2007 മുതല്‍ ഐസിസി വേദികളില്‍ ന്യൂസിലന്‍ഡിനോട് വിജയിക്കാനാകാതെ ടീം ഇന്ത്യ
ഈ കാലയളവില്‍ നാലു പ്രാവശ്യമാണ് ഐസിസി വേദികളില്‍ ന്യൂസിലൻഡും ഇന്ത്യയും നേർക്കുനേർ വന്നത്.
പ്രഥമ ലോക ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനോട് ഇന്ത്യ തോറ്റതോടെ ഐസിസി ഈവന്‍റുകളിൽ ന്യൂസിലൻഡിനോട് തോൽക്കുന്ന ഇന്ത്യയുടെ പതിവ് ചർച്ചയാകുന്നു.
ഐ.സി.സി ടൂർണമെന്‍റുകളിൽ ന്യൂസിലൻഡിനോട് തോൽക്കുന്ന പതിവ് ഇന്ത്യൻ ടീം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കഴിഞ്ഞ 18 വർഷം മുമ്പായിരുന്നു ഇന്ത്യ അവസാനമായി ന്യൂസിലൻഡിനെ തോൽപ്പിച്ചത്.
2007 മുതൽ 2021 വരെ ഐസിസി ടൂർണമെന്‍റുകളിൽ ഇന്ത്യയും ന്യൂസിലൻഡും നേർക്കുനേർ വന്നപ്പോഴൊക്കെ ജയം കിവികൾക്കൊപ്പമായിരുന്നു.
അതേസമയം ഈ കാലയളവിൽ ന്യൂസിലൻഡിന് ഒരു ലോക കിരീടം മാത്രമേ നേടാനായുള്ളൂ. അതേസമയം വ്യത്യസ്ത ഫോർമാറ്റുകളിൽ ഇന്ത്യ മൂന്ന് ലോക കിരീടങ്ങൾ നേടി. പക്ഷേ അതിൽ ഒന്നിൽ പോലും കിവികളുടെ പരാജയത്തിന്റെ അകമ്പടി ഉണ്ടായിരുന്നില്ല.
നാലു പ്രാവശ്യമാണ് ഐസിസി വേദികളില്‍ ന്യൂസിലൻഡും ഇന്ത്യയും നേർക്കുനേർ വന്നത്. അവ ഇതൊക്കെയാണ്.
2007 ട്വന്‍റി-20 ലോകകപ്പ്
പ്രഥമ ട്വന്റി-20 ലോകകപ്പ് നടന്ന 2007. ധോണിയെന്ന പുതിയ നായകന്റെ ആദ്യത്തെ ഐസിസി ടൂർണമെന്റ്. ആകെ ഒരു പരമ്പരയുടെ മാത്രം ട്വന്റി-20 മത്സര പരിചയമുള്ള ഒരു സംഘത്തെ നയിച്ചു കൊണ്ടാണ് ധോണി വന്നത്. ടൂർണമെന്റിലെ 13-ാം മത്സരത്തിലായിരുന്നു ഇന്ത്യയും ന്യൂസിലൻഡും നേർക്കു നേർ വന്നത്. ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ബാറ്റിങനയച്ചു. ന്യൂസിലൻഡ് ഇന്ത്യയ്ക്ക് മുന്നിൽ വച്ചത് 191 എന്ന വലിയ വിജയലക്ഷ്യമായിരുന്നു.
ഇന്ത്യയ്ക്ക് ഗംഭീറും(51) സേവാഗും(40) ചേർന്ന് ആദ്യ വിക്കറ്റിൽ 5.5 ഓവറിൽ 76 റൺസ് നേടി മികച്ച തുടക്കം നൽകി. പക്ഷേ പിന്നീട് വന്ന ആർക്കും ആ മികച്ച തുടക്കം മുതലാക്കാനായില്ല. ഇന്ത്യ 10 റൺസിന്റെ തോൽവി ഏറ്റുവാങ്ങി.
2016 ട്വന്‍റി-20 ലോകകപ്പ്
2007 നു ശേഷം 2016 ലാണ് ഇന്ത്യയും ന്യൂസിലൻഡും ഒരു ഐസിസി വേദിയിൽ പരസ്പരം മത്സരിക്കുന്നത്. ധോണി എന്ന നായകൻ ഇന്ത്യ കണ്ട ഏറ്റവും വിജയ ശരാശരിയുള്ള നായകനായി മാറുന്ന കാലത്താണ് ഈ ടൂർണമെന്റ് നടക്കുന്നത്. എതിർ വഴത്ത് കെയിൻ വില്യംസൺ ന്യൂസിലൻഡ് നായകൻ. ബ്രണ്ടൻ മക്കല്ലം വിരമിച്ച ശേഷമുള്ള ടൂർണമെന്റിനാണ് ന്യൂസിലൻഡ് ഇറങ്ങിയത്.
