Quantcast

അട്ടിമറികളുടെ 2003 ലോകകപ്പ് ഓർമയും, കെനിയയും അവരുടെ ഇതിഹാസ നായകനും

സോഷ്യൽ മീഡിയ സജീവമാകും മുൻപുള്ള 2003 ലോകകപ്പ് കാലഘട്ടത്തിൽ നിരവധി അട്ടിമറികളിലൂടെ ലോകകപ്പ് സെമി ഫൈനൽ വരെ എത്തിയ ഒരു ടീമും ആ ടീമിനെ മുന്നിൽ നിന്ന് നയിച്ച ലോകം ഉറ്റ് നോക്കിയ ഒരു ക്യാപ്റ്റനും ഉണ്ടായിരുന്നു

MediaOne Logo

ജിബിന്‍ തോമസ്

  • Updated:

    2024-06-13 15:14:50.0

Published:

13 Jun 2024 3:08 PM GMT

അട്ടിമറികളുടെ 2003 ലോകകപ്പ് ഓർമയും, കെനിയയും അവരുടെ ഇതിഹാസ നായകനും
X

പാകിസ്ഥാനെ അമേരിക്ക തോൽപ്പിച്ചു, ന്യൂസിലൻസിനെ അഫ്ഗാനിസ്ഥാൻ തോൽപ്പിച്ചു, അയർലൻഡിനെ കാനഡ തോൽപിച്ചു, ശ്രീലങ്കയെ ബംഗ്ലാദേശ് തോൽപ്പിച്ചു, ഇങ്ങനെ ആട്ടിമറികളുടെ ഒരു T20 ലോകകപ്പ് ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഈ അട്ടിമറികൾ ഒക്കെ സോഷ്യൽ മീഡിയയിൽ ഓരോ രാജ്യക്കാർ ആഘോഷമാകുന്നു. എന്നാൽ സോഷ്യൽ മീഡിയ സജീവമാകും മുൻപുള്ള 2003 ലോകകപ്പ് കാലഘട്ടത്തിൽ നിരവധി അട്ടിമറികളിലൂടെ ലോകകപ്പ് സെമി ഫൈനൽ വരെ എത്തിയ ഒരു ടീമും ആ ടീമിനെ മുന്നിൽ നിന്ന് നയിച്ച ലോകം ഉറ്റ് നോക്കിയ ഒരു ക്യാപ്റ്റനും ഉണ്ടായിരുന്നു. മുൻനിര ക്രിക്കറ്റ് രാജ്യങ്ങളെയും ലോക ക്രിക്കറ്റിനെ തന്നെ വിറപ്പിച്ച കെനിയ ടീമും അവരുടെ ക്യാപ്റ്റൻ സ്റ്റീവ് ടിക്കോളയുടെയും കഥയാണിത്.

കെനിയ എന്ന ക്രിക്കറ്റിലെ കുഞ്ഞൻ രാജ്യത്തെ ലോക ക്രിക്കറ്റിന്റെ നെറുകയിൽ എത്തിച്ചത് ക്യാപ്റ്റൻ സ്റ്റീവ് ടിക്കോളോ ആയിരുന്നു. 2003 ലോകകപ്പിൽ കെനിയയെ സെമിഫൈനൽ വരെ അദ്ദേഹം എത്തിച്ചു. 38.59 ശതമാനം വിജയങ്ങളുമായി കെനിയ കണ്ട ഏറ്റവും മികച്ച വിജയ ശതമാനം ഉള്ള ക്യാപ്റ്റനും അദ്ദേഹമായിരുന്നു.

കെനിയക്കു വേണ്ടി 146 മത്സരങ്ങൾ കളിച്ച ടിക്കോളോ രാജ്യത്തിനായി ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമാണ്. 3714 റൺസ്സുമായി കെനിയ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനും, തോമസ് ഓടൊയോക്ക് ശേഷം 105 വിക്കറ്റുമായി കെനിയ കണ്ട ഏറ്റവുമധികം വിക്കറ്റുള്ള ബൗളറും അദ്ദേഹമായിരുന്നു. കാനഡയെ 4 വിക്കറ്റിനും, ശ്രീലങ്കയെ 53 റൺസിനും, ബംഗ്ലാദേശിനെ 32 റൺസിനും, സിംബാബ്‌വേയെ 7 വിക്കറ്റിനും, ന്യൂസിലാൻഡിനെ വാക് ഓവറിലും പരാജയപെടുത്തിയാണ് കെനിയ സ്റ്റീവ് ടിക്കോളോയുടെ ക്യാപ്റ്റൻസിയിൽ 2003 ഏകദിന ലോകകപ്പ് സെമി ഫൈനൽ വരെ എത്തിയത്.



