'ബാബറും അഫ്രീദിയും പരസ്പരം സംസാരിക്കാറുപോലുമില്ല'; പാക് ടീമിൽ ആഭ്യന്തര കലഹമെന്ന് മുൻ താരങ്ങൾ
ഇന്ത്യക്കെതിരായ തോൽവിയിൽ പാക് ആരാധകരും ബാബറിനും സംഘത്തിനുമെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി
ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യക്കെതിരായ വൻ തോൽവിക്ക് പിന്നാലെ പാകിസ്താൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരങ്ങൾ. ക്യാപ്റ്റൻ ബാബർ അസമും മുൻ നായകൻ ഷഹിൻഷാ അഫ്രിദിയും പരസ്പരം സംസാരിക്കാറില്ലെന്ന് വസിം അക്രം ചാനൽ ചർച്ചക്കിടെ പറഞ്ഞു. ലോകകപ്പിന് തൊട്ടുമുൻപായാണ് അഫ്രീദിയെ മാറ്റി ബാബറിന് വീണ്ടും ക്യാപ്റ്റൻ സ്ഥാനം നൽകിയത്. ഇതേതുടർന്ന് പാക് പേസർ പ്രതിഷേധത്തിലായിരുന്നതായി വാർത്തകളുയർന്നിരുന്നു.
'ഇത് രാജ്യാന്തര ക്രിക്കറ്റാണ്. രാജ്യത്തിനായാണ് നിങ്ങൾ കളിക്കുന്നത്. ഇങ്ങനെ ചെയ്യുന്നവരെ വീട്ടിലിരുത്തുകയാണ് വേണ്ടതെന്നും അക്രം സ്റ്റാർ സ്‌പോർട്‌സ് ചർച്ചയിൽ പറഞ്ഞു. സീനിയർ താരങ്ങളായ മുഹമ്മദ് റിസ്വാനും ഇഫ്തീഖർ അഹമ്മദും ഫഖർ സമനുമെല്ലാം സാഹചര്യങ്ങൾ മനസിലാക്കി കളിക്കുന്നതിൽ പരാജയപ്പെട്ടെന്നും മുൻ പാക് ഇതിഹാസതാരം പറഞ്ഞു. പാകിസ്താന്റേത് ദയനീയ പ്രകടനമാണെന്നും ഇതേകുറിച്ച് പറയാൻപോലും ഒന്നുമില്ലെന്ന് മുൻ പേസർ വഖാർ യൂനിസും പറഞ്ഞു.
ഇന്ത്യക്കെതിരായ തോൽവിയിൽ പാക് ആരാധകരും ടീമിനെതിരെ രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. കളിയുടെ 80 ശതമാനം വരെ നേരവും വിജയ സാധ്യതയുണ്ടായിട്ടും ഇന്ത്യക്ക് മുന്നിൽ അവസാനം മത്സരം കൈവിട്ടത് ആരാധകർക്ക് മുമ്പൊന്നുമില്ലാത്ത നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോകകപ്പിൽ പാകിസ്താൻ ഇന്ത്യയോട് തോൽക്കുന്നത് ആദ്യമൊന്നുമല്ല. ഏകദിനത്തിൽ ആകെ മത്സരങ്ങളിൽ ഇന്ത്യയേക്കാൾ മികച്ച റെക്കോർഡ് അവർക്കുണ്ട്. 73 തവണ പാകിസ്താൻ വിജയിച്ചപ്പോൾ ഇന്ത്യക്ക് വിജയിക്കാനായത് 57 എണ്ണത്തിൽ മാത്രം. പക്ഷേ എത്ര നന്നായി കളിക്കുന്ന കാലമാണെങ്കിലും ലോകകപ്പിൽ ഇന്ത്യക്ക് മുന്നിൽ പാക്കിസ്താന് മുട്ടിടിക്കും. ഏകദിന ലോകകപ്പിൽ നാളിന്നുവെരെ അവർക്ക് ഇന്ത്യയെ തോൽപ്പിക്കാനായിട്ടില്ല.
1992ൽ കിരീടം നേടിയ വർഷം പോലും ഇന്ത്യയോട് തോറ്റു. ഇന്ത്യയുടെ കാര്യത്തിലത് മറിച്ചാണ്. മോശം പ്രകടനം നടത്തിയ 1999 ലോകകപ്പിൽ പോലും പാകിസ്താന് മേൽ 39 റൺസിന്റെ അഭിമാന വിജയം. 2007ലെ പ്രഥമ ട്വന്റി 20 ലോകകപ്പിൽ തന്നെ രണ്ടെണ്ണം ഇന്ത്യ വിജയിച്ചു. ജയിക്കാവുന്ന ഗ്രൂപ്പ് മത്സരം ബാൾ ഔട്ടിലും ഫൈനലിൽ ഇന്ത്യയുടെ പോരാട്ട വീര്യത്തിന് മുന്നിലും പാകിസ്താൻ അടിയറവ് പറഞ്ഞു. 2022ലും 2016ലും 2014ലും 2012ലും വിരാട് കോഹ്ലിയെന്ന ചാമ്പ്യൻ താരത്തിന് മുന്നിൽ മുട്ടുമടക്കി. ആകെ അഭിമാനിക്കാനുള്ളത് 2021ൽ നേടിയ പത്തുവിക്കറ്റിന്റെ മിന്നും വിജയം മാത്രം.