ടിം സൗത്തിയേയും ട്രെന്റ് ബോൾട്ടിനെയും പുറത്തിരുത്തി മൂന്ന് സ്പിന്നർമാരുമായാണ് ന്യൂസിലൻഡ് ഇന്ത്യയെ നേരിട്ടത്. ആശിഷ് നെഹ്‌റയുടെയും ബൂമ്രയുടെയും പേസ് കരുത്തിനെ വിശ്വസിച്ചാണ് ഇന്ത്യ കളത്തിലിറങ്ങിയത്.
ആ പരീക്ഷണത്തിൽ വിജയിച്ചത് വില്യംസണായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിനെ ഇന്ത്യ 126 ന് വീഴ്ത്തിയെങ്കിലും ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയെ സ്പിൻ കെണിയിൽ കിവീസ് കറക്കിവീഴ്ത്തി. 79 റൺസിന് ഇന്ത്യ പുറത്ത്. സ്പിന്നർമാർക്ക് 9 വിക്കറ്റ്. ഇന്ത്യയ്ക്ക് 47 റൺസിന്റെ ദയനീയ തോൽവി. പക്ഷേ ടൂർണമെന്റിൽ ശക്തമായി തിരിച്ചുവന്ന ധോണിപട സെമിെൈഫനലിലാണ് പുറത്തായത്.
2019 ലോകകപ്പ്
അടുത്ത കാലത്ത് ഇന്ത്യൻ ആരാധകരെ ഏറ്റവും വിഷമിപ്പിച്ച തോൽവികളിലൊന്നാണ് 2019 ലോകകപ്പിൽ ന്യൂസിലൻഡിനോട് ഏറ്റുവാങ്ങിയ തോൽവി. ഇന്ത്യൻ ആരാധകർ ഓർക്കാൻ ഇഷ്ടപെടാത്ത തോൽവികളിലൊന്ന്. സെമി-ഫൈനലിലാണ് ഇന്ത്യൻ ആരാധകരെ ഒന്നടങ്കം നിരാശയിലാഴ്ത്തി ഇന്ത്യ വീണത്. ന്യൂസിലൻഡ് ഉയർത്തിയ 240 എന്ന താരതമ്യേന പിന്തുടരാൻ അത്ര ബുദ്ധിമുട്ടില്ലാത്ത സ്‌കോറിന് മുന്നിൽ ആദ്യ നാലോവറിൽ തന്നെ രോഹിത്തിനെയും കോലിയേയും രാഹുലിനെയും നഷ്ടമായി. ധോണിയും ജഡേജയും പ്രതീക്ഷ നൽകിയെങ്കിലും അപ്രതീക്ഷിതമായൊരു റണൗട്ടിലൂടെ ധോണി പുറത്തുപോയതോടെ ഇന്ത്യ അനിവാര്യമായ തോൽവി മുന്നിൽക്കണ്ടു. ധോണി 50 റൺസും ജഡേജ 77 റൺസും നേടി. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന 116 റൺസാണ് കൂട്ടിച്ചേർത്തത്. അന്ന് ധോണി തലതാഴ്ത്തി പവലിയനിലേക്ക് നടന്ന രംഗം ഇന്നും ഇന്ത്യൻ ആരാധകരുടെ ഹൃദയത്തിലുണ്ട്. ടൂർണമെന്റിൽ ബൗണ്ടറികളുടെ കണക്കിൽ ഫൈനലിൽ ന്യൂസിലൻഡ് ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു.
2021 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്
ന്യൂസിലൻഡിനോടുള്ള ഇന്ത്യയുടെ തുടർ പരാജയങ്ങൾക്ക് മുകളിൽ ന്യൂസിലൻഡ് അവസാനം അടിച്ച ആണിയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവി. രണ്ടു ദിവസം മഴ കൊണ്ടു പോയിട്ടും ന്യൂസിലൻഡിനോട് തോൽക്കുന്ന പതിവ് ഒരു സമനിലയാക്കി പോലും ചുരുക്കാൻ ഇന്ത്യയ്ക്കായില്ല. അവസാന ദിനം 139 റൺസ് വിജയിക്കാൻ വേണ്ടിയിരുന്ന ന്യൂസിലൻഡ് നായകൻ വില്യംസണിന്റെയും റോസ് ടെയ്‌ലറിന്റെയും ബലത്തിൽ ഇന്ത്യയെ തോൽപ്പിച്ചു. രണ്ട് പതിറ്റാണ്ടിനു ശേഷം ന്യൂസിലൻഡ് ഒരു ലോക കിരീടം ഉയർത്തിയപ്പോൾ ഇന്ത്യ ഐസിസി വേദികളിൽ ന്യൂസിലൻഡിനോടുള്ള നാലാം പരാജയം നുണഞ്ഞു.
Adjust Story Font
16