അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; സീനിയർ ടീമിനേറ്റ തോൽവിക്ക് പകരം വീട്ടാൻ ഇന്ത്യ
1988ലെ പ്രഥമ ലോകകപ്പ് ഉൾപ്പടെ മൂന്ന് കിരീടങ്ങളാണ് ഓസീസിന്റെ സമ്പാദ്യം
അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ കലാശപോരാട്ടത്തിൽ ഇന്ത്യ ഇന്ന് ആസ്ത്രേലിയയെ നേരിടും. മാസങ്ങൾക്കു മുമ്പ് ഏകദിന ലോകകപ്പ് ഫൈനലിൽ ഓസീസിൽ നിന്ന് സീനിയർ ടീമിനേറ്റ തോൽവിക്ക് പകരം വീട്ടാൻ യുവതാരങ്ങൾക്കാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇന്ത്യൻ സമയം ഉച്ചക്ക് 1.30നാണ് മത്സരം.
വീണ്ടും ഇന്ത്യ- ആസ്ത്രേലിയ ഫൈനൽ പോരാട്ടം എത്തുമ്പോൾ, വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യൻ ആരാധകർ പ്രതീക്ഷിക്കുന്നില്ല. ഏകദിന ലോകകപ്പ് ഫൈനലിൽ സീനിയർ ടീമിനേറ്റ തോൽവിക്ക് കണക്കുവീട്ടാൻ മികച്ച ഫോമിലുള്ള ഇന്ത്യൻ യുവനിര കാത്തുനിൽക്കുകയാണ്.
ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് ഇരു ടീമുകളും ഫൈനലിലേക്കെത്തിയത്. സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം. ഓസീസാവട്ടെ പാകിസ്ഥാനോട് ഒരു വിക്കറ്റിനാണ് ജയിച്ച് കയറിയത്. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയുടെ ലക്ഷ്യം തുടർച്ചയായ രണ്ടാം കിരീടമാണ്. ഒപ്പം ആറാം ലോക കിരീടവും. 2014ന് ശേഷം നടന്ന എല്ലാ ഫൈനലുകളിലും ഇന്ത്യ കളിക്കാൻ ഇറങ്ങിയിട്ടുണ്ട്.
1988ലെ പ്രഥമ ലോകകപ്പ് ഉൾപ്പടെ മൂന്ന് കിരീടങ്ങളാണ് ഓസീസിന്റെ സമ്പാദ്യം. 2010ന് ശേഷം ലോക കിരീടം കങ്കാരുപ്പടക്ക് നേടാനായിട്ടില്ല.
സച്ചിൻ ദാസും ക്യാപ്റ്റൻ ഉദയ് സഹാറനും ഉൾപ്പടെയുളള താരങ്ങളുടെ മികച്ച ഫോം ഫൈനലിൽ ഇന്ത്യക്ക് മുൻതൂക്കം നൽകുന്നുണ്ട്. എന്നാൽ, നിർണായക മത്സരങ്ങളിൽ മികവ് പുറത്തെടുക്കാറുള്ള ആസ്‍ത്രേലിയ കടുത്ത വെല്ലുവിളി ഉയർത്തും. സെമിയിൽ പാകിസ്താനെതിരെ ആറുവിക്കറ്റ് വീഴ്ത്തിയ ടോം സ്ട്രാക്കറുടെ ബൗളിങ് മികവിൽ ഒരിക്കൽ കൂടി പ്രതീക്ഷയർപ്പിക്കുകയാണ് ആസ്ത്രേലിയ. ഹാരി ഡിക്സനും, ഒലിവർ പീക്കും അവസരത്തിനൊത്ത് ബാറ്റേന്തുമെന്നും ഓസീസ് കരുതുന്നു.
Adjust Story Font
16