ജയത്തോടെ ഇന്ത്യ നാട്ടിലേക്ക്; നമീബിയയെക്കെതിരെ ഒമ്പത് വിക്കറ്റ് ജയം
കെ എൽ രാഹുലും രോഹിത് ശർമയും അർധ സെഞ്ച്വുറി തികച്ചതോടെ ഇന്ത്യ അനായസ ജയം നേടി.
ടി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ നമീബിയക്കെതിരെ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം. നമീബിയ ഉയർത്തിയ 136 റൺസ് വിജയ ലക്ഷ്യം ഇന്ത്യ 15.2 ഓവറിൽ മറികടന്നു. കെ എൽ രാഹുലും രോഹിത് ശർമയും അർധ സെഞ്ച്വുറി തികച്ചതോടെ ഇന്ത്യ അനായസ ജയം നേടി. 36 പന്തിൽ നിന്നാണ് രാഹുൽ 54 റൺസ് നേടിയത്. 37 പന്തിൽ നിന്ന് രോഹിത് 56 റൺസ് നേടി. സൂര്യകുമാർ യാദവ് 25 റൺസും നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നമീബിയയെ ഇന്ത്യ എറിഞ്ഞിട്ടിരുന്നു. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസാണ് നമീബിയ നേടിയത്. ഓപ്പണിങ് ഇറങ്ങിയ സ്റ്റീഫൻ ബാർഡും (21 പന്തിൽ 21) മൈക്കൽ വാൻ ലിങ്കനും (15 പന്തില് 14) ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും പിന്നീട് തുടരെ തുടരെ ബാറ്റ്സ്മാൻമാർ കൂടാകെ കയറി. പിന്നീട് വന്ന നായകൻ ഗെർഹാർഡ് എറാസ്മസ് 20 ബോളിൽ 12 റൺസ് നേടി. പിന്നെ രണ്ടക്കം കടക്കാനായത് ഡേവിഡ് വീസിനാണ് 25 പന്തിൽ 26 റൺസ് അദ്ദേഹം നേടി.
വാലറ്റക്കാരായ ജാൻ ഫ്രൈലിങ്കും (15 പന്തിൽ 15) റുബെൻ ട്രബിൾമാൻ (6 പന്തിൽ 13) എന്നിവർ നടത്തിയ ചെറുത്തു നിൽപ്പാണ് നമീബിയക്ക് ഭേദപ്പെട്ട സ്‌കോർ നൽകിയത്. ഇരുവരും പുറത്താകാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി അശ്വിൻ, ജഡേജ എന്നിവർ മൂന്ന് വിക്കറ്റ് വീതവും ബൂമ്ര രണ്ട് വിക്കറ്റും വീഴ്ത്തി. മത്സരത്തിൽ ആദ്യമായി അവസരം കിട്ടിയ രാഹുൽ ചഹറിന് വിക്കറ്റൊന്നും വീഴ്ത്താനായില്ല. ഷമിക്കും വിക്കറ്റ് ലഭിച്ചില്ല. പരീശീലകനെന്ന നിലയിൽ രവി ശാസ്ത്രിയുടെയും ട്വന്റി-20 നായകൻ എന്ന നിലയിൽ കോഹ്ലിയുടെയും അവസാന മത്സരമാണിത്.
Adjust Story Font
16