Quantcast

'സഞ്ജു രോഹിതിനെ പോലെ, ടോപ് ഓർഡറിലിറക്കിയാൽ തിളങ്ങും'; നിരീക്ഷണവുമായി മുൻ ഇന്ത്യൻ താരം

അയർലാൻഡിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ സഞ്ജു സാംസണ് 'ഡ്യൂട്ടി'യുണ്ട്

MediaOne Logo

Sports Desk

  • Updated:

    2023-08-15 13:52:25.0

Published:

15 Aug 2023 10:44 AM GMT

Commentator and former India opener Akash Chopra says that to get the best out of Sanju Samson, the team should be allowed to bat in the top order.
X

മുംബൈ: വെസ്റ്റ്ഇൻഡീസിനെതിരായ ടി20 പരമ്പര തോൽവിക്ക് പിന്നാലെ ഏറെ വിമർശനങ്ങൾ നേരിടുകയാണ് മലയാളി താരം സഞ്ജു സാംസൺ. അവസരങ്ങൾ കിട്ടുന്നില്ലെന്ന മുറവിളികൾക്കൊടുവിൽ ടീമിൽ ഇടം ലഭിച്ചിട്ടും മുതലെടുക്കാനാകാതെ പോയതാണ് താരത്തിനെതിരെ വിമർശനത്തിനിടയാക്കുന്നത്. എന്നാൽ താരത്തിൽ നിന്ന് മികച്ച പ്രകടനം ടീമിന് ലഭിക്കണമെങ്കിൽ ടോപ് ഓർഡറിൽ ബാറ്റിംഗിന് ഇറക്കണമെന്നാണ് കമന്റേൻററും മുൻ ഇന്ത്യൻ ഓപ്പണറുമായ ആകാശ് ചോപ്ര പറയുന്നത്. സഞ്ജു രോഹിത് ശർമയെ പോലെ ടോപ് ഓർഡറിൽ ബാറ്റ് ചെയ്യേണ്ട താരമാണെന്നും ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

'നല്ല റിസൽട്ട് ലഭിക്കണമെങ്കിൽ ക്രിക്കറ്റ് ഫോർമാറ്റുകൾ പരിഗണിക്കാതെ സഞ്ജു സാംസണെ ടോപ് ഓർഡറിൽ ബാറ്റിംഗിനിറക്കണം. അങ്ങനെ ചെയ്താൽ മാത്രമേ താരത്തിന്റെ പ്രതിഭയോട് നീതി പുലർത്താനാകൂ. രോഹിത് ശർമയുടെ കാര്യത്തോട് സമാനമാണിത്' ചോപ്ര അഭിപ്രായപ്പെട്ടു.

രോഹിത് ശർമ മോശം പ്രകടനം നടത്തിയപ്പോഴും ടീം മാനേജ്‌മെൻറ് കൂടെ നിന്നത് കൊണ്ട് താരത്തിന്റെ പ്രതിഭ കണ്ടാണെന്നും അദ്ദേഹം മികച്ച പ്രകടനം നടത്തുമ്പോൾ മനോഹരമായ കളിയാണ് കാഴ്ചവെക്കുന്നതെന്നും ചോപ്ര പറഞ്ഞു. ഇന്നത്തെ പ്രതിഭ നാളത്തെ മികച്ച പ്രകടനമായി മാറുമെന്നും ചോപ്ര നിരീക്ഷിച്ചു. നിലവിൽ സഞ്ജുവിന് ടോപ് ഓർഡറിൽ ബാറ്റ് ചെയ്യാൻ അവസരം കിട്ടാനിടയില്ലെന്നും എന്നാൽ മുതിർന്ന താരങ്ങൾ വിരമിച്ചാൽ 29കാരനായ താരത്തിന് ഇടം ലഭിച്ചേക്കാമെന്നും പറഞ്ഞു. ലോവർ മിഡിൽ ഓവറുകളിൽ സഞ്ജു വിജയിക്കാനിടയില്ലെന്നും അഭിപ്രായപ്പെട്ടു. എന്നാൽ താരത്തിന് കൂടുതൽ അവസരം നൽകിയാൽ മികവ് പ്രകടിപ്പിക്കുമെന്നും പറഞ്ഞു.

