തകർത്തടിച്ച് മുൻ ആർ.സി.ബി താരം റാവത്ത്; മുഷ്താഖ് അലി ട്രോഫിയിൽ ഡൽഹിക്ക് ജയം, സെമിയിൽ
45 പന്തിൽ 84 റൺസ് നേടിയ രഹാനെയുടെ ബാറ്റിങ് കരുത്തിൽ മുംബൈ സെമിയിൽ പ്രവേശിച്ചു
ബെംഗളൂരു: ഐപിഎൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മുൻ താരം അനുജ് റാവത്തിന്റെ തകർപ്പൻ ബാറ്റിങ് പ്രകടനത്തിൽ സയ്യിദ് മുഷ്താഖ് അലി ടി20യിൽ ഡൽഹിക്ക് ജയം. ഉത്തർപ്രദേശിനെ 19 റൺസിന് തോൽപിച്ച ഡൽഹി സെമി ബെര്ത്ത് ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ യുപിയുടെ പോരാട്ടം 174ൽ അവസാനിച്ചു.
33 പന്തിൽ അഞ്ച് സിക്‌സറും ഏഴ് ഫോറും സഹിതം 73 റൺസെടുത്ത അനുജ് റാവത്തിന്റെ വെടിക്കെട്ട് ബാറ്റിങാണ് ഡൽഹിയെ മികച്ച സ്‌കോറിലെത്തിച്ചത്. കഴിഞ്ഞ മൂന്ന് സീസണുകളിലായി 3.40 കോടിക്ക് ബെംഗളൂരു ടീമിലെടുത്ത താരത്തെ ഇത്തവണ ലേലത്തിൽ ടീമിലെടുക്കാൻ ഫ്രാഞ്ചൈസി തയാറായിരുന്നില്ല. അടിസ്ഥാന വിലയായ 30 ലക്ഷത്തിന് ഗുജറാത്ത് ടൈറ്റൻസാണ് ഇത്തവണ ലേലത്തിലെടുത്തത്. പ്രിയൻസ് ആര്യ(44), യാഷ് ദുൽ(42) എന്നിവരും മികച്ച പ്രകടനം നടത്തി. യു.പി നിരയിൽ മുഹ്‌സിൻ ഖാനും നിതീഷ് റാണയും വിനീത് പൻവാറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. എന്നാൽ നാല് ഓവർ എറിഞ്ഞ ക്യാപ്റ്റൻ ഭുവനേശ്വർകുമാറിന് വിക്കറ്റൊന്നും നേടാനായില്ല. മറുപടി ബാറ്റിങിൽ തുടരെ വിക്കറ്റുകൾ വീണതാണ് യു.പിക്ക് തിരിച്ചടിയായത്. പ്രിയം ഗാർഗ്(34 പന്തിൽ 54) മാത്രമാണ് ഡൽഹി ബൗളിങിന് മുന്നിൽ പിടിച്ചുനിന്നത്. സൂയഷ് ശർമയും ആയുഷ് ബദോനിയും ഡൽഹിക്കായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറ്റൊരു ക്വാർട്ടറിൽ വിദർഭയുടെ വെല്ലുവിളി മറികടന്ന് മുംബൈയും സെമി ഉറപ്പാക്കി. ആളൂരിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനായിരുന്നു ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിദർഭ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 221 റൺസാണ് നേടിയത്. അഥർവ തൈഡെ (41 പന്തിൽ 66) ടോപ് സ്‌കോററായി. മറുപടി ബാറ്റിംഗിൽ മുംബൈ 19.2 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 45 പന്തിൽ 84 റൺസെടുത്ത അജിൻക്യ രഹാനെ മുംബൈ നിരയിൽ മിന്നും പ്രകടനം നടത്തി. പൃഥ്വി ഷാ (22 പന്തിൽ 49), സൂര്യൻഷ് ഷെഡ്ജെ (12 പന്തിൽ പുറത്താവാതെ 36), ശിവം ദുബെ (22 പന്തിൽ 37) എന്നിവരും മികച്ചുനിന്നു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ (5), സൂര്യകുമാർ യാദവ് (9) എന്നിവർ വേഗത്തിൽ മടങ്ങിയെങ്കിലും ഒരുവശത്ത് ഉറച്ചുനിന്ന രഹാനെ ടീമിനെ വിജയത്തിലെത്തിച്ചത്.
Adjust Story Font
16