'ബാബർ ഇഷ്ടക്കാരെ ടീമിലെടുക്കുന്നു, സ്വന്തം റൺസ് ഉയർത്തുക മാത്രം ലക്ഷ്യം'; രൂക്ഷ വിമർശനവുമായി മുൻ താരം
വസിം അക്രവും വഖാൻ യൂനുസും അടക്കമുള്ള മുൻ താരങ്ങളും ബാബറിനെതിരെ രംഗത്തെത്തിയിരുന്നു
![Babar selects the likes of the team, the only aim is to increase his own runs; Former actor with severe criticism Babar selects the likes of the team, the only aim is to increase his own runs; Former actor with severe criticism](https://www.mediaoneonline.com/h-upload/2024/06/12/1429207-babar-azam.webp)
ഷെഹ്‌സാദ്,ബാബർ അസം
ലാഹോർ: ഇന്ത്യയോടേറ്റ തോൽവിയുടെ അലയൊലികൾ പാകിസ്താനിൽ അടങ്ങുന്നില്ല. പാക് നായകൻ ബാബർ അസമിനെതിരെ രൂക്ഷ വിമർശനവുമായി ഒടുവിൽ രംഗത്തെത്തിയത് മുൻ താരം അഹമ്മദ് ഷെഹ്‌സാദാണ്. ക്യാപ്റ്റൻ ബാബർ അസം ടീമിൽ ഇഷ്ടക്കാരെ തിരുകി കയറ്റുന്നുവെന്ന് ഷെഹ്സാദ് ആരോപിച്ചു. സ്വന്തം റൺസ് ഉയർത്തുമ്പോഴും ടീം തോൽക്കുകയാണെന്ന് ടിവി അഭിമുഖത്തിൽ താരം പറഞ്ഞു. ബാബറിന്റെ ക്യാപ്റ്റൻസിയിൽ പാകിസ്താൻ കുഞ്ഞൻ ടീമുകൾക്കെതിരെയും വമ്പൻ ടീമുകളുടെ ബി, സി, ഡി സ്‌ക്വാർഡുകൾക്കെതിരെയും തോൽക്കുന്നു.
നേരത്തെ വസിം അക്രവും വഖാർ യൂനുസും അടക്കമുള്ള മുൻ താരങ്ങളും ബാബറിനും പാക് ടീമിനുമെതിരെ രംഗത്തെത്തിയിരുന്നു. ക്യാപ്റ്റൻ ബാബർ അസമും മുൻ നായകൻ ഷഹിൻഷാ അഫ്രിദിയും പരസ്പരം സംസാരിക്കാറില്ലെന്ന് വസിം അക്രം ചാനൽ ചർച്ചക്കിടെ പറഞ്ഞു. ലോകകപ്പിന് തൊട്ടുമുൻപായാണ് അഫ്രീദിയെ മാറ്റി ബാബറിന് വീണ്ടും ക്യാപ്റ്റൻ സ്ഥാനം നൽകിയത്. ഇതേ തുടർന്ന് പാക് പേസർ പ്രതിഷേധത്തിലായിരുന്നതായി വാർത്തകളുയർന്നിരുന്നു.
'ഇത് രാജ്യാന്തര ക്രിക്കറ്റാണ്. രാജ്യത്തിനായാണ് നിങ്ങൾ കളിക്കുന്നത്. ഇങ്ങനെ ചെയ്യുന്നവരെ വീട്ടിലിരുത്തുകയാണ് വേണ്ടതെന്നും അക്രം സ്റ്റാർ സ്പോർട്സ് ചർച്ചയിൽ പറഞ്ഞു. സീനിയർ താരങ്ങളായ മുഹമ്മദ് റിസ്വാനും ഇഫ്തീഖർ അഹമ്മദും ഫഖർ സമനുമെല്ലാം സാഹചര്യങ്ങൾ മനസിലാക്കി കളിക്കുന്നതിൽ പരാജയപ്പെട്ടെന്നും മുൻ പാക് ഇതിഹാസതാരം പറഞ്ഞു. പാകിസ്താന്റേത് ദയനീയ പ്രകടനമാണെന്നും ഇതേകുറിച്ച് പറയാൻപോലും ഒന്നുമില്ലെന്ന് മുൻ പേസർ വഖാർ യൂനുസും പറഞ്ഞു.
ട്വന്റി 20 ലോകകപ്പിൽ ആദ്യ രണ്ട് മത്സരങ്ങൾ തോറ്റ പാകിസ്താൻ മൂന്നാം മാച്ചിൽ കാനഡയോട് വിജയിച്ചിരുന്നു. എന്നാൽ സൂപ്പർ എട്ട് പ്രതീക്ഷ നിലനിൽക്കണമെങ്കിൽ മറ്റു ടീമുകളുടെ മത്സര ഫലംകൂടി ആശ്രയിക്കണം. ആദ്യ കളിയിൽ ആതിഥേയരായ അമേരിക്കയോട് സൂപ്പർ ഓവറിൽ തോൽക്കുകയായിരുന്നു. രണ്ടാം മത്സരത്തിൽ ടീം ഇന്ത്യയെ 119 റൺസിൽ ഓൾഔട്ടാക്കിയിട്ടും മറുപടി ബാറ്റിംഗിൽ നിശ്ചിത 20 ഓവറിൽ 113-7 എന്ന സ്‌കോറിലൊതുങ്ങി 6 റൺസിന്റെ തോൽവി ഏറ്റുവാങ്ങി.
Adjust Story Font
16