Quantcast

അതും സംഭവിച്ചു; പാകിസ്താനെ തോൽപിച്ച് അഫ്ഗാനിസ്താൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ചരിത്രത്തിലാദ്യമായി അഫ്ഗാനിസ്താൻ പാകിസ്താനെ തോൽപിച്ചു.

MediaOne Logo

Web Desk

  • Published:

    25 March 2023 3:46 AM GMT

PAK vs AFG, Afgan Cricket
X

പാകിസ്താനെതിരായ വിജയം ആഘോഷിക്കുന്ന അഫ്ഗാനിസ്താന്‍ ടീം

ഷാർജ: ഓൾറൗണ്ടർ മുഹമ്മദ് നബിയുടെ പ്രകടനത്തിന് മുന്നിൽ തോറ്റ് പാകിസ്താൻ. അന്താരാഷ്ട്ര ക്രിക്കറ്റിൽ ചരിത്രത്തിലാദ്യമായി അഫ്ഗാനിസ്താൻ പാകിസ്താനെ തോൽപിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ ജയത്തോടെ അഫ്ഗാനാനിസ്താൻ മുന്നിലെത്തി(1-0). ബൗളിങിൽ രണ്ട് വിക്കറ്റുമായി കളംനിറഞ്ഞ നബി, ബാറ്റിങിൽ പുറത്താകാതെ 38 റൺസും നേടി.

നബിയാണ് കളിയിലെ താരം. ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ പാക് നായകൻ ഷദബ്ഖാന്റെ തീരുമാനം തെറ്റായിപ്പോയി എന്ന് തെളിയിക്കുന്നതായിരുന്നു പിന്നീടുള്ള പ്രകടനം. 92 റൺസിന് പാകിസ്താന്റെ ബാറ്റിങ് നിര പുറത്തായി. അഫ്ഗാനിസ്താന് മുന്നിൽ പാകിസ്താന്റെ ഏറ്റവും ചെറിയ സ്‌കോറാണിത്. നാല് പേർക്ക് മാത്രമെ രണ്ടക്കം കാണാനായുള്ളൂ. 18 റൺസെടുത്ത ഇമാദ് വാസിം ആണ് പാകിസ്താന്റെ ടോപ് സ്‌കോർ. രണ്ട് പേരെ അക്കൗണ്ട് തുറക്കാൻ പോലും അനുവദിച്ചില്ല. 41 റൺസെടുക്കുന്നതിനിടെ അവരുടെ അഞ്ച് വിക്കറ്റുകൾ വീണു.

ഒരു ഘട്ടത്തിൽപോലും അഫ്ഗാനിസ്താനെ വെല്ലുവിളിക്കാൻ പാകിസ്താനായില്ല. 20 ഓവറും പാകിസ്താന് ബാറ്റ് ചെയ്യാനായി എന്നത് മാത്രമാണ് ആശ്വാസം. മറുപടി ബാറ്റിങിൽ പാകിസ്താൻ മുന്നോട്ടുവെച്ച വിജയലക്ഷ്യം അഫ്ഗാനിസ്താൻ 17.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 38 റൺസെടുത്ത മുഹമ്മദ് നബിയാണ് ടോപ് സ്‌കോറർ. നജീബുള്ള സദ്‌റാൻ 17 റൺസെടുത്തു. 27 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ വീണെങ്കിലും അഫ്ാനിസ്താൻ പിടിച്ചുനിന്നു.

ഒടുവില്‍ സിക്സര്‍ പറത്തിയായിരുന്നു അഫ്ഗാനിസ്താന്റെ വിജയം. മത്സരത്തിലെ താരമായി തെരഞ്ഞെടുക്ക നബിയാണ് സിക്സര്‍ പറത്തിയത്. പരമ്പരയിലെ രണ്ടാം മത്സരം ഷാർജാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കും. പരമ്പര നഷ്ടമാകാതിരിക്കാൻ പാകിസ്താന് ജയം അനിവാര്യമാണ്. പാകിസ്താന്‍ സൂപ്പര്‍ലീഗ് മത്സരങ്ങളിലെ ആവേശം പാക് ക്രിക്കറ്റലുണ്ടാക്കിയില്ലെന്ന് തെളിയിക്കുന്നതായിരുന്നു ആദ്യ മത്സരത്തിലെ തോല്‍വി.

TAGS :

Next Story