പ്രളയത്തിനിടയിലും ഫുട്ബോൾ; പ്രതിഷേധവുമായി ലാലിഗ പരിശീലകർ
മാഡ്രിഡ്: സ്പെയിനിൽ പ്രളയക്കെടുതികൾ തുടരുന്നതിനിടയിലും ലാലിഗ ഫുട്ബോൾ മത്സരങ്ങൾ നടത്തുന്നതിനെതിരെ പ്രതിഷേധവുമായി പരിശീലകർ. ബാർസലോണ പരിശീലകൻ ഹാൻസി ഫ്ലിക്ക്, റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി, അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ ഡിയഗോ സിമിയോണി അടക്കമുള്ളവരാണ് പ്രതിഷേധം അറിയിച്ചത്.
‘‘കളി നടത്തുന്നതിൽ യുക്തിയില്ല. ജനങ്ങൾക്ക് വളരെ മോശം അവസ്ഥയുള്ളപ്പോഴും കളി നടത്തുന്നതിൽ സങ്കടമുണ്ട്. അവർ തുടരാൻ പറഞ്ഞതുകൊണ്ടാണ് ഞങ്ങളിത് ചെയ്യുന്നത്’’ -അത്‍ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ ഡിയഗോ സിമിയോണി പ്രതികരിച്ചു.
‘‘ഈ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ കളി സസ്പെൻഡ് ചെയ്യുമായിരുന്നു. കാരണം സ്പെയിനിനും വലൻസ്യക്കും ഇതൊരു ദുരന്ത സമയമാണ്. ആ മേഖലയിൽ നിന്നുള്ളവരോട് ഞങ്ങൾ സംസാരിക്കുന്നുണ്ട്. ഫെറൻ ടോറസ് അവിടുത്തുകാരനാണ്. കളി തുടരണോ വേണ്ടയോ എന്നത് ഒരു ബുദ്ധിമുട്ടേറിയ തീരുമാനമാണ്. സഹായത്തിനായി ഞങ്ങൾക്കാകുന്നതെല്ലാം ചെയ്യും. ബാക്കിയുള്ളത് തീരുമാനിക്കേണ്ടത് ലാലിഗയാണ്’’ -ഹാൻസി ഫ്ലിക്ക് പ്രതികരിച്ചു.
ബുധനാഴ്ച നടക്കുന്ന റയൽ മാഡ്രിഡ് എ.സി മിലാൻ മത്സരത്തിന് മുന്നോടിയായി വാർത്ത സമ്മേളനത്തിന് വന്ന റയൽ മാഡ്രിഡ് കോച്ച് കാർലോ ആഞ്ചലോട്ടിയുടെ പ്രതികരണം ഇങ്ങനെ. ‘‘എല്ലാവരോടുമുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടുതന്നെ പറയട്ടെ. ഈ പത്രസമ്മേളനം പരമാവധി ചുരുക്കും. കാരണം ഈ സമയത്ത് ഫുട്ബോൾ ചർച്ച ചെയ്യുന്നത് ശരിയല്ല. എന്നെ സംബന്ധിച്ച് നാളെ നടക്കുന്നത് ഒരു സ്പെഷ്യൽ മാച്ചാണ്. പരമാവധി കുറച്ച് സംസാരിക്കാനാണ് ഞാൻ ശ്രമിക്കുന്നത്’’.
വലൻസ്യ മേഖലയിലെ പ്രളത്തിന് പിന്നാലെ ബാഴ്സലോണ മേഖലയിലും മഴ കനക്കുകയാണ്. പ്രളയത്തിൽ ഇതിനോടകം തന്നെ 217 പേർ പ്രളയക്കെടുതികളിൽ മരണപ്പെട്ടിട്ടുണ്ട്.
Adjust Story Font
16