ആവേശം അവസാന പന്തോളം; ആസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് ജയം
ജോഷ് ഇൻഗ്ലിന്റെ സെഞ്ചുറി കരുത്തിൽ ഓസീസ് 208 റൺസ് നേടിയപ്പോൾ ഇന്ത്യ 1 പന്ത് ബാക്കി നിൽക്കെ ലക്ഷ്യം കണ്ടു
വിശാഖപട്ടണം; ആസ്‌ത്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യക്ക് 2 വിക്കറ്റ് ജയം. ജോഷ് ഇൻഗ്ലിന്റെ സെഞ്ചുറി കരുത്തിൽ ഓസീസ് 208 റൺസ് നേടിയപ്പോൾ ഇന്ത്യ 1 പന്ത് ബാക്കി നിൽക്കെ ലക്ഷ്യം കണ്ടു. ഇന്ത്യ 19.5 ഓവറിൽ 8ന് 209,ആസ്‌ട്രേലിയ 20 ഓവറിൽ 3ന് 208,
ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 42 പന്തിൽ 80 റൺസ് എടുത്ത് ഓസീസിനെ വെള്ളം കുടിപ്പിച്ചു. 39 പന്തിൽ 58 റൺസെടുത്ത് ഇഷാൻ കിഷനും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു. 14 പന്തിൽ 29 റൺസെടുത്ത് പുറത്താവാതെ നിന്ന സിംഗ് ആണ് വിജയം പൂർത്തിയാക്കിയത്. അവസാന പന്തിൽ സിക്‌സ് നേടി റിങ്കു വിജയം ഉറപ്പാക്കി.
സ്‌കോർ ബോർഡിൽ 22 റൺസ് ചേർക്കും മുമ്പേ ഓപ്പണർമാരെ നഷ്ടമായെങ്കിലും റൺ റേറ്റ് താഴാതെ യുവനിരയെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മുന്നിൽ നിന്ന് നയിക്കുന്ന കാഴ്ചയാണ് ബാറ്റിംഗിലുടനീളം കണ്ടത്. 9 ഫോറും 4 സിക്‌സുമടങ്ങുന്നതാണ് സൂര്യയുടെ ഇന്നിംഗ്‌സ്. മൂന്നാം വിക്കറ്റിലൊന്നിച്ച ഇഷാൻ കിഷനും സൂര്യയും ചേർന്ന് 112 റൺസാണ് അടിച്ചെടുത്തത്. കിഷൻ പുറത്തായതോടെ പകരമെത്തിയ തിലക് വർമ 12 റൺസിൽ പുറത്തായി. പകരം വന്ന റിങ്കുവിന്റെ കൈക്കരുത്തിലാണ് കളി ഇന്ത്യക്ക് വഴങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. പവർപ്ലേയിൽ മാത്യു ഷോർട്ടിനെ(13) രവി ബിഷ്‌ണോയ് ബൗൾഡാക്കി മടക്കിയെങ്കിലും പിന്നീട് ഇന്ത്യൻ ക്യാംപിന് ആശ്വസിക്കാവുന്ന ഒന്നുമുണ്ടായില്ല. പവർപ്ലേയിൽ സ്മിത്തും ഇംഗ്ലിസും ചേർന്ന് 40 റൺസ് അടിച്ചെടുത്തു.
ടീം ടോട്ടൽ നൂറും കടത്തി മുന്നേറിയ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പിരിക്കാൻ ഇന്ത്യൻ ബൗളർമാർ ഏറെ വിയർത്തു. ഒടുവിൽ റണ്ണൗട്ടിലൂടെ സ്മിത്ത് പുറത്താകുമ്പോൾ ഓസീസ് സ്‌കോർ 15.5 ഓവറിൽ 161 ആയിരുന്നു. 41 പന്ത് നേരിട്ട് എട്ട് ബൗണ്ടറിയുമായി 52 റൺസെടുത്താണ് സ്മിത്ത് പുറത്തായത്. പിന്നാലെ സെഞ്ച്വറി കുറിച്ചു ഇംഗ്ലിസ്. സ്‌കോർവേഗം കൂട്ടാനുള്ള നീക്കത്തിനിടെ ഡീപ് സ്‌ക്വയർ ലെഗിൽ യശസ്വി ജയ്‌സ്വാളിന്റെ കൈയിൽ ഇംഗ്ലിസിന്റെ പോരാട്ടം അവസാനിച്ചു. വെറും 50 പന്ത് നേരിട്ട് 110 റൺസാണ് ഇംഗ്ലിസ് അടിച്ചെടുത്തത്. 11 ഫോറും എട്ട് സിക്‌സറുമാണ് ഇന്നിങ്‌സിൽ ഇംഗ്ലിസ് അടിച്ചെടുത്തത്.
മാർക്കസ് സ്‌റ്റോയിനിസ് ഏഴു റൺസുമായും ടിം ഡേവിഡ് 19 റൺസുമായും പുറത്താകാതെ നിന്നു. ഇന്ത്യൻ ബൗളർമാരിൽ മുകേഷ് കുമാറാണ് കാര്യമായി തല്ല് വാങ്ങാതിരുന്നത്. അർശ്ദീപ് സിങ്, പ്രസിദ് കൃഷ്ണ, രവി ബിഷ്‌ണോയ് എന്നിവരെല്ലാം ഇംഗ്ലിസിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.
Adjust Story Font
16