തീരുമാനമാണ് ലഖ്നൗ ക്യാപ്റ്റൻ സ്വീകരിച്ചത്. ഹൈദരാബാദിനെതിരെ ലഖ്നൗവിനായി ആദ്യഓവർ എറിയാനെത്തിയത് ശർദുൽ ഠാക്കൂർ. ആദ്യ പന്തുതന്നെ അറ്റാക്ക് ചെയ്ത് ഹെഡ് ഇന്റന്റ് വ്യക്തമാക്കി. എന്നാൽ തന്റെ എക്സ്പീരിയൻസ് പ്രയോഗിച്ച് ശർദുൽ ഹെഡിന്റെ ബാറ്റിങ് കരുത്തിനെ തടഞ്ഞുനിർത്തി. ആ ഓവറിൽ എസ്ആർഎച്ചിന് സ്‌കോർബോർഡിൽ ചേർക്കാനായത് ആറു റൺസ് മാത്രം. ആവേശ്ഖാനും വലിയ പരിക്കില്ലാതെ രണ്ടാം ഓവർ അവസാനിപ്പിച്ചതോടെ സ്‌കോർ പ്രതീക്ഷിച്ചപോലെ വന്നില്ല. ഇതോടെ ശർദുലിന്റെ മൂന്നാംഓവർ ടാർഗെറ്റ് ചെയ്യാനായിരുന്നു അഭിഷേകിന്റെ തീരുമാനം. ആദ്യപന്തുതന്നെ പുൾഷോട്ടിന് ശ്രമിച്ച ഇടംകൈയ്യൻ ബാറ്റർക്ക് തെറ്റി. ഡീപ് ഫൈൽ ലെഗിൽ നിക്കോളാസ് പുരാന്റെ കൈകളിൽ അഭിഷേക് അവസാനിച്ചു. പോയ മാച്ചിൽ സെഞ്ച്വറി നേടിയ ഇശാൻ കിഷൻ തൊട്ടടുത്ത പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കൈകളിൽ. ബാക് ടു ബാക് വിക്കറ്റ്. ലഖ്നൗ ക്യാമ്പ് പ്ലാൻചെയ്തത് തന്നെ സംഭവിച്ചിരുന്നു
ഠാക്കൂർ തുടങ്ങിവെച്ചത് യങ് പേസർ പ്രിൻസ് യാദവും ആവേശ് ഖാനും രവി ബിഷ്ണോയിയും ദിഗ്വേഷുമെല്ലാം ഏറ്റെടുത്തതോടെ 300 സ്വപ്നംകണ്ട ഹൈദരാബാദിന് 200 പോലും തൊടാനായില്ല. ഒരു വിദേശ ബൗളർപോലുമില്ലാതെയാണ് വിസ്ഫോടന ബാറ്റിങ് നിരയെ വരിഞ്ഞ്മുറുക്കാൻ ലഖ്നൗവിന് സാധിച്ചത്. അതും ബാറ്റർമാരെ സ്വപ്നഭൂമിയായ ഉപ്പലിലെ രാജീവ്ഗാന്ധി മൈതാനത്ത്. '' ബാറ്റർമാർ ബൗളർമാരെ ശക്തമായി ആക്രമിക്കുന്നു. എന്തുകൊണ്ട് ഞങ്ങൾക്ക് തിരിച്ചും അതുതന്നെ ചെയ്തുകൂടാ''.. ഹൈദരാബാദിനെതിരെ ഞങ്ങൾ അവരെ അറ്റാക്ക് ചെയ്യുകയായിരുന്നു. മത്സരശേഷം ശർദുൽ ഠാക്കൂർ പറഞ്ഞത് ഇങ്ങനെയാണ്. മത്സരത്തിലെ 4 വിക്കറ്റ് നേട്ടത്തിലൂടെ 100 വിക്കറ്റെന്ന നാഴികക്കല്ലും അയാൾ സ്വന്തമാക്കി.
തിരിച്ചടികൾ ഉണ്ടാകും.. അതു കഴിഞ്ഞുള്ള തിരിച്ചുവരവാണ് പ്രധാനം. ആത്മവിശ്വാസം സ്ഫുരിക്കുന്നതാണ് അയാളുടെ വാക്കുകൾ. പോയകാല ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി പോരാടിയ ആ ഠാക്കൂറിന്റെ മിന്നലാട്ടങ്ങൾ. രണ്ട് മത്സരങ്ങളിൽ നിന്നായി ആറു വിക്കറ്റുമായി ഐപിഎൽ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാംസ്ഥാനത്ത്. സബ്സ്റ്റിറ്റിയൂട്ട് താരമായെത്തിയ ശർദുൽ ഇന്ന് ലഖ്നൗവിന്റെ ആദ്യ പേരുകാരനാണ്. ചില കംബാക്കുകൾ അങ്ങനെയാണ്.
Adjust Story Font
16