വൈറ്റ് ബോൾ ക്രിക്കറ്റിൽ ടോപ് ഓർഡർ ബാറ്റിംഗിൽ അവസരം ലഭിക്കുന്നത് കൊണ്ടാണ് ഇഷൻ കിഷൻ മികവ് പ്രകടിപ്പിക്കുന്നതെന്നും അഞ്ചോ ആറോ സ്ഥാനങ്ങളിലാണ് ഇറങ്ങുന്നതെങ്കിൽ പകുതി പ്രകടനം മാത്രമേ ജാർഖണ്ഡുകാരന് നടത്താനാകൂവെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

വിൻഡീസിനെതിരെ സഞ്ജുവിന്റെ പ്രകടനം

വിൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ അഞ്ചിലും സഞ്ജുവിന് അവസരം ലഭിച്ചു. ഇതിൽ രണ്ട് മത്സരങ്ങളിൽ ബാറ്റിങിന് അവസരം കിട്ടിയില്ല എന്നതൊഴിച്ചാൽ ദുരന്തമായിരുന്നു സഞ്ജു.

ബാറ്റിങിന് അവസരം ലഭിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് താരം നേടിയത് വെറും 32 റൺസ്. നേരിടാനായത് വെറും 28 പന്തുകൾ. ഉയർന്ന സ്‌കോർ റൺസ് ഒഴുകുന്ന ഫ്ളോറിഡയിലെ പിച്ചിൽ നേടിയ 13 റൺസും. നിലയുറപ്പിക്കും മുമ്പെ സഞ്ജു മടങ്ങും. തിലക് വർമ്മയും യശസ്വി ജയ്സ്വാളും അവസരം ഉപയോഗപ്പെടുത്തിയെന്നും സഞ്ജു നഷ്ടപ്പെടുത്തിയെന്നുമാണ് ഇപ്പോൾ ആരാധകർ പങ്കുവെക്കുന്നത്. അയർലാൻഡിനെതിരായ ടി20 പരമ്പരയിൽ സഞ്ജു ഉൾപ്പെട്ടിട്ടുണ്ടെങ്കിലും നിലവിലെ ഫോം വെച്ച് നായകൻ ജസ്പ്രീത് ബുംറ അന്തിമ ഇലവനിലേക്ക് പരിഗണിക്കുമോ എന്ന് പോലും ഉറപ്പില്ല.

സഞ്ജുവിന് അവസരം ലഭിക്കുന്നില്ല എന്നാണ് ഇതിന് മുമ്പ് ആരാധകർ നിരന്തരം പങ്കുവെച്ചിരുന്നത്. എന്നാൽ അവസരം ലഭിച്ചപ്പോഴാകട്ടെ നിരാശപ്പെടുത്തുകയും ചെയ്തു. സഞ്ജുവിന്റെ നിലവിലെ ഫോം പരിഗണിക്കുകയാണെങ്കിൽ ഏകദിന ലോകകപ്പിന് സഞ്ജുവിന് സാധ്യതയില്ലെന്നും ലോകേഷ് രാഹുലിനാണ് സാധ്യതയെന്നുമാണ് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടത്. ലോകേഷ് രാഹുൽ ഫിറ്റ്നസ് വീണ്ടെടുക്കുകയാണെങ്കിൽ സഞ്ജുവിനെ ഏകദിന ടീമിൽ കാണില്ലെന്നും ആകാശ് ചോപ്ര പറയുകയുണ്ടായി.

അതേസമയം സഞ്ജുവിന്റെ ഇന്ത്യൻ ടീമിലെ കരിയർ അവസാനിച്ചെന്നും ഇനി ഐ.പി.എല്ലിൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നുമൊക്കെയാണ് സമൂഹമാധ്യമങ്ങിൽ പലരും പങ്കുവെക്കുന്നത്.

