Quantcast

'നീ ഇന്ത്യക്കാരനല്ലേ'; കളിയാക്കിയ ആരാധകനെ അക്രമിക്കാനോങ്ങി പാക് പേസർ ഹാരിസ് റൗഫ്

ആദ്യറൗണ്ടിൽ പുറത്തായതോടെ ബാബറിനും സംഘത്തിനുമെതിരെ മുൻ പാക് താരങ്ങളടക്കം കടുത്തവിമർശനമുന്നയിച്ചിരുന്നു

MediaOne Logo

Sports Desk

  • Published:

    18 Jun 2024 5:29 PM GMT

Arent you Indian; Pak pacer Harris Rauf tried to attack the fan who made fun of him
X

ഫ്‌ളോറിഡ: ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനത്തെ തുടർന്ന് പ്രാഥമിക റൗണ്ടിൽ പാകിസ്താൻ പുറത്തായിരുന്നു. ഇന്ത്യയോടടക്കം പരാജയപ്പെട്ടതോടെ താരങ്ങൾക്കെതിരെ ആരാധകരിൽ നിന്ന് വ്യാപക വിമർശനമാണുയർന്നത്. ഇപ്പോൾ പാക് പേസർ ഹാരിസ് റൗഫ് ആരാധകനോട് കയർക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. ഭാര്യക്കൊപ്പം നടന്നു പോകുന്നതിനിടെ ആരാധകന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണമാണ് താരത്തെ അലോസരപ്പെടുത്തിയത്. കുതിച്ചെത്തിയ റൗഫ് അയാൾക്കരികിലേക്കെത്തുകയായിരുന്നു. ഭാര്യയും ആരാധകന് ഒപ്പമുണ്ടായിരുന്ന ചിലരും ഹാരിസിനെ പിടിച്ചു മാറ്റുന്നതും വീഡിയോയിൽ കാണാം. ഇരുവരും തമ്മിലുള്ള സംഭാഷണത്തിനിടെ നീ ഇന്ത്യക്കാരനല്ലേയെന്ന് റൗഫ് ചോദിക്കുന്നുണ്ട്. എന്നാൽ ഞാൻ പാകിസ്താനിയാണെന്ന് ആരാധകൻ മറുപടി നൽകുന്നുമുണ്ട്. കുറച്ചുനേരം ആരാധകനുമായി തർക്കിച്ച ശേഷം റൗഫ് അവിടെനിന്ന് പിൻവാങ്ങുകയായിരുന്നു.

ആരാധകർക്ക് പുറമെ മുൻ പാക് താരങ്ങളും ബാബറിനും സംഘത്തിനുമെതിരെ വ്യാപക വിമർശനമാണ് ഉന്നയിക്കുന്നത്. ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയോടും അമേരിക്കയോടുമടക്കം പാകിസ്താൻ തോൽവി വഴങ്ങിയിരുന്നു. ഇതോടെ ടീം പൂർണമായി അഴിച്ചുപണിയണമെന്നാണ് വസിം അക്രം ഉൾപ്പെടെയുള്ള മുൻ താരങ്ങളുടെ നിലപാട്. ക്യാപ്റ്റൻ ബാബർ അസമും മുൻ ക്യാപ്റ്റൻ ഷഹീൻഷാ അഫ്രീദിയും കണ്ടാൽമിണ്ടാറില്ലെന്നും താരം പറഞ്ഞിരുന്നു. ലോകകപ്പിന് പിന്നാലെ താരങ്ങൾ ലണ്ടനിൽ അവധി ആഘോഷിക്കാൻ പോകുന്നതായും വാർത്തകളുണ്ട്. അതിനിടെയാണ് പുതിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്.

ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് ടി 20 ലോകകപ്പിൽ പാകിസ്താൻ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവുന്നത്. കഴിഞ്ഞ ഒമ്പത് ലോകകപ്പുകളിലായി അഞ്ച് ക്യാപ്റ്റന്മാരാണ് പാകിസ്താനെ നയിച്ചത്. ശുഐബ് മാലിക്, യൂനിസ് ഖാൻ, ഷാഹിദ് അഫ്രീദി, മുഹമ്മദ് ഹഫീസ്, ബാബർ അസം. ശുഐബ് മാലിക് ടീമിനെ 2007 ലോകകപ്പിന്റെ കലാശപ്പോരിലെത്തിച്ചപ്പോൾ യൂനിസ് ഖാൻ ടീമിനെ 2009 ൽ കിരീടമണിയിച്ചു. ഹഫീസും അഫ്രീദിയും ഓരോ തവണ വീതം ടീമിന് സെമി ടിക്കറ്റെടുത്ത് നൽകി. ബാബർ അസം 2021 ൽ സെമിയിലും 2022 ൽ കലാശപ്പോര് വരെയും ടീമിനെ എത്തിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ വലിയൊരു നാണക്കേടിന്റെ റെക്കോർഡ് കൂടി തന്റെ കുപ്പായത്തിൽ തുന്നിച്ചേർത്തിരിക്കുന്നു ബാബർ. ചരിത്രത്തിൽ ആദ്യമായി പാകിസ്താനെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താക്കുന്ന നായകൻ എന്ന റെക്കോർഡാണ് ബാബർ തന്റെ പേരിലെഴുതിച്ചേർത്തത്.

TAGS :

Next Story