ലേലത്തിൽ ആളുമാറി ടീമിലെത്തി,നേരിട്ടത് ട്രോളുകൾ; ഒടുവിൽ ശശാങ്കിന്റെ അഡാർ മറുപടി
റാഷിദ്ഖാനും മോഹിത് ശർമ്മയും അടക്കമുള്ള ഡെത്ത് ഓവർ സ്‌പെഷ്യലിസ്റ്റുകളെ സധൈര്യം ഗ്യാലറിയിലെത്തിച്ച് ശശാങ്ക് സിങ് അർധ സെഞ്ച്വറി തികച്ചു.
ഐപിഎലിലിന്റെ താരലേലത്തിനിടെ വലിയ ചർച്ചയായ താരമാണ് ശശാങ്ക് സിങ്. ആഭ്യന്തര ക്രിക്കറ്റ് കളിച്ചുപരിചയമുള്ള 32 കാരനെ പഞ്ചാബ് കിങ്‌സ് ലേലത്തിൽ പിടിച്ചത് അടിസ്ഥാന വിലയായ 20 ലക്ഷത്തിനായിരുന്നു. മറ്റു ഫ്രാഞ്ചൈസികളിൽ നിന്ന് വെല്ലുവിളിയൊന്നുമില്ലാതെ അനായാസം ടീമിലെത്തിക്കാനുമായി. എന്നാൽ പിന്നീടാണ് പ്രീതി സിൻഡക്ക് അമളി പിടികിട്ടിയത്. ആളുമാറിപോയി. ഞങ്ങൾ ഉദ്ദേശിച്ച ശശാങ്ക് ഇതല്ല. ലേലത്തിലെടുത്ത താരത്തെ തിരിച്ചെടുക്കാനാവുമോയെന്ന് പഞ്ചാബ് മാനേജ്‌മെന്റ് പരസ്യമായി ചോദിക്കുകയും ചെയ്തു. എന്നാൽ അതു സാധ്യമല്ലെന്നായിരുന്നു ലേലം നടത്തിയ മല്ലികാ സാഗറിന്റെ മറുപടി. അങ്ങനെ മനസില്ലാമനസോടെ താരം പഞ്ചാബ് സ്‌ക്വാഡിൽ.
ഇതിനിടെ താരവും പഞ്ചാബും നേരിട്ടത് ട്രോളുകളുടെ ഘോഷയാത്രയായിരുന്നു. സമൂഹ മാധ്യമങ്ങളിലെ ഈ കളിയാക്കലുകൾക്ക് ചെവികൊടുക്കാൻ ഛത്തീസ്ഗഢ് താരത്തിന് സമയമുണ്ടായിരുന്നില്ല. തന്നെ ലേലത്തിൽ പിടിച്ച പഞ്ചാബിന് നന്ദി പറയുക മാത്രമാണ് ചെയ്തത്. കാര്യങ്ങൾ ഇത്രയും ആയ സ്ഥിതിക്ക് 17ാം സീസണിൽ പഞ്ചാബ് കിങ്‌സും തീരുമാനമെടുത്തു. ഞങ്ങൾക്ക് സംഭവിച്ചത് അബദ്ധമല്ലെന്ന് തെളിയിക്കണം. ഇതിനായി ശശാങ്കിൽ അവർ വിശ്വാസമർപ്പിച്ച് നിരന്തരം ടീമിൽ അവസരം നൽകി. നേരത്തെ സൺറൈസേഴ്‌സ് ഹൈദരാബാദ് താരത്തെ എടുത്തിരുന്നെങ്കിലും കളിക്കാൻ അവസരം നൽകിയിരുന്നില്ല.
ഒടുവിൽ സ്വന്തം തട്ടകമായ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ ശശാങ്കിന്റെ പ്രഹരം ശരിക്കും ശുഭ്മാൻഗിലും സംഘവുമറിഞ്ഞു. ആ അബദ്ധം അങ്ങനെ പഞ്ചാബ് കിങ്‌സിന് നേട്ടമായി. ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിങ്‌സിനായി ആറാമനായി ക്രീസിലിറങ്ങിയപ്പോൾ ലക്ഷ്യം ഒരുപാട് അകലെയായിരുന്നു. മോഹിത് ശർമ്മയയെന്ന പ്രധാന ബൗളർ ഈ സമയം ഒരോവർപോലും എറിഞ്ഞിരുന്നില്ല. എന്നാൽ റാഷിദ്ഖാനും മോഹിത് ശർമ്മയും അടക്കമുള്ള ഡെത്ത് ഓവർ സ്‌പെഷ്യലിസ്റ്റുകളെ സധൈര്യം ഗ്യാലറിയിലെത്തിച്ച് ശശാങ്ക് സിങ് അർധ സെഞ്ച്വറി തികച്ചു.
അവസാനംവരെ ക്രീസിൽ തുടർന്ന താരം വിജയശേഷം ഡഗൗട്ടിലേക്ക് ചൂണ്ടി നടത്തിയ ആഘോഷത്തിൽ എല്ലാമുണ്ടായിരുന്നു. ഇതുവരെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ കളിച്ചിട്ടില്ലാത്ത 19 കാരനായ ഓൾറൗണ്ടർ ശശാങ്ക് സിങിനെ ടീമിലെടുക്കാനായിരുന്നു പഞ്ചാബ് ശ്രമിച്ചിരുന്നത്. എന്നാൽ ആളുമാറി ലഭിച്ചത് 32 കാരനായ ഛത്തീസ്ഗഢ് താരം ശശാങ്ക് സിങിനെ. എന്തായാലും കോടികൾ വിലകൊടുത്ത താരങ്ങൾ നിരന്തരം പരാജയപ്പെടുമ്പോൾ 20 ലക്ഷം അടിസ്ഥാന വിലയിൽ ലഭിച്ച താരം തകർത്തടിക്കുന്നത് പഞ്ചാബിന് വലിയ ബോണസാണ്. നേരത്തെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയും താരം ഫിനിഷറുടെ റോളിൽ അവതരിച്ചിരുന്നു.
Adjust Story Font
16