അയർലാൻഡിൽ പുതിയ ദൗത്യം

ഇനി ഇന്ത്യൻ ടീമിന് പുതിയ ദൗത്യം അതും പുതിയ നായകന് കീഴിൽ. അയർലാൻഡിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്കാണ് ഇന്ത്യ ഇനി ഒരുങ്ങുന്നത്. പരിക്കേറ്റ് ഏറെക്കാലം പുറത്തായിരുന്ന ജസ്പ്രീത് ബുംറയാണ് ടീമിനെ നയിക്കുന്നത്. വിൻഡീസിനെതിരെ സമാപിച്ച ടി20 ടീമിലെ പ്രമുഖ കളിക്കാർക്കെല്ലം വിശ്രമം നൽകിയപ്പോൾ പുതിയ ടീമുമായാണ് ഇന്ത്യ അയർലാൻഡിലേക്ക് പറക്കുന്നത്. മലയാളി താരം സഞ്ജു സാംസണ് അയർലാൻഡിനെതിരെ 'ഡ്യൂട്ടി'യുണ്ട്. വിക്കറ്റ് കീപ്പർ ബാറ്ററായാണ് സഞ്ജുവിന്റെ സ്ഥാനം. വിൻഡീസിനെതിരായ പരമ്പരയിൽ വൻ പരാജയമായ സഞ്ജുവിന് തിരിച്ചുവരാനുള്ള അവസാന തുരുത്താണ് അയർലാൻഡിലേത്. ബുംറയുടെ കീഴിൽ വിമാനത്തിൽ ഇരിക്കുന്ന ഏതാനും കളിക്കാരുടെ ചിത്രം ബി.സി.സി.ഐ എക്സിൽ പങ്കുവെച്ചു. ഈ മാസം 18,20,23 തിയതികളിൽ അയർലാൻഡിലെ മലാഹിഡെയിലാണ് മത്സരങ്ങൾ. ബി.സി.സി.ഐ പങ്കുവെച്ച ചിത്രങ്ങളിൽ സഞ്ജു ഇല്ല. കരീബിയൻ ദ്വീപിൽ നിന്നും താരം നേരെ അയർലാൻഡിലേക്ക് പറക്കും എന്നാണ് റിപ്പോർട്ടുകൾ. ബുംറക്ക് പുറമെ പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടൺ സുന്ദർ, ഋതുരാജ് ഗെയിക് വാദ്, ശിവം ദുബെ, റിങ്കു സിങ് എന്നിവരുടെ ചിത്രങ്ങളാണ് ബി.സി.സി.ഐ പങ്കുവെച്ചത്. പരിക്കേറ്റ് ഏറെക്കാലം പുറത്തായിരുന്ന ബുംറ തിരിച്ചെത്തുന്നു എന്നതാണ് ഈ പരമ്പരയുടെ പ്രധാന ഹൈലൈറ്റ്. ഏഷ്യാകപ്പും ഏകദിന ലോകകപ്പും അടുത്തിരിക്കെ ബുംറയുടെ ഫോമും തിരിച്ചുവരവും ഇന്ത്യക്ക് ഏറെ പ്രധാനമാണ്.

അതേസമയം മുതിർന്ന താരങ്ങളൊന്നും അയർലാൻഡിലേക്കും ഇല്ല. തിലക് വർമ്മ, യശസ്വി ജയ്സ്വാൾ, മുകേഷ് കുമാർ, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ് എന്നിവരാണ് സഞ്ജുവിനെക്കൂടാതെ വിൻഡീസിൽ നിന്നും അയർലാൻഡിലേക്ക് പറക്കുന്നത്. ഇതിൽ സഞ്ജു ഒഴികെ എല്ലാവരും മികച്ച ഫോമിലും. വിൻഡീസ് പരമ്പരയിലെ കണ്ടെത്തലുകളാണ് തിലക് വർമ്മയും മുകേഷ് കുമാറുമൊക്കെ. ഏതായാലും ഈ വർഷം പ്രധാന ടി20 ടൂർണമെന്റുകളൊന്നും ഇല്ലാത്തതിനാൽ ഇന്ത്യക്ക് അയർലാൻഡിനെതിരായ പരമ്പര അത്ര പ്രധാനമില്ല.

Commentator and former India opener Akash Chopra says that to get the best out of Sanju Samson, the team should be allowed to bat in the top order.

TAGS :

Next Story