ഐപിഎല്ലും മതിയാക്കി സുരേഷ് റെയ്‌ന; പിന്നില്‍....
വിദേശ ലീഗുകളിൽ കളിക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ അഭ്യന്തര ക്രിക്കറ്റിൽ നിന്നും ഐപിഎല്ലിൽ നിന്നും കൂടി വിരമിച്ചതെന്നാണ് സൂചന
ന്യൂഡല്‍ഹി: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചതായി ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. നേരത്തെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് സുരേഷ് റെയ്‌ന വിരമിച്ചിരുന്നു. എന്നാല്‍ ഐപിഎല്ലിലും ആഭ്യന്തര മത്സരങ്ങളിലും ഭാഗമാകുമെന്നും സുരേഷ് റെയ്‌ന പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഐപിഎല്ലും മതിയാക്കുകയാണ് സുരേഷ് റെയ്‌ന.
വിദേശ ലീഗുകളിൽ കളിക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ അഭ്യന്തര ക്രിക്കറ്റിൽ നിന്നും ഐപിഎല്ലിൽ നിന്നും കൂടി വിരമിച്ചതെന്നാണ് സൂചന. ആഭ്യന്തര മത്സരങ്ങളില്‍ നിന്നും വിരമിക്കാത്തവര്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ ബിസിസിഐ അനുമതി നല്‍കാറില്ല. ബിസിസിഐയുടെ അനുമതിയില്ലാതെ വിദേശ ലീഗുകളില്‍ കളിക്കുകയാണെങ്കില്‍ പിന്നീട് ആ താരത്തിന് ക്രിക്കറ്റ് ബോര്‍ഡിന്റെ ആനുകൂല്യങ്ങളെല്ലാം നഷ്ടമാകും.
ഇതേതുടര്‍ന്ന് അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് വിദേശ ലീഗുകളില്‍ കളിച്ചിട്ടുള്ളത്. ഇന്ത്യയ്ക്കുവേണ്ടി 18 ടെസ്റ്റുകളും 226 ഏകദിനങ്ങളും 78 ടി20 മത്സരങ്ങളും റെയ്‌ന കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 5615 റണ്‍സും ടെസ്റ്റില്‍ നിന്നും 1605 റണ്‍സും നേടി. ഐപിഎല്ലില്‍ 205 കളികളില്‍ നിന്നും 5528 റണ്‍സാണ് സമ്പാദ്യം. ഇതില്‍ 4,687 റണ്‍സും ചെന്നൈയ്ക്ക് വേണ്ടിയാണ് നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്നു ഫോര്‍മാറ്റിലും സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് റെയ്‌ന.
ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം നാല് തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടവും സ്വന്തമാക്കി. അതേസമയം സെപ്റ്റംബര്‍ 10 മുതല്‍ റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ സുരേഷ് റെയ്‌ന കളിക്കും.
Adjust Story Font
16