ആവേശകരമായ ശ്രീലങ്ക -കെനിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കെനിയയെ 9 വിക്കറ്റ് നഷ്ടത്തിൽ 210 റൺസിൽ ശ്രീലങ്ക ഒതുക്കി. മുത്തയ്യ മുരളീധരന്റെ 10 ഓവറിൽ 28 റൺസ് വഴങ്ങിയുള്ള 4 വിക്കറ്റ് പ്രകടനവും, പേസർ ചാമിന്ത വാസിന്റ 10 ഓവറിൽ 41 റൺസ് വഴങ്ങിയുള്ള 3 വിക്കറ്റ് പ്രകടനവും കെനിയയെ ചെറിയ സ്കോറിൽ ഒതുക്കാൻ സഹായകമായി.

എന്നാൽ അതിലും വലിയ പ്രഹരമായിരുന്നു കെനിയൻ ബൗളർമാർ ലങ്കൻ ബാറ്റ്‌സ്മാന്മാർക്ക് ഒരുക്കിയത്. 10 ഓവറിൽ 24 റൺസ് മാത്രം വഴങ്ങി കെനിയയുടെ ലെഗ്സ്പിൻ ബൗളർ കോളിൻസ് ഓബുയയുടെ 5 വിക്കറ്റ് പ്രകടനവും, 5 ഓവറിൽ 13 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് നേടിയ ക്യാപ്റ്റൻ സ്റ്റീവ് ടിക്കോളോയുടെ പ്രകടനവും ലങ്കൻ ബാറ്റ്‌സ്മാന്മാരുടെ ഹൃദയം തകർത്തു. ആവേശകരമായ മത്സരത്തിൽ 6 ബാറ്റ്‌സ്മാന്മാർ 2 അക്കം കാണാതെ 45 ഓവറിൽ 157 റൺസിന് ശ്രീലങ്കയുടെ എല്ലാ ബാറ്റ്‌സ്മന്മാരും പുറത്തായി. കെനിയക്ക് 53 റൺസിന്റെ ആവേശകരമായ വിജയം.

ആവേശകരമായ മറ്റൊരു മത്സരത്തിൽ ആ കാലഘട്ടത്തിലെ ഒരു മുൻനിര ടീമായ സിംബാബ്‌വേയെ കെനിയ പരാജയപ്പെടുത്തി. ടോസ്സ് നേടി ആദ്യം ബാറ്റ് ചെയ്യൻ തീരുമാനിച്ച സിമ്പാവേയുടെ തീരുമാനം തീർത്തും തെറ്റാണെന്ന് തെളിയിക്കുന്ന ബൗളിംഗ് പ്രകടനമായിരുന്നു കെനിയൻ ബൗളർമാർ കാഴ്ച്ചവെച്ചത്. 8 ഓവറിൽ 19 റൺസ് മാത്രം വഴങ്ങി 2 മെയ്ഡിൻ ഉൾപ്പടെ 3 വിക്കറ്റ് നേടിയ മാർട്ടിൻ സുച്ചിയും 10 ഓവറിൽ 32 റൺസ് വഴങ്ങി 3 വിക്കറ്റ് നേടിയ കോളിൻസ് ഓബുയയുടെ പ്രകടനവും,2.1 ഓവറിൽ 2 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് നേടിയ ക്യാപ്റ്റൻ സ്റ്റീവ് ടിക്കോളയുടെ നിർണായക പ്രകടനവും കൂടെ ആയപ്പോൾ സിംബാബ്‌വേയുടെ 8 ബാറ്റ്‌സ്മാന്മാർ 2 അക്കം കാണാത്ത ആവേശം നിറഞ്ഞ മത്സരത്തിൽ ആൻഡി ഫ്ലവറിന്റെ 63 റൺസ് ചെറുത്തുനിൽപ്പിന്റെ ബലത്തിൽ 44.1 ഓവറിൽ 133 റൺസിന് എല്ലാവരും പുറത്തായി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കെനിയ കേവലം 26 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം പൂർത്തിയാക്കി. തോമസ് ഓടോയയുടെ 43 റൺസ് പ്രകടനവും, മൗറീസ് ഒടുമ്പയുടെ 38 റൺസ് പ്രകടനവും കെനിയക്ക് 7 വിക്കറ്റ് വിജയം അനായാസമാക്കി. മറ്റൊരു മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ടോസ്സ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കെനിയൻ ബാറ്റ്‌സ്മാന്മാരെ വരിഞ്ഞു മുറുക്കാൻ ബംഗ്ലാദേശ് ബൗളേഴ്‌സ് ശ്രമിച്ചു. ഓഫ്‌ ബ്രേക്ക്‌ ബൗളർ സനു ഹോസൈന്റെ 10 ഓവറിൽ 49 റൺസിന് 3 വിക്കറ്റ് പ്രകടനവും, മുഹമ്മദ്‌ റഫീഖ്, ഖലീദ് മഹ്മൂദ്, തപഷ് ബേസിയ, മജുറുൽ ഇസ്ലാം എന്നീ ബൗളർമാരുടെ ഓരോ വിക്കറ്റ് പ്രകടനവും കെനിയയുടെ സ്കോർ 217 ന് 7 വിക്കറ്റിൽ ഒതുക്കി.

