Quantcast

"മുംബൈ ടീമിലെടുത്തു എന്നറിഞ്ഞതും അമ്മ പൊട്ടിക്കരഞ്ഞു, ഇനി ഈ വാടക വീട്ടില്‍ നിന്നു മാറണം"-തിലക് വര്‍മ

രാജസ്ഥാനെതിരെ മുബൈക്കായി നടത്തിയ മിന്നും പ്രകടനത്തോടെ ക്രിക്കറ്റ് ലോകത്തിന്‍റെ ചര്‍ച്ചാ വിഷയമായ തിലക് വര്‍മയെന്ന 19 കാരന്‍റെ കഥ

MediaOne Logo

Web Desk

  • Published:

    3 April 2022 1:50 PM GMT

മുംബൈ ടീമിലെടുത്തു എന്നറിഞ്ഞതും അമ്മ പൊട്ടിക്കരഞ്ഞു, ഇനി ഈ വാടക വീട്ടില്‍ നിന്നു മാറണം-തിലക് വര്‍മ
X

ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ മുംബൈക്കായി നടത്തിയ അവിസ്മരണീയ പ്രകടനത്തോടെ യുവതാരം തിലക് വർമ ക്രിക്കറ്റ് ലോകത്തെ ചർച്ചകളിൽ നിറയുകയാണ്. രാജസ്ഥാനെതിരെ 33 പന്തിൽ നിന്ന് അഞ്ചു സിക്‌സറുകളുടേയും മൂന്ന് ഫോറുകളുടേയും അകമ്പടിയിൽ 61 റൺസാണ് ഈ 19 കാരൻ അടിച്ചു കൂട്ടിയത്. മുൻ ഇന്ത്യൻ പരിശീലകനും കമന്‍റേറ്ററുമായ രവിശാസ്ത്രി ഉൾപ്പെടെ നിരവധി പേർ ഇതിനോടകം തന്നെ തിലക് വർമയെ പ്രശംസിച്ച് രംഗത്ത് വന്നു.

2022 അണ്ടർ 19 ലോകപ്പിൽ ഇന്ത്യൻ ടീമിലുണ്ടായിരുന്ന തിലക് വർമയെ 1.7 കോടി രൂപക്കാണ് മുബൈ സ്വന്തമാക്കുന്നത്. ഐ.പി.എൽ മെഗാ താരലേലത്തിൽ മുംബൈയും ചെന്നൈയുമാണ് തിലകിനായി രംഗത്തുണ്ടായിരുന്നത്.

ഹൈദരാബാദിനായി ആഭ്യന്തര ക്രിക്കറ്റിൽ നടത്തിയ മികച്ച പ്രകടനങ്ങളാണ് തിലകിന് അണ്ടർ 19 ടീമിലേക്കും പിന്നീട് ഐ.പി.എല്ലിലേക്കുമുള്ള വഴിതുറന്നത്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നൊരു കുടുംബത്തിൽ ജനിച്ച തിലക് കഠിനാധ്വാനത്തിലൂടെയാണ് തന്‍റെ സ്വപ്‌നസാക്ഷാത്കാരത്തിലെത്തുന്നത്. വാടകവീട്ടിൽ താമസിക്കുന്ന തിലകിന് സ്വന്തമായി ഒരു വീടു പോലുമില്ല. ഇക്കുറി മുംബൈ തന്നെ ടീമിലെടുത്തു എന്നറിഞ്ഞതും അമ്മ പൊട്ടിക്കരഞ്ഞുവെന്നും അമ്മക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ലെന്നും ഐ.പി.എല്ലില്‍ നിന്ന് കിട്ടുന്ന പണം കൊണ്ട് അമ്മക്കും അച്ഛനുമായി പുതിയൊരു വീടുപണിയണമെന്നും തിലക് വര്‍മ പറഞ്ഞു.

"ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞൊരു കുടുംബത്തിലാണ് ഞാൻ വളർന്നത് അച്ഛന്റെ തുച്ചമായ വരുമാനത്തിൽ നിന്നാണ് ഞാന്‍ പരിശീലത്തിന് പണം കണ്ടെത്തിയിരുന്നത്. പിന്നീട് കോച്ചുമാരും സഹായവുമായി കൂട്ടിനെത്തി.

ഐ.പി.എല്ലിൽ താരലേലം നടക്കുമ്പോൾ എന്‍റെ കോച്ചുമായി ഫോണിൽ സംസാരിക്കുകയായിരുന്നു ഞാൻ. ചെന്നൈയും മുബൈയും എനിക്ക് വേണ്ടി രംഗത്തുണ്ടെന്നും തുക കൂടിക്കൂടി വരികയാണ് എന്നറിഞ്ഞതും കോച്ചിന് വലിയ സന്തോഷമായി. ഒടുക്കം മുംബൈ എന്നെ ടീമിലെടുത്ത ഉടൻ ഞാൻ അമ്മയെ വിളിച്ചു. ഈ വാർത്ത കേട്ടതും അമ്മ പൊട്ടിക്കരഞ്ഞു. അമ്മയുടെ തൊണ്ടയിടറുന്നുണ്ടായിരുന്നു. ഐ.പി.എല്ലിൽ നിന്ന് ലഭിക്കുന്ന പണം കൊണ്ട് അച്ഛനും അമ്മക്കുമായി പുതിയൊരു വീടു പണിയണം അതാണെന്‍റെ ഏറ്റവും വലിയ ആഗ്രഹം"- തിലക് പറഞ്ഞു.

TAGS :

Next Story