Quantcast

രണ്ടാം വരവിൽ അത്ഭുതപ്പെടുത്തുന്ന പന്ത്; സഞ്ജുവിന് മുന്നിൽ ഇനിയുള്ള സാധ്യതകൾ

കളിക്കളത്തിലും പുറത്തും പന്ത് എന്നുമൊരു പോരാളിയാണ്. സമ്മർദ്ദത്തിന് അടിമപ്പെടാത്ത മികച്ചൊരു എന്റർടൈനർ.

MediaOne Logo

ടി.കെ ഷറഫുദ്ദീന്‍

  • Updated:

    2024-06-12 11:41:36.0

Published:

12 Jun 2024 11:20 AM GMT

Rishabh surprises in second coming; Further prospects ahead for Sanju
X

ന്യൂയോർക്കിലെ നസാവുകൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം. ഇതിനോടകം ബാറ്റർമാരുടെ പേടി സ്വപ്നമായി മാറി കഴിഞ്ഞ ഡ്രോപ് ഇൻ പിച്ച്. പാകിസ്താനെതിരെ ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യൻ മുൻനിരയും പിച്ചിലെ ചതിക്കുഴിയിൽ വീണു. തുടരെ വിക്കറ്റുകൾ നഷ്ടമാകുമ്പോഴും വൺഡൗണായി ക്രീസിലെത്തിയ ഋഷഭ് പന്ത് ഒരറ്റത്ത് നിലയുറപ്പിച്ചു. കുത്തിതിരിയുന്ന ഈ പിച്ചൊരു പ്രശ്നമേ ആയിരുന്നില്ല ഈ ഡൽഹിക്കാരന്. മൂന്ന് വിക്കറ്റുകൾ വീണ് ഇന്ത്യ ബാക് ഫുട്ടിലായ സമയത്തും ഹാരിസ് റഊഫിനെ തുടരെ മൂന്ന് ബൗണ്ടറികൾ പറത്തി 26കാരൻ നയം വ്യക്താക്കി. അതിലൊന്ന് ഋഷഭ് സ്പെഷ്യൽ റിവേഴ്സ് സ്ലാപ് ഷോട്ട്. ഹാരിസ് റഊഫിന്റെ അതിവേഗ പന്തിനെ ഒറ്റക്കാലിൽ കറങ്ങി ലെങ്ത് പിക് ചെയ്യുകയെന്നത് അത്ര നിസാര കാര്യമല്ല. അതും ഇത്തരമൊരു അൺ പ്രെഡിക്ടബിൾ മൈതാനത്ത്. അവിടെയാണ് ഋഷഭ് പന്ത് ബ്രില്യൻസ്...

കളിക്കളത്തിലും പുറത്തും പന്ത് എന്നുമൊരു പോരാളിയാണ്. സമ്മർദ്ദത്തിന് അടിമപ്പെടാത്ത മികച്ചൊരു എന്റർടൈനർ. റിക്കി പോണ്ടിങ് മുതൽ രോഹിത് ശർമ വരെ താരത്തിന്റെ പ്രതിഭ കൃത്യമായി അറിഞ്ഞവരാണ്. തുടക്കം മുതലേ എതിരാളികളെ മാനസികമായി തളർത്തി അവർക്ക് മേൽ ആധിപത്യം പുലർത്തുകയെന്ന സിംപിൾ ടെക്നിക്കാണ് പന്തിന്റെ വിജയമന്ത്രം. റിവേഴ്സ് സ്വീപ്, സ്‌കൂപ്പ് ഉൾപ്പെടെ മോഡേൺ ക്രിക്കറ്റ് ഷോട്ടുകൾ കളിച്ച് ബൗളറുടെ ലൈനും ലെങ്തും തെറ്റിക്കാനും മിടുക്കൻ. ഇക്കാര്യത്തിൽ ദക്ഷിണാഫ്രിക്കൻ താരം എ.ബി ഡിവില്ലേഴസാണ് താരത്തിന്റെ റോൾ മോഡൽ.

വാഹനാപകടത്തെ തുടർന്ന് ഒരു വർഷത്തിലേറെയായി കളത്തിന് പുറത്തായിരുന്ന യുവതാരത്തിന്റെ ദേശീയ കുപ്പായത്തിലെ മികച്ച കംബാകിന് കൂടിയാണ് ലോകകപ്പ് വേദിയായത്. വിദേശ പിച്ചുകളിൽ തന്റെ പ്രകടനത്തിന് മങ്ങലേറ്റില്ലെന്ന് തെളിയിക്കുന്ന രണ്ട് ഇന്നിങ്‌സുകൾ. ഗുരുതരമായി പരിക്കേറ്റ താരത്തെ പലരും എഴുതിതള്ളിയ കാലമുണ്ടായിരുന്നു. എന്നാൽ കഠിന പരിശ്രമത്തിലൂടെ പൂർവ്വാധികം ശക്തിയോടെ ക്രിക്കറ്റ് പിച്ചിലേക്ക് മടങ്ങിയെത്തിയ പന്തിനെയാണ് പിന്നീട് കണ്ടത്. ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൻസിനായി തകർപ്പൻ പ്രകടനം. അതുവഴി ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ട്വന്റി 20 ലോകകപ്പ് ടീമിലേക്കും. വിരാട് കോഹ്ലി ഓപ്പണിങ് റോളിലേക്ക് മാറിയതോടെ വൺഡൗൺ പൊസിഷനിൽ ഇറങ്ങാൻ ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടു. തന്റെ സ്ഥിരം പൊസിഷൻ അല്ലാതിരുന്നിട്ടും ടോപ് ഓഡറിൽ കളിച്ച് പാകിസ്താനെതിരെയും അയർലൻഡിനെതിരെയും ഇന്ത്യയുടെ ബാറ്റിങ് കരുത്തായി. പാകിസ്താനെതിരായ മത്സരത്തിൽ അവിശ്വസനീയ ക്യാച്ചുമായി വിക്കറ്റിന് പുറത്തും തിളങ്ങി. ഇന്ത്യയുടെ മുൻ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി താരത്തിന് മെഡൽ സമ്മാനിച്ചവേളയിൽ വികാരഭരിതമായാണ് പ്രതികരിച്ചത്.

