ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ആസ്‌ട്രേലിയക്ക് എതിരാളി ഇന്ത്യ തന്നെ, പോയിന്റ് ഉയർത്തി
പോയിന്റ് പട്ടികയില്‍ ആസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്തെങ്കിലും രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ പോയിന്റ് ഉയര്‍ത്തി.
രോഹിത് ശര്‍മ്മ-പാറ്റ്കമ്മിന്‍സ്
ന്യൂഡല്‍ഹി: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിലും വിജയിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ നേട്ടമുണ്ടാക്കി ഇന്ത്യ. ഡല്‍ഹി ടെസ്റ്റില്‍ ആറു വിക്കറ്റിനായിരുന്നു ഇന്ത്യുടെ വിജയം. പോയിന്റ് പട്ടികയില്‍ ആസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്തെങ്കിലും രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ പോയിന്റ് ഉയര്‍ത്തി.
66.67 ആണ് ആസ്ട്രേലിയയുടെ പോയിന്റ് ശരാശരി. 64.06 പോയിന്‍റ് ശരാശരിയാണ് ഇന്ത്യക്ക്. മൂന്നാമതുള്ള ശ്രീലങ്കയ്ക്കുള്ളത് 53.33 പോയിന്‍റ് ശരാശരിയും. ദക്ഷിണാഫ്രിക്കയാണ് നാലാം സ്ഥാനത്ത്(48.72). ഇതോടെ ഫൈനലിനുള്ള സാധ്യത ടീം ഇന്ത്യ സജീവമാക്കി. ആസ്ട്രേലിയയാണ് എതിരാളികള്‍. കഴിഞ്ഞ ഫൈനലില്‍ ന്യൂസിലാന്‍ഡായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. എന്നാല്‍ അന്ന് ഇന്ത്യക്ക് കപ്പുയര്‍ത്താനായില്ല.
അതേസമയം രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയ്ക്കാണ് പറയാനേറെയുള്ളത്. 115 റൺസ് വിജയലക്ഷ്യം ടീം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. 26.4 ഓവറിൽ ഇന്ത്യ 118 റൺസ് നേടി. വിജയത്തോടെ ഇന്ത്യ ബോർഡർ-ഗവാസ്‌കർ ട്രോഫി നിലനിർത്തുകയും ചെയ്തു. പരമ്പരയിൽ 3-1 പോയിന്റോടെ വിജയിക്കാനായാൽ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താം. അങ്ങനെ വിജയിച്ചാൽ 61.92 പി.സി.ടിയോടെ ആസ്‌ത്രേലിയയോടൊപ്പം ഫൈനൽ കളിക്കാൻ നീലപ്പടയിറങ്ങും.അതിനുള്ള സാധ്യതയാണ് മുന്നിലുള്ളതും.
ഓപ്പണറായ കെ.എൽ രാഹുൽ കേവലം ഒരു റൺസ് മാത്രം നേടി പുറത്തായപ്പോൾ നായകനായ ഓപ്പണർ രോഹിത് ശർമ 31 റൺസെടുത്തു. എന്നാൽ ടീമിനെ വിജയ തീരത്തെത്തിക്കാൻ നായകനായില്ല. പീറ്റർ ഹാൻഡ്‌സ്‌കോംപ് താരത്തെ റണ്ണൗട്ടാക്കി. വൺഡൗണായെത്തിയ ചേതേശ്വർ പൂജാര 31 റൺസുമായി പുറത്താകാതെ നിന്നു. താരവും 23 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ ശ്രീകാർ ഭരതും ചേർന്നാണ് ചെറിയ ടോട്ടൽ മറികടക്കാൻ ഇന്ത്യയെ സഹായിച്ചത്. രണ്ട് ഇന്നിംഗ്‌സുകളിലായി പത്ത് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് കളിയിലെ താരം.
Adjust Story Font
16