ഒരു ലോകകപ്പിൽ അഞ്ച് സെഞ്ച്വറി; രോഹിത് ചരിത്രം സൃഷ്ടിച്ച ദിനം ഇന്ന്
ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ഏതുവിധത്തിലും കിരീടം സ്വന്തമാക്കാനാണ് രോഹിതും സംഘവും ഒരുങ്ങുന്നത്
ഒരു ലോകകപ്പിൽ അഞ്ച് സെഞ്ച്വറി നേടി ഇന്ത്യൻ നായകൻ രോഹിത് ശർമ ചരിത്രം സൃഷ്ടിച്ച ദിനം ഇന്ന്. 2019 ഏകദിന ലോകകപ്പിലായിരുന്നു രോഹിതിന്റെ റൺവേട്ട. ജൂലൈ ആറിന് ശ്രീലങ്കയ്‌ക്കെതിരെ 103 റൺസ് നേടിയാണ് രോഹിത് ചരിത്ര മുഹൂർത്തം സമ്മാനിച്ചത്. ആ മത്സരത്തിൽ ഇന്ത്യ ഏഴു വിക്കറ്റിന് വിജയിക്കുകയും ചെയ്തിരുന്നു. ദക്ഷിണാഫ്രിക്ക (122), പാകിസ്താൻ (140), ഇംഗ്ലണ്ട് (102), ബംഗ്ലാദേശ് (104) എന്നിങ്ങനെയായിരുന്നു ഹിറ്റ്മാന്റെ ഇതര സെഞ്ച്വറികൾ. എന്നാൽ ന്യൂസിലൻഡിനെതിരെ നടന്ന സെമിയിൽ രോഹിത് കേവലം ഒരു റൺസിന് പുറത്തായി. ഇന്ത്യ 18 റൺസിന് പരാജയപ്പെടുകയും ചെയ്തു. ലോകകപ്പിൽ വിരാട് കോഹ്‌ലിയുടെ നായകത്വത്തിലായിരുന്നു ടീം ഇറങ്ങിയത്.
രോഹിതിന്റെ കീഴിൽ ഇന്ത്യൻ ടീം ഈയിടെ കളിച്ച ടി20 ലോകകപ്പിലും ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും വിജയിക്കാനായിരുന്നില്ല. ഇനി സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പാണ് ബാക്കിയുള്ളത്. 2023ലെ ഐസിസി ഏകദിന ലോകകപ്പ് ഇന്ത്യയിൽ വെച്ചാണ് നടക്കുന്നത്. അതിനാൽ തന്നെ ഏതുവിധത്തിലും കിരീടം സ്വന്തമാക്കാനാണ് രോഹിതും സംഘവും ഒരുങ്ങുന്നത്. ഒക്‌ടോബർ അഞ്ച് മുതൽ നവംബർ 19വരെയാണ് ലോകകപ്പ്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ വെച്ച് നവംബർ 19നാണ് ഫൈനൽ.
ഉടൻ നടക്കാനിരിക്കുന്ന വെസ്റ്റിൻഡീസ് പര്യടനം ഇതിനുള്ള മുന്നൊരുക്കമായാണ് ടീം കാണുന്നത്. വെസ്റ്റിൻഡീസിനെതിരെ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. മൂന്നു ഏകദിനങ്ങളും അഞ്ച് ടി 20 മത്സരങ്ങളും കളിക്കും. ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി ഒരാഴ്ചത്തെ പരിശീലന ക്യാമ്പിൽ താരങ്ങൾ പങ്കെടുക്കും. പരിശീലന മത്സരങ്ങളും കളിക്കും. ജൂലൈ 12നാണ് ആദ്യ ടെസ്റ്റ്.
അതേസമയം, നായകനെന്ന നിലയിൽ മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയ്ക്ക് ചില റെക്കോർഡുകളുണ്ട്. നായകനായിരിക്കെ കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം കോഹ്‌ലിയാണ്. 12,883 റൺസാണ് താരത്തിന്റെ പേരിലുള്ളത്. ഏറ്റവും കൂടുതൽ സെഞ്ച്വറിയും കിംഗ് കോഹ്‌ലിയ്ക്ക് സ്വന്തമാണ്. എന്നാൽ അർധസെഞ്ച്വറിയിൽ താരം രണ്ടാമതാണ്. 58 അർധ സെഞ്ച്വറികളാണ് നായകനായിരിക്കെ നേടിയത്.
Today is the day Rohit Sharma created history by scoring five centuries in a World Cup
Adjust Story Font
16