Quantcast

വമ്പനടിയുമായി സ്റ്റോയിനിസ്: ശ്രീലങ്കയെ തകർത്ത് ആസ്‌ട്രേലിയ

ശ്രീലങ്ക ഉയർത്തിയ 158 എന്ന വിജയലക്ഷ്യം 16.3 ഓവറിൽ വെറും മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെടുത്തി ആസ്‌ട്രേലിയ മറികടന്നു.

MediaOne Logo

Web Desk

  • Published:

    25 Oct 2022 3:18 PM GMT

വമ്പനടിയുമായി സ്റ്റോയിനിസ്: ശ്രീലങ്കയെ തകർത്ത് ആസ്‌ട്രേലിയ
X

പെർത്ത്: നിർണായക മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ആസ്‌ട്രേലിയക്ക് ജയം. ഏഴ് വിക്കറ്റിനാണ് കംഗാരുപ്പടയുടെ ജയം. ശ്രീലങ്ക ഉയർത്തിയ 158 എന്ന വിജയലക്ഷ്യം 16.3 ഓവറിൽ വെറും മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെടുത്തി ആസ്‌ട്രേലിയ മറികടന്നു. 18 പന്തിൽ 59 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസിന്റെ പ്രകടനമാണ് ആസ്‌ട്രേലിയക്ക് വിജയം എളുപ്പമാക്കിയത്.

ആറ് സിക്‌സറും നാല് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു സ്റ്റോയിനിസിന്റെ ഇന്നിങ്‌സ്. മറുപടി ബാറ്റിങിൽ ആസ്‌ട്രേലിയക്ക് മികച്ച തുടക്കം ലഭിച്ചില്ല. ടീം സ്‌കോർ 26ൽ നിൽക്കെ ഡേവിഡ് വാർണറെ ശനക പറന്നു പിടികൂടി. പതിനൊന്ന് റൺസായിരുന്നു വാർണർ നേടിയത്. നായകൻ ആരോൺ ഫിഞ്ച് 32 റൺസ് നേടി പുറത്താകാതെ നിന്നു. മിച്ചൽ മാർഷ്(17)ഗ്ലെൻ മാക്‌സ്‌വെൽ(23) എന്നിവർ പുറത്തായതിന് പിന്നാലെയാണ് സ്റ്റോയിനിസിന്റെ വെടിക്കെട്ട് ബാറ്റിങ്.

പന്തെറിഞ്ഞ ശ്രീലങ്കൻ ബൗളർമാരെല്ലാം തല്ലുവാങ്ങി. മൂന്ന് ഓവർ എറിഞ്ഞ വാനിഡു ഹസരങ്ക 53 റൺസാണ് വിട്ടുകൊടുത്തത്. ടോസ് നേടിയ ആസ്‌ട്രേലിയ, ലങ്കയെ ബാറ്റിങിന് ക്ഷണിക്കുകയായിരുന്നു. ടീം സ്‌കോർ 6ൽ നിൽക്കെ ഓപ്പണർ കുശാൽ മെൻഡിസിനെ കമ്മിൻസ് പറഞ്ഞയച്ചു. രണ്ടാം വിക്കറ്റിൽ നേടിയ 75 റൺസാണ് ലങ്കയക്ക് ജീവൻ നൽകിയത്. പതും നിസങ്ക(40) ആണ് അവരുടെ ടോപ് സ്‌കോറർ. ദനജ്ഞയ ഡിസൽവെ (26) അസലങ്ക(38) എന്നിവരും ടീം ഇന്നിങ്‌സിൽ സംഭാവന ചെയ്തു.

ആസ്‌ട്രേലിയക്കായി ഹേസിൽവുഡ്, കമ്മിൻസ്, സ്റ്റാർക്ക്, ആഗർ, മാക്‌സ് വെൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. മധ്യഓവറുകളിൽ ലങ്കയെ പിടിച്ചുകെട്ടിയതാണ് ആസ്‌ട്രേലിയക്ക് കാര്യങ്ങൾ എളുപ്പമായത്. ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനോട് തോറ്റ ആസ്‌ട്രേലിയക്ക് ലങ്കയ്‌ക്കെതിരായ വിജയം ആശ്വാസമായി.

TAGS :

Next Story