'തോറ്റ്.. തോറ്റ്.. തോറ്റ്...'; മൂന്നാം മത്സരത്തിലും ജയം കാണാതെ ചെന്നൈ
പഞ്ചാബിന്‍റെ ജയം 54 റണ്‍സിന്
ഐ.പി.എല്ലിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ചെന്നൈ സൂപ്പർ കിംഗ്സിന് നാണംകെട്ട തോൽവി. പഞ്ചാബ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് 126 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. ബാറ്റ് കൊണ്ട് പന്തു കൊണ്ടും ഒരുപോലെ തിളങ്ങിയ ലിയാങ് ലിവിസ്റ്റണാണ് ചെന്നൈയെ തകര്‍ത്തത്. പഞ്ചാബ് ബൗളർമാർക്ക് മുന്നിൽ ചെന്നൈ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരുന്ന കാഴ്ചയാണ് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ കണ്ടത്. സ്കോര്‍ ബോര്‍ഡ് 36 റണ്‍സ് കടക്കും മുമ്പേ ചെന്നൈയുടെ അഞ്ച് ബാറ്റര്‍മാരാണ് കൂടാരം കയറിയത്. അര്‍ധശതകം നേടിയ ശിവം ഡൂബേയും മഹേന്ദ്രസിങ് ധോണിയും അവസാന ഓവറുകളില്‍ പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല. ഡൂബേ 30 പന്തില്‍ 57 റണ്‍സെടുത്ത് പുറത്തായി. പഞ്ചാബിനായി രാഹുല്‍ ചഹാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലിവിംഗ്സ്റ്റണും വൈഭവ് അറോറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ചെന്നൈ നിരയില്‍ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയും മുഈന്‍അലിയും ഡ്വൈന്‍ ബ്രാവോയും സംപൂജ്യരായി മടങ്ങിയപ്പോള്‍ രാഹുല്‍ ഗെയ്ക് വാദിന് വെറും ഒരു റണ്‍സ് മാത്രമാണ് എടുക്കാനായത്. ഓപ്പണര്‍ റോബിന്‍ ഉത്തപ്പയും അംബാട്ടി റായിഡുവും 13 റണ്‍സെടുത്ത് പുറത്തായപ്പോള്‍ മഹേന്ദ്രസിങ് ധോണി 23 റണ്‍സെടുത്ത് പുറത്തായി.
നേരത്തെ ലിവിങ്സ്റ്റണ്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിന്‍റെ മികവിലാണ് പഞ്ചാബ് 180 റൺസ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ പഞ്ചാബ് കിങ്‌സ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 180 റൺസ് എടുത്തത്. മികച്ച തുടക്കമൊന്നും പഞ്ചാബിന് ലഭിച്ചില്ല. ടീം സ്‌കോർ നാലിൽ നിൽക്കെ നായകൻ മായങ്ക് അഗർവാൾ പുറത്തായി.
എന്നാൽ പിന്നീട് ശിഖർ ധവാനും ലിവിങ്സ്റ്റണും ചേർന്ന് സ്‌കോർബോർഡ് ചലിപ്പിച്ചു. ലിവിങ്സ്റ്റണായിരുന്നു അപകടകാരി. 32 പന്തിൽ അഞ്ച് വീതം ഫോറും സിക്‌സറും അടക്കം 60 റൺസാണ് ലിവിങ്സ്റ്റൺ നേടിയത്.
ശിഖർ ധവാൻ 33 റണ്‍സെടുത്തു. പിന്നാലെ വന്ന ജിതേഷ് ശർമ്മ മിന്നൽ നീക്കങ്ങൾ നടത്തിയെങ്കിലും(17 പന്തിൽ 26) ആയുസ് കുറവായിരുന്നു. ഷാറൂഖ് ഖാനും(6) തിളങ്ങാനായില്ല. അവസാന ഓവറുകളിൽ സ്‌കോർബോർഡ് ചലിപ്പിക്കാൻ വാലറ്റക്കാർക്ക് കഴിയാതെ വന്നതോടെ പഞ്ചാബ് മുടന്തി. അവസാന ഓവറുകളിൽ ചെന്നൈ തിരിച്ചുവന്നതോടെ പഞ്ചാബ് സ്‌കോർ 180ൽ ഒതുങ്ങി. ഒരു ഘട്ടത്തിൽ 200 ലേറെ പ്രൊജക്ടഡ് സ്‌കോർ വന്ന ഇന്നിങ്‌സാണ് ചെന്നൈ 180ൽ ഒതുക്കിയത്. ചെന്നൈക്ക് വേണ്ടി പ്രിട്ടോറിയസ്, ക്രിസ് ജോർദാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Adjust Story Font
16