നമ്മുടെ ബന്ധം ക്രിക്കറ്റിനുമപ്പുറം, തീരുമാനം ഹൃദയഭേദകം; എബിഡിയുടെ വിരമിക്കലിൽ കോഹ്‌ലി
ഐപിഎല്ലിലെ ഉയർന്ന കൂട്ടുകെട്ടിന്റെ റെക്കോർഡ് ഡിവില്ലിയേഴ്‌സിന്റെയും കോഹ്‌ലിയുടെയും പേരിലാണ്. 2016-ൽ ഗുജറാത്ത് ലയൺസിനെതിരായ മത്സരത്തിൽ രണ്ടാം വിക്കറ്റിൽ 229 റൺസ് നേടിയാണ് താരങ്ങൾ റെക്കോർഡിട്ടത്.
ക്രിക്കറ്റിന്റെ എല്ലാ ഫോർമറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്‌സിന് ഹൃദയ സ്പർശിയായ സന്ദേശവുമായി വിരാട് കോഹ്‌ലി. കോഹ്‌ലി നായകനായ ഐപിൽ ടീം റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്നു ഡിവില്ലിയേഴ്‌സ്.
'ഞങ്ങളുടെ കാലത്തെ ഏറ്റവും മികച്ച കളിക്കാരനും ഞാൻ കണ്ടുമുട്ടിയതിൽ വെച്ച് ഏറ്റവും പ്രചോദനാത്മകവുമായ വ്യക്തി, നിങ്ങൾ കരിയറിൽ സ്വന്തമാക്കിയ നേട്ടങ്ങളിലും ഈ കളിക്കും ഒപ്പം ആർസിബിക്ക് വേണ്ടിയും നൽകിയ കാര്യങ്ങളിലും നിങ്ങൾക്ക് അഭിമാനിക്കാം. നമ്മൾ തമ്മിലുള്ള ബന്ധം അത് ഈ കളിക്കും അപ്പുറമുള്ളതാണ്, അത് എന്നും നിലനിൽക്കും.' - കോഹ്ലി കുറിച്ചു.
This hurts my heart but I know you've made the best decision for yourself and your family like you've always done. 💔I love you 💔 @ABdeVilliers17
— Virat Kohli (@imVkohli) November 19, 2021
'ഇത് എന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നു, പക്ഷേ താങ്കൾ എപ്പോഴും ചെയ്യുന്നത് പോലെ ഈ തീരുമാനവും താങ്കൾക്കും താങ്കളുടെ കുടുംബത്തിനും ഉചിതമായ ഒന്ന് തന്നെയായിരിക്കും. താങ്കളെ ഞാൻ ഏറെ സ്‌നേഹിക്കുന്നു.' കോഹ്ലി കൂട്ടിച്ചേർത്തു.
ഐപിഎല്ലിലെ ഉയർന്ന കൂട്ടുകെട്ടിന്റെ റെക്കോർഡ് ഡിവില്ലിയേഴ്‌സിന്റെയും കോഹ്‌ലിയുടെയും പേരിലാണ്. 2016-ൽ ഗുജറാത്ത് ലയൺസിനെതിരായ മത്സരത്തിൽ രണ്ടാം വിക്കറ്റിൽ 229 റൺസ് നേടിയാണ് താരങ്ങൾ റെക്കോർഡിട്ടത്. ഒരു വർഷം മുമ്പ് മുംബൈ ഇന്ത്യൻസിനെതിരെ 215 റൺസിന്റെ കൂട്ടുകെട്ടും സഖ്യം പടുത്തുയർത്തിയിരുന്നു.
ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയ നേട്ടവും ഡിവില്ലിയേഴ്സ്- കോഹ്‌ലി സഖ്യത്തിനാണ്. ഇരുവരും ചേർന്ന് 10 തവണയാണ് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയിട്ടുള്ളത്. ഐപിഎൽ ചരിത്രത്തിൽ പാർട്‌നെർഷിപ്പിലൂടെ 3000 റൺസ് നേടിയ ഏക ജോഡിയും ഇതുതന്നെ.
184 ഐപിഎല്‍ മത്സരങ്ങളിൽ നിന്നായി താരം മൂന്ന് സെഞ്ചുറികളും 40 അര്‍ധ സെഞ്ചുറികളുമടക്കം 5162 റൺസ് നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കായി 114 ടെസ്റ്റിൽ നിന്ന് 50.66 ശരാശരിയിൽ 8765 റൺസാണ് ഡിവില്ലിയേഴ്‌സ് നേടിയത്. 22 സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ച്വറിയും 46 അർധ സെഞ്ച്വറിയും ഇതിൽ ഉൾപ്പെടുന്നു. 228 ഏകദിനത്തിൽ നിന്ന് 53.5 ശരാശരിയിൽ 9577 റൺസും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ 25 സെഞ്ച്വറിയും 53 അർധ സെഞ്ച്വറിയും ഉൾപ്പെടുന്നു. 78 ടി20 മത്സരങ്ങളും എബിഡി കളിച്ചിട്ടുണ്