ഇന്ത്യൻ വംശജൻ കൂടെ ആയ രവി ഷായുടെ 37 റൺസ് പ്രകടനം, ക്യാപ്റ്റൻ സ്റ്റീവ് ടിക്കോളോയുടെ 27 റൺസ് പ്രകടനം, ഓൾ റൗണ്ടർ മൗറീസ് ഒടുമ്പയുടെ 52 റൺസ് അർദ്ധ സെഞ്ച്വറിയുടെയും ചെറുത്തുനിൽപ്പിലാണ് കെനിയ 217 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തിയത്.എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് അത്ര എളുപ്പമല്ലായിരുന്നു കാര്യങ്ങൾ. മൗറീസ് ഒടുമ്പയുടെ 10 ഓവറിൽ 38 റൺസിന്റെ 4 വിക്കറ്റ് പ്രകടനവും,മാർട്ടിൻ സുജിയുടെ 8 ഓവറിലെ 27 റൺസിന് 2 വിക്കറ്റ് പ്രകടനവും, ക്യാപ്റ്റൻ സ്റ്റീവ് ടിക്കോളോയുടെ 5.2 ഓവറിലെ 14 റൺസിന് 3 വിക്കറ്റ് പ്രകടനവും ബംഗ്ലാ കടുവകളുടെ നട്ടെല്ല് ഒടിച്ചു. 47.2 ഓവറിൽ 185 റൺസിന് ബംഗ്ലാദേശിന്റെ എല്ലാവരും പുറത്തായി. ആവേശകരമായ മത്സരത്തിൽ കെനിയക്ക് 32 റൺസ് വിജയം.


9 മത്സരങ്ങളിൽ നിന്ന് 206 റൺസും 9 വിക്കറ്റും നേടിയ ടിക്കോളോയുടെ ഓൾ റൗണ്ട് പ്രകടനം അനായാസം കെനിയ ടീമിനെ സെമിയിൽ എത്തിച്ചു. ഇന്ത്യ ആയിരുന്നു സെമിയിൽ കെനിയയുടെ എതിരാളികൾ. ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ 111 റൺസ് സെഞ്ച്വറിയുടെയും സച്ചിൻ തെണ്ടുൽക്കറുടെ 83 റൺസിന്റെയും മികവിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 270റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കെനിയ, ഇന്ത്യയുടെ സഹീർ ഖാന്റെ 3 വിക്കറ്റ് പ്രകടനം, ആഷിഷ് നെഹ്റ, സച്ചിൻ തെണ്ടുൽക്കർ എന്നിവരുടെ 2 വിക്കറ്റ് വീതമുള്ള പ്രകടനത്തിലും തകർന്ന് വീണിരുന്നു.

ഇന്ത്യക്കെതിരെ 6 ബാറ്റ്‌സ്മാൻമാർ രണ്ടക്കം കാണാതെ പരാജയപ്പെട്ടപ്പോൾ അർദ്ധ സെഞ്ച്വറിയുമായി ക്യാപ്റ്റൻ ടിക്കോളോയുടെ ചെറുത്തുനിൽപ്പ് ശ്രദ്ധേയമായിരുന്നു. 56 റൺസിൽ നിൽക്കെ ടിക്കോളോയെ സച്ചിൻ തെണ്ടുൽക്കർ ബൗളഡ് ആക്കിയപ്പോൾ തകർന്നത് കെനിയൻ ജനതയുടെ മനസ്സിലെ ലോകകപ്പ് ഫൈനൽ സ്വപ്നങ്ങൾ ആയിരുന്നു. ICC യുടെ അസോസിയേറ്റ് മെമ്പർ മാത്രമായിരുന്ന കെനിയ പോലൊരു കുഞ്ഞൻ ക്രിക്കറ്റ് രാജ്യത്തെ 2003 ലോകകപ്പിൽ സെമിഫൈനൽ വരെ എത്തിച്ച ക്യാപ്റ്റൻ സ്റ്റീഫൻ ടിക്കോളോ ഒരുപക്ഷെ ഇന്ത്യക്ക് മുൻപിൽ പരാജയപെട്ടെങ്കിലും കെനിയൻ ജനതയുടെ ഹൃദയത്തിലേക്കാണ് ആ 5 ആം നമ്പർ ജേഴ്‌സിക്കാരനും അദ്ദേഹത്തിന്റെ ടീമും വിജയിച്ച് നടന്നുനീങ്ങിയത്.

Next Story