Quantcast

ഇംപാക്ട് പ്ലെയറായി വന്ന് കളി തിരിച്ച് ശ്രീശാന്ത്: തകർപ്പൻ ജയം

മത്സരത്തില്‍ ശ്രീശാന്തിന്റെ ടീമായ ഹരാരെ ഹറിക്കെയ്ന്‍സ് തകര്‍പ്പന്‍ ജയം സ്വന്തമാക്കി

MediaOne Logo

Web Desk

  • Published:

    26 July 2023 12:23 PM GMT

ഇംപാക്ട് പ്ലെയറായി വന്ന് കളി തിരിച്ച് ശ്രീശാന്ത്: തകർപ്പൻ ജയം
X

ഹരാരെ: സിം ആഫ്രോ ടി10 ക്രിക്കറ്റ് ലീഗിൽ തകർപ്പന്‍ പ്രകടനവുമായി മുൻ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത്. മത്സരത്തില്‍ ശ്രീശാന്തിന്റെ ടീമായ ഹരാരെ ഹറിക്കെയ്ന്‍സ് തകര്‍പ്പന്‍ ജയം സ്വന്തമാക്കി. കേപ്‌ടൗൺ സാം ആർമിക്കെതിരെയായിരുന്നു ശ്രീശാന്തിന്റെ പ്രകടനം.

10 ഓവറില്‍ 116 വിജയലക്ഷ്യം പിന്തുടര്‍ന്ന കേപ്‌ടൗൺ സാം ആർമിക്ക് അവസാന ഓവറില്‍ ജയിക്കാന്‍ എട്ട് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഇംപാക്ട് പ്ലേയറായി അവസാന ഓവര്‍ എറിയാനിറങ്ങിയ ശ്രീശാന്ത് ഏഴ് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയതോടെ മത്സരം ടൈ ആയി. പിന്നീട് നടന്ന സൂപ്പര്‍ ഓവറിലാണ് ഹരാരെ ഹറിക്കെയ്ന്‍സ് ജയിച്ചു കയറിയത്.

ശ്രീശാന്ത് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽതന്നെ അഫ്ഗാൻ താരം കരിം ജന്നത്തിനെ ക്ലീൻ ബൗൾഡാക്കിയ ശ്രീശാന്ത് ഗംഭീരമായിട്ടാണ് തുടങ്ങിയത്. രണ്ടാം പന്തിൽ ഒരു റൺസ്. മൂന്നാം പന്ത് എഡ്ജെടുത്ത് തേഡ് മാനിൽ ബൗണ്ടറി. അതോടെ കേപ്‌ടൗൺ സാം ആർമിക്ക് വിജയപ്രതീക്ഷയായി. നാലാം പന്തിൽ ലെഗ് ബൈ ആയി. അഞ്ചാം പന്തിൽ റണ്ണൗട്ടിലൂടെ സമ്മർദ്ദം സൃഷ്ടിക്കാനും ശ്രീശാന്തിന് സാധിച്ചു. ഇതോടെ അവസാന പന്തിൽ ജയിക്കാൻ 2 റൺസ്. ഒരു സമ്മർദ്ദവും ഇല്ലാതെ പന്തെറിഞ്ഞ ശ്രീശാന്ത് ഒരു റൺ മാത്രം വഴങ്ങി. അതോടെ മത്സരം സമനിലയിലായി.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത കേപ്‌ടൗണ്‍ സാം ആര്‍മി ഒരു വിക്കറ്റ് നഷ്ടത്തില്‍ ഏഴ് റണ്‍സെടുത്തപ്പോള്‍ എട്ട് റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ ഹരാരെ ഹറിക്കെയ്ന്‍സ് ഒരു പന്ത് ശേഷിക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

ആദ്യ ബോളിൽ തന്നെ മിന്നുന്ന പ്രകടനത്തോടെ തിരിച്ചുവരവ് നടത്തിയ ശ്രീശാന്തിനെ ഹരാരെ ഹരിക്കൻസ് ഉടമ സോഹൻ റോയ് അഭിനന്ദിച്ചു. ഈ മത്സരത്തിന്റെ ഫലം മാറ്റിയെഴുതിയത് ശ്രീശാന്തായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മികച്ച ശാരീരിക ക്ഷമതയും ഓരോ ബോളിലും തന്റേതായ കയ്യൊപ്പും കാഴ്ചവച്ചുകൊണ്ട് സ്റ്റേഡിയത്തെ ഉത്സവസമാനമാക്കാൻ ശ്രീശാന്തിന് സാധിച്ചു. ടീമിന്റെ അഭിമാനമാണ് ഈ കളിക്കാരനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story