ശ്രേയസ് അയ്യർക്ക് സർജറി, മൂന്നു മാസം അവധി; ഐ.പി.എല്ലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും നഷ്ടമാകും
താരത്തിന്റെ അഭാവം ഇന്ത്യൻ ക്രിക്കറ്റ് ടീമിനും കൊൽക്കത്ത നൈറ്റ് റൈഡഴ്‌സിനും തിരിച്ചടിയാകും
Shreyas Iyer
പുറത്തെ പരിക്ക് മൂലം ബുദ്ധിമുട്ടുന്ന ശ്രേയസ് അയ്യർക്ക് സർജറി. മൂന്നു മാസത്തോളം ചികിത്സക്കായി താരത്തിന് മാറിനിൽക്കേണ്ടി വരും. ഇതോടെ 2023 ഐ.പി.എൽ സീസൺ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ അയ്യർക്ക് പൂർണമായും നഷ്ടമാകും. ജൂണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പങ്കെടുക്കാനും താരത്തിന് കഴിയില്ല. മധ്യനിരയിൽ തരക്കേടില്ലാത്ത പ്രകടനം നടത്തുന്ന താരത്തിന്റെ അഭാവം ഇന്ത്യൻ ക്രിക്കറ്റ് ടീമിനും കൊൽക്കത്ത നൈറ്റ് റൈഡഴ്‌സിനും തിരിച്ചടിയാകും. അതേസമയം, ആർ.സി.ബിയുടെ രജത് പാട്ടിധാറിനും ഐ.പി.എൽ നഷ്ടമാകും. പരിക്ക് തന്നെയാണ് വില്ലൻ.
ആസ്‌ത്രേലിയയും ഇന്ത്യയും തമ്മിൽ നടന്ന നാലാമത്തേതും അവസാനത്തേതുമായ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ശ്രേയസ് അയ്യർ ടീമിലുണ്ടായിരുന്നുവെങ്കിലും ബാറ്റിംഗിനിറങ്ങിയിരുന്നില്ല. പുറംവേദനയെത്തുടർന്ന് അബ്സൻറ് ഹർട്ടായായിരുന്നു താരം. ആരോഗ്യവാനാണെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമി പ്രഖ്യാപിച്ചതിന് ശേഷം ഒരു മത്സരത്തിനിടെ വീണ്ടും പരിക്ക് പുറത്തുവന്ന കളിക്കാരുടെ നീണ്ട പട്ടികയിലെ ഏറ്റവും ഒടുവിലത്തെ ആളാണ് അയ്യർ.
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയും പരിക്കിനെത്തുടർന്ന് ശ്രേയസിന് നഷ്ടമായിരുന്നു. മാത്രമല്ല, പിന്നാലെ വന്ന ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനും ശ്രേയസ് ഉണ്ടായിരുന്നില്ല. എൻ.സി.എയിലെ 15 ദിവസത്തെ പരിചരണത്തിന് ശേഷമാണ് ഇന്ത്യൻ ടീമിനൊപ്പം ചേർന്നിരുന്നത്. പരിക്ക് പൂർണമായി മാറാതെ താരങ്ങൾ വീണ്ടും ടീമിലെത്തുന്നതായുള്ള മുൻ സെലക്ടർ ചേതൻ ശർമയുടെ വെളിപ്പെടുത്തൽ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാർ തങ്ങളുടെ കായികക്ഷമത തെളിയിക്കണമെന്ന് ബോർഡ് തീരുമാനിച്ചിരുന്നുവെങ്കിലും അയ്യരുടെ കാര്യത്തിൽ അത് പാലിച്ചിട്ടില്ല.
Shreyas Iyer will undergo surgery on his back injury. He will miss the IPL and Test Championship finals
Adjust Story Font
16