ഹൈദരാബാദിന് നോബോൾ അനുവദിച്ചില്ല; ലഖ്‌നൗ ഡഗ്ഗൗട്ടിലേക്ക് വസ്തുക്കൾ വലിച്ചെറിഞ്ഞ് കാണികൾ, മത്സരം തടസ്സപ്പെട്ടു
ലഖ്‌നൗ സൂപ്പർ ജയൻറ്‌സിന്റെ മെൻറർ ഗൗതം ഗംഭീറിനെ പ്രകോപിപ്പിക്കാൻ ചില കാണികൾ 'കോഹ്‌ലി... കോഹ്‌ലി' വിളികളുയർത്തി
ഹൈദരാബാദ്: ലഖ്‌നൗ സൂപ്പർ ജയൻറ്‌സിനെതിരെയുള്ള ഐ.പി.എൽ മത്സരത്തിൽ ഹൈദരാബാദ് സൺറൈസേഴ്‌സിന് നോബോൾ അനുവദിക്കാത്തതിനെ തുടർന്ന് കാണികളുടെ പ്രതിഷേധം. ഹൈദരാബാദ് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയൻറ്‌സിന്റെ ഡഗ്ഗൗട്ടിലേക്ക് പലതും വലിച്ചെറിഞ്ഞാണ് കാണികൾ പ്രതിഷേധിച്ചത്. ഇതോടെ പത്ത് മിനിട്ടോളം മത്സരം തടസ്സപ്പെട്ടു. ലഖ്‌നൗ താരങ്ങളും സ്റ്റാഫും കൂടി നിന്നതോടെ ഫീൽഡ് അംപയർമാർ ഇടപെട്ടു.
നട്ടുകളും ബോൾട്ടുകളുമാണ് കാണികൾ വലിച്ചെറിഞ്ഞതെന്നാണ് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്നാൽ ചില വസ്തുക്കൾ വലിച്ചെറിഞ്ഞതായി കമന്റേൻറമാർ പറഞ്ഞു.
ലഖ്‌നൗ ബൗളർ ആവേശ് ഖാനെറിഞ്ഞ 19ാം ഓവറിനിടയിലാണ് സംഭവം നടന്നത്. അബ്ദുസമദിരെയുള്ള ബീമറിൽ അംപയർ നോബോൾ വിളിച്ചില്ല. തുടർന്ന് സൺറൈസേഴ്‌സ് റിവ്യൂ ആവശ്യപ്പെട്ടു. പരിശോധനയിൽ നോബോളാണെന്ന് തെളിഞ്ഞെങ്കിലും തേർഡ് അംപയർ ഫെയർ ഡെലിവറിയാണെന്ന് വിധിച്ചു. ഇതോടെ ക്ലാസൻ അംപയർമാരോട് തന്റെ അനിഷ്ടം പ്രകടിപ്പിച്ചു. ബാറ്റിംഗിന്റെ ഒഴുക്ക് തടഞ്ഞ ആരാധകരുടെ പ്രതികരണത്തെയും അംപയറിങ്ങിനെയും ബാറ്റിംഗിന് ശേഷവും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, അടുത്തിടെ വിരാട് കോഹ്‌ലിയുമായി വഴക്കിട്ട ലഖ്‌നൗ സൂപ്പർ ജയൻറ്‌സിന്റെ മെൻറർ ഗൗതം ഗംഭീറിനെ പ്രകോപിപ്പിക്കാൻ ചില കാണികൾ 'കോഹ്‌ലി... കോഹ്‌ലി' വിളികളുയർത്തി. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് 182 റൺസാണ് നേടാനായത്. ആറു വിക്കറ്റ് നഷ്ടത്തിലാണ് ടീം ലഖ്‌നൗവിന് 183 റൺസിന്റെ വിജയലക്ഷ്യം മുന്നോട്ട് വെച്ചത്. ഹെൻട്രിച്ച് ക്ലാസൻ (47), അൻമോൾപ്രീത് സിംഗ് (36), അബ്ദു സമദ് (37), എയ്ഡൻ മർക്രം (28) തുടങ്ങിയവരാണ് ഹൈദരാബാദിനായി പൊരുതിയത്. ഓപ്പണർ അഭിഷേക് ശർമ(7) യും ഗ്ലെൻ ഫിലിപ്പും (0) പെട്ടെന്ന് പുറത്തായപ്പോൾ രാഹുൽ ത്രിപാതി (20) റൺസ് നേടി. രണ്ട് വിക്കറ്റ് വീഴ്ത്തിയ നായകൻ ക്രുണാൽ പാണ്ഡ്യയാണ് ലഖ്‌നൗവിനായി ബൗളിംഗിൽ തിളങ്ങിയത്. യുദ്ധ്‌വീർ സിംഗ്, ആവേശ് ഖാൻ, യാഷ് താക്കൂർ, അമിത് മിശ്ര എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ഒമ്പതാം സ്ഥാനത്തുള്ള ഹൈദരാബാദിന്റെ പ്ലേഓഫ് സ്വപ്നങ്ങൾ ഏറെക്കുറെ അസ്തമിച്ച മട്ടാണ്. എന്നാൽ അഞ്ചാം സ്ഥാനത്തുള്ള ലഖ്‌നൗ വിജയം നേടി അടുത്ത റൗണ്ടിലേക്ക് കടക്കാനുള്ള തീവ്രശ്രമത്തിലാണ്. എന്നാൽ നായകൻ കെ.എൽ രാഹുലിന്റെ അസാന്നിധ്യം ലഖ്‌നൗവിന് തിരിച്ചടിയാണ്.
ഐ.പി.എല്ലിൽ ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിംഗ്‌സിനെ നേരിടും. പോയിൻറ് പട്ടികയിൽ ഡൽഹി പത്താമതും പഞ്ചാബ് എട്ടാമതുമാണുള്ളത്.
Hyderabad Sunrisers were denied the noball; Spectators threw objects into the Lucknow Supergiants dugout and disrupted the match.
Adjust Story Font
16