തകർപ്പൻ സെഞ്ച്വറിയോടെ ടി20യിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി സൂര്യകുമാർ യാദവ്
ടി20 ക്രിക്കറ്റില്‍ ഏറ്റവും വേഗം 1500 റണ്‍സ് നേടിയ താരമെന്ന ബഹുമതിയാണ് സൂര്യകുമാര്‍ നേടിയത്
രാജ്കോട്ട്: ശ്രീലങ്കക്കെതിരായ മൂന്നാം ടി20ലെ തകർപ്പൻ സെഞ്ച്വറിയോടെ പുതിയ റെക്കോഡ് സ്വന്തമാക്കി സൂര്യകുമാർ യാദവ്. ടി20 ക്രിക്കറ്റില്‍ ഏറ്റവും വേഗം 1500 റണ്‍സ് നേടിയ താരമെന്ന ബഹുമതിയാണ് സൂര്യകുമാര്‍ നേടിയത്. ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ നാഴികക്കല്ലിലെത്താൻ 843 പന്തുകൾ മാത്രമാണ് സൂര്യകുമാർ യാദവ് എടുത്തത്.
150 ലേറെ സ്‌ട്രൈക്ക് റേറ്റില്‍ 1500 റണ്‍സ് നേടുന്ന ലോകത്തെ ആദ്യ താരവും സൂര്യകുമാറാണ്. ടി20യില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് സൂര്യകുമാര്‍ യാദവ്. 45 അന്താരാഷ്ട്ര ടി-20 മത്സരങ്ങളിൽ നിന്ന് 46.41 ശരാശരിയിലാണ് സൂര്യകുമാർ 1578 റൺസ് നേടിയത്. 2022ൽ ഇംഗ്ലണ്ടിനെതിരെ നേടിയ 117 റൺസാണ് ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ.
ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ്‌ലി, കെ.എല്‍ രാഹുല്‍, ആസ്‌ട്രേലിയന്‍ മുന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്, പാകിസ്താന്‍ നായകന്‍ ബാബര്‍ അസം എന്നിവര്‍ 39 ഇന്നിംഗ്‌സുകളില്‍ നിന്നും 1500 റണ്‍സ് നേട്ടം സ്വന്തമാക്കിയിരുന്നു. അന്താരാഷ്ട്ര ടി-20യിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന റെക്കോഡും സൂര്യകുമാർ സ്വന്തമാക്കി. വെറും 45 പന്തിൽ നിന്നാണ് സൂര്യകുമാർ 100 തികച്ചത്. 2017ൽ ശ്രീലങ്കക്കെതിരെ 35 പന്തിൽ സെഞ്ച്വറി അടിച്ച നായകൻ രോഹിത് ശർമയാണ് ഒന്നാം സ്ഥാനത്ത്.
അന്താരാഷ്ട്ര ടി-20യിൽ ഏറ്റവും കൂടുതൽ സെഞ്ച്വറിയടിച്ച താരങ്ങളിൽ രണ്ടാം സ്ഥാനവും സ്കൈ നേടി. നാല് സെഞ്ച്വറികളുമായി നായകൻ രോഹിത് ശർമയാണ് അവിടെയും മുന്നിൽ.
Adjust Story Font
16