ഇത്തവണയും കളി കൈവിട്ടു. ബാറ്റ്‌സ്മാരുടെ ശവപ്പറമ്പായ പിച്ചിൽ 119 റൺസിന് ഇന്ത്യയുടെ കരുത്തുറ്റ ബാറ്റിങ് നിരയെ ഒതുക്കിയ നേരമേ വിജയം മണത്തു. മറുപടി ബാറ്റിങ്ങിൽ പാക് ബാറ്റർമാർ പിച്ചിനെ മനസ്സിലാക്കിക്കളിച്ചതോടെ പ്രതീക്ഷകൾ പിന്നെയും ഉയർന്നു. 12.1 ഓവറിൽ 73ന് രണ്ട് എന്ന ശക്തമായ നിലയിൽ. എട്ടുവിക്കറ്റുകൾ ബാക്കിയിരിക്കേ 47 പന്തിൽ വേണ്ടത് 47 റൺസ് മാത്രം. വലിയ ഷോട്ടുകളൊന്നുമുതിർക്കാതെത്തന്നെ ഈസിയായി ഫിനിഷ് ചെയ്യാവുന്ന മത്സരം. വിൻ പ്രഡിക്ടറുകളിലെല്ലാം പാകിസ്താൻ സാധ്യതകൾ ഉയർന്നുനിൽക്കുന്നു. പക്ഷേ അളന്നുമുറിച്ചെറിഞ്ഞ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ ഒന്നു പൊരുതുക പോലും ചെയ്യാതെ പാക് ബാറ്റർമാർ കൂടാരം കയറിയത് ആരാധകരെ ഞെട്ടിച്ചു.
3000 യുഎസ് ഡോളറായിരുന്നു ഇന്ത്യ പാകിസ്താൻ മത്സരത്തിന്റെ ടിക്കറ്റ് വില. പാകിസ്താന്റെ റുപ്പിയുടെ മൂല്യം കണക്കാക്കിയാൽ 8 ലക്ഷത്തിലധികം വരും. കൈയ്യിൽ പണമില്ലാതിരുന്ന ഒരു പാക് ആരാധകൻ സ്റ്റേഡിയത്തിലെത്താൻ തന്റെ ട്രാക്ടർ തന്നെ വിറ്റു. ഗാലറിയെ നീലയിൽ മുക്കിയ ഇന്ത്യൻ ആരാധകർക്ക് മുന്നിൽ ഇരിക്കുമ്പോഴും അദ്ദേഹത്തിന് പ്രതീക്ഷകളുണ്ടായിരുന്നു. മത്സരത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തിൽ സ്വരമിടറിയിരുന്നു.
'' ഇന്ത്യയുടെ സ്‌കോർ കണ്ടപ്പോൾ ഞങ്ങൾ തോൽക്കുമെന്ന് പ്രതീക്ഷിച്ചതേയില്ല. എത്തിപ്പിടിക്കാവുന്ന സ്‌കോർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ബാബർ അസം പുറത്തായത് മുതൽ എല്ലാം മാറിത്തുടങ്ങി. ഇന്ത്യൻ ആരാധകർക്ക് അഭിനന്ദനങ്ങൾ'' -പാക് ആരാധകൻ പറഞ്ഞുനിർത്തി. പാക് ടീമിനെ പിന്തുണച്ച് മടുത്തെന്ന രീതിയിലുള്ള ഒട്ടേറെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പറപറക്കുന്നുണ്ട്. ഇന്ത്യൻ ആരാധകർ അത് ആഘോഷമാക്കുകയും ചെയ്യുന്നു. ട്വന്റി 20 ലോകകപ്പിലെ ഞെട്ടിപ്പിക്കുന്ന രണ്ടാംതോൽവിയോടെ പാകിസ്താന്റെ സൂപ്പർ എട്ടിലേക്കുള്ള സാധ്യതകൾ ഏതാണ്ട് അസ്തമിച്ചനിലയിലാണ്. ഇനിയുള്ള രണ്ടുമത്സരങ്ങൾ വിജയിച്ചാൽ മാത്രം മതിയാകില്ല. മറ്റുടീമുകളുടെ പ്രകടനങ്ങൾ കൂടി ആശ്രയിക്കണം.
Adjust Story Font
16