പ്രോട്ടീസ് പവറിൽ ശ്രീലങ്ക വീണു; ട്വന്റി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്ക് 6 വിക്കറ്റ് ജയം
നാല് വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കയുടെ ആന്റിച് നോർചെ കളിയിലെ താരമായി.
ന്യൂയോർക്ക്: ടി20 ലോകകപ്പിൽ ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്ക് വിജയ തുടക്കം. ബാറ്റർമാരുടെ ശവപറമ്പായ ന്യൂയോർക്കിലെ നസാവുകൗണ്ടി അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ഗ്രൂപ്പ് ഡി മത്സരത്തിൽ ശ്രീലങ്കയെ ആറു വിക്കറ്റിനാണ് തകർത്തത്. ശ്രീലങ്കയുടെ വിജയലക്ഷ്യമായ 78 റൺസ് 16.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു. 19 റൺസുമായി എൻറിച് ക്ലാസൻ പുറത്താകാതെനിന്നു. ക്ലിന്റൺ ഡി കോക്ക് 20 റൺസ് നേടി. സ്‌കോർ: ശ്രീലങ്ക 19.1 ഓവറിൽ 77ന് ഓൾഔട്ട്, ദക്ഷിണാഫ്രിക്ക 16.2 ഓവറിൽ 80-4. നാല് വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കയുടെ ആന്റിച് നോർചെ കളിയിലെ താരമായി. ട്വന്റി 20യിലെ ശ്രീലങ്കയുടെ ഏറ്റവും കുറഞ്ഞ ടോട്ടലാണിത്.
ആദ്യം ബാറ്റിങിനിറങ്ങിയ മുൻ ചാമ്പ്യൻമാരുടെ തുടക്കം മികച്ചതായില്ല. സ്‌കോർ ബോർഡിൽ 13 റൺസ് തെളിയുമ്പോൾ ഓപ്പണർ പതും നിസാങ്കയെ(3) നഷ്ടമായി. തുടർന്ന് കുഷാൻ മെൻഡിസ്-കമിൻഡു മെൻഡിസ് സഖ്യം പ്രതീക്ഷയോടെ മുന്നേറിയെങ്കിലും ഇരട്ട പ്രഹരവുമായി നോർജെ പ്രോട്ടീസിനെ കളിയിലേക്ക് കൊണ്ടുവന്നു. കുശാൽ മെൻഡിസ്(19) റൺസുമായി ടോപ് സ്‌കോററായി. കമിൻഡു മെൻഡിസ്(11) റൺസെടുത്തു. ക്യാപ്റ്റൻ വസിന്ദു ഹസരംഗ(0) പുറത്തായി. സമരവിക്രമ (0), അസലങ്ക (6), ദസുൻ ഷനക (9), മഹേഷ് തീക്ഷണ (7*), പതിരണ (0), തുഷാര (0) എന്നിവരാണ് മറ്റു സ്‌കോറർമാർ. 10 ഓവറിൽ 40-5 എന്ന നിലയിലായിരുന്നു ശ്രീലങ്ക.
മറുപടി ബാറ്റിങിൽ ദക്ഷിണാഫ്രിക്കക്കും മോശം തുടക്കമായിരുന്നു. സ്‌കോർ 10ൽ നിൽക്കെ റീസ ഹെന്റിചിനെ(4) നഷ്ടമായി. ക്യാപ്റ്റൻ എയ്ഡൻ മാർക്രം(12), ട്രിസ്റ്റൻ സ്റ്റബ്‌സ്(13), ക്വിന്റൻ ഡികോക്(20) എന്നിവരും വേഗത്തിൽ മടങ്ങിയതോടെ ഒരുവേള ശ്രീലങ്ക പിടിമുറുക്കി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ഹെന്റിച് ക്ലാസൻ(19), ഡേവിഡ് മില്ലർ(6) കൂട്ടുകെട്ട് ടീമിനെ വിജയത്തിലെത്തിച്ചു. ശ്രീലങ്കക്കായി ഹസരംഗ രണ്ട് വിക്കറ്റ് വീഴ്ത്തി.
Adjust Story Font
16