"അയാൾക്കു പകരം മറ്റൊരാളെ പരീക്ഷിക്കൂ"; ഇന്ത്യൻ ബൗളറെ മാറ്റാൻ ആവശ്യപ്പെട്ട് സുനിൽ ഗവാസ്‌കർ
ആദ്യ ഏകദിനത്തിൽ 64 റൺസും രണ്ടാം ഏകദിനത്തിൽ 67 റൺസും വിട്ടു നൽകിയ താരത്തിന് വിക്കറ്റ് ഒന്നും നേടാനായിരുന്നില്ല.
ഇന്ത്യൻ പേസ് ബൗളർ ഭുവനേശ്വർ കുമാറിനെ മാറ്റി മറ്റൊരാളെ പരീക്ഷിക്കാൻ ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നും രണ്ടും ഏകദിനങ്ങളിൽ ഭുവനേശ്വർ കുമാറിന് പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. ഭുവനേശ്വറിന് പകരം യുവ താരം ദീപക് ചഹാറിന് അവസരം നല്‍കണമെന്നാണ് ഗവാസ്‌കർ പറയുന്നത്. ആദ്യ ഏകദിനത്തിൽ 64 റൺസും രണ്ടാം ഏകദിനത്തിൽ 67 റൺസും വിട്ടു നൽകിയ ഭുവനേശ്വറിന് വിക്കറ്റ് ഒന്നും നേടാനായിരുന്നില്ല.
"ഭുവി ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകളെ ഞാൻ വിസ്മരിക്കുന്നില്ല. അദ്ദേഹത്തിന്‍റെ യോർക്കറുകൾ എതിർ ടീം ബാറ്റർമാരെ കുഴക്കുന്നവയാണ്. പക്ഷെ ഇപ്പോൾ അദ്ദേഹത്തിന് ആ പ്രകടനം പുറത്തെടുക്കാൻ കഴിയുന്നില്ലെന്നതാണ് യാഥാർത്ഥ്യം. എതിരാളികൾ അദ്ദേഹത്തിന്റെ പന്തുകളെ നേരിടാൻ പഠിച്ചിരിക്കുന്നു. ഭുവിക്ക് പകരം മറ്റൊരാളെക്കുറിച്ചു ചിന്തിക്കാൻ സമയമായി. ദീപക് ചഹാറിനെ മൂന്നാം ഏകദിനത്തിൽ പരീക്ഷിക്കുന്നത് ഉചിതമാവും. അദ്ദേഹത്തിന് ബൗളിങിലും ബാറ്റിങിലും തിളങ്ങാനാവും"- ഗവാസ്‌കർ പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പരാജയത്തിന് പിറകെ ഏകദിന പരമ്പരയും ഇന്ത്യ കൈവിട്ടിരുന്നു. ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യ ആശ്വാസ ജയം തേടി ഇന്നിറങ്ങും.
Adjust Story Font
16