Quantcast

ഇടവേളയ്ക്കു ശേഷം ശക്തമായി തിരിച്ചുവരാനൊരുങ്ങി ആഭ്യന്തര ക്രിക്കറ്റ്; ഈ സീസണിൽ നടക്കുക 2127 മത്സരങ്ങൾ

കഴിഞ്ഞ പ്രാവശ്യം കോവിഡ് മൂലം ഉപേക്ഷിച്ച രഞ്ജി ട്രോഫിയും ഇത്തവണ നടക്കും.

MediaOne Logo

Sports Desk

  • Published:

    4 July 2021 4:41 AM GMT

ഇടവേളയ്ക്കു ശേഷം ശക്തമായി തിരിച്ചുവരാനൊരുങ്ങി ആഭ്യന്തര ക്രിക്കറ്റ്; ഈ സീസണിൽ നടക്കുക 2127 മത്സരങ്ങൾ
X

കോവിഡ് മഹാമാരി നൽകിയ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ്. 2021-22 സീസണിൽ 2,127 മത്സരങ്ങൾ നടത്തുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. സെപ്റ്റംബർ 21നാണ് ഈ സീസണിലെ മത്സരങ്ങൾ ആരംഭിക്കുക. കഴിഞ്ഞ പ്രാവശ്യം കോവിഡ് മൂലം ഉപേക്ഷിച്ച രഞ്ജി ട്രോഫിയും ഇത്തവണ നടക്കും.

കഴിഞ്ഞ സീസണിൽ വിജയ് ഹസാരെ ട്രോഫിയും സയ്യിദ് മുഷ്താഖ് അലി ട്രോഫിയും മാത്രമാണ് ബിസിസിഐക്ക് നടത്താനായത്.

2021-22 സീസൺ ആരംഭിക്കുക വനിതകളുടെ ഏകദിന ലീഗ് മത്സരങ്ങളോടെയാണ്. പിന്നാലെ വനിതകളുടെ ചലഞ്ചർ ട്രോഫി മത്സരങ്ങൾ നടക്കും. ലിസ്റ്റ്-എ കളിക്കാരാകും ചലഞ്ചർ ട്രോഫി കളിക്കുക. വനിതകളുടെ ഏകദിന ലീഗിൽ 160 മത്സരങ്ങളും ചലഞ്ചർ ട്രോഫിയിൽ 4 മത്സരങ്ങളും നടക്കും.

പുരുഷ ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിക്കുക ഒക്ടോബർ 20നാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയാണ് ആദ്യ ടൂർണമെന്റ്. 149 മത്സരങ്ങളാണ് അതിൽ ഉൾപ്പെട്ടിട്ടുള്ളത്. ട്വന്റി-20 ടൂർണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫി കഴിഞ്ഞു നാലു ദിവസം കഴിഞ്ഞു താരങ്ങൾ ടെസ്റ്റ് ക്രിക്കറ്റിലേക്ക് മാറും- രഞ്ജി ട്രോഫി. നവംബർ 16 മുതൽ 2022 ഫെബ്രുവരി 19 വരെയാണ് രഞ്ജി ട്രോഫി നടക്കുക.

രഞ്ജി ട്രോഫിക്ക് ശേഷവും താരങ്ങൾക്ക് വലിയ ഇടവേളയൊന്നുമില്ല. വെറും നാലു ദിവസത്തെ വിശ്രമത്തിന് ശേഷം വിജയ് ഹസാരെ ട്രോഫിക്ക് വേണ്ടി ബാറ്റും ബോളുമെടുത്ത് അവർ വീണ്ടുമിറങ്ങും. രഞ്ജി ട്രോഫിയിൽ 177 മത്സരങ്ങളും വിജയ് ഹസാരെ ട്രോഫിയിൽ 169 മത്സരങ്ങളും നടക്കും.

അതേസമയം ജൂനിയർ താരങ്ങൾക്കായുള്ള അണ്ടർ-23, അണ്ടർ-19, അണ്ടർ-16 മത്സരങ്ങളും നടക്കും. കൂടാതെ വനിതകളുടെ അണ്ടർ-23, അണ്ടർ-19 മത്സരങ്ങളും നടക്കും.

ഇത് കൂടാതെ കോവിഡ് മൂലം നിർത്തിവച്ച കഴിഞ്ഞ എഡിഷൻ ഐപിഎല്ലിന്റെ ബാക്കി മത്സരങ്ങളും നടക്കേണ്ടതുണ്ട്. സെപ്റ്റംബറിൽ യുഎഇയിലാണ് ബാക്കിയുള്ള ഐപിഎൽ മത്സരങ്ങൾ നടക്കുക.

പ്രധാനമായും ആളും ആരവങ്ങളുമില്ലാതെയാണ് കഴിഞ്ഞ വർഷം നടന്ന ക്രിക്കറ്റ് ടൂർണമെന്റുകളെല്ലാം നടന്നത്. ആരാധകരെ സംബന്ധിച്ചിടത്തോളം ആ അരങ്ങും ആളുകളും ആരവങ്ങളും അവർക്ക് അത്രയും പ്രിയപ്പെട്ടതാണ്. കോവിഡ് വ്യാപനം കുറഞ്ഞ് ഈ സീസണിലെങ്കിലും നിറഞ്ഞ സ്റ്റേഡിയങ്ങൾകാണാൻ സാധിക്കണമെന്നാണ് ആരാധകരുടെ ആഗ്രഹം.

TAGS :

Next Story