''പന്തിന് അപകടം സംഭവിച്ചെന്നറിഞ്ഞപ്പോൾ സങ്കടം അടക്കാനായില്ല. അവൻ ഹോസ്പിറ്റലിൽ മോശം അവസ്ഥയിലായിരുന്നു. അവിടെനിന്ന് തിരിച്ചെത്തി ലോകകപ്പ് വേദിയിലെത്തിയത് ഹൃദയസ്പർശിയായി. നിങ്ങളുടെ ബാറ്റിങ് മികവ് എല്ലാവർക്കും അറിയാം. എന്നാൽ നിങ്ങളുടെ കൈവശമുള്ള എക്സ് ഫാക്ടർ വിക്കറ്റ് കീപ്പിങാണ്. സർജറിക്കു ശേഷം എത്രമാത്രം കഠിനാദ്ധ്വാനം ചെയ്തെന്നത് ആദരവ് ഉളവാക്കുന്നതാണ്. ലോകത്തൊട്ടാകെയുള്ളവർക്ക് നിങ്ങളൊരു പ്രചോദനമാണ്'' -മുൻ ഇന്ത്യൻ പരിശീലകൻണ് കൂടിയായ ശാസ്ത്രി പറഞ്ഞു.

ഏതൊരു മധ്യവർഗ കുടുംബവും നേരിടുന്ന വെല്ലുവിളികൾ പന്തിന്റേയും ക്രിക്കറ്റ് കരിയറിന്റെ തുടക്ക കാലത്തുണ്ടായി. ഒരുപക്ഷെ, മലയാളി താരം സഞ്ജു സാംസണിന്റെ കരിയറിന് സമാനം. സഞ്ജുവിന്റെ കരിയറിന് വിത്ത് വാകിയത് അച്ഛനാണെങ്കിൽ അമ്മയാണ് പന്തിന്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകിയത്. മകനേയും കൊണ്ട് പരിശീലന ഗ്രൗണ്ടിലേക്കും സെലക്ഷൻ ട്രയൽസിലേക്കും അമ്മ സരോജ നടത്തിയ സഹന യാത്രകളാണ് ഇന്നു കാണുന്ന പന്തിന്റെ ഉദയത്തിന് പിന്നിൽ. ഡൽഹിയിലെ ആഭ്യന്തര ക്രിക്കറ്റിൽ സ്ഥാനം പിടിച്ചതോടെ കളിക്കളത്തിൽ പന്ത് അതിവേഗം ശ്രദ്ധേയമായി. ഡൊമസ്റ്റിക് ക്രിക്കറ്റിലെ മിന്നും പ്രകടനം ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പിലേക്കും വഴിയൊരുക്കി. എം.എസ് ധോണിയെന്ന വൻമരം കരിയറിലെ അവസാന സമയത്ത് എത്തിനിൽക്കേയാണ് പന്തിന്റെ ദേശീയ ടീമിലേക്കുള്ള രംഗ പ്രവേശനം.

അണ്ടർ 19 ലോകകപ്പ് ക്വാർട്ടറിൽ നമീബിയക്കെതിരെ സെഞ്ച്വറി നേടിയ അതേ സമയത്തായിരുന്നു ഡൽഹി ഡയർഡെവിൾസ് വൻതുക മുടക്കി ഐപിഎല്ലിൽ പന്തിനെ ടീമിലെത്തിക്കുന്നതും. ഐപിഎല്ലിലെ തകർപ്പൻ പ്രകടനം ഇന്ത്യൻ ടെസ്റ്റ്-ടി20 ടീമുകളിലേക്കുള്ള ഉദയം കൂടിയായി. പന്തിന്റെ മികച്ച ഫോം സഞ്ജു സാംസണിന്റെ സാധ്യതകൾ അടക്കുമെന്ന ആരോപണത്തിന് അടിസ്ഥാനമില്ല. സഞ്ജുവിന്റേയും ഋഷഭ് പന്തിന്റേയും ബാറ്റിങ് ശൈലി ഏറെ വ്യത്യസ്തമാണ്. പന്ത് വിക്കറ്റ് കീപ്പറായി ടീമിലുണ്ടെങ്കിലും സഞ്ജുവിന് സ്‌പെഷ്യലിസ്റ്റ് ബാറ്ററായി ലോകകപ്പിൽ വരുംമത്സരങ്ങളിൽ അവസരം ലഭിച്ചേക്കും. മധ്യനിരയിൽ ശിവം ദുബെക്ക് പകരക്കാരനായി താരത്തെ പരിഗണിക്കും. മധ്യനിരയിലും ടോപ് ഓർഡറിലും ഒരുപോലെ തിളങ്ങാൻ മലയാളിതാരത്തിന് കഴിയും.

TAGS :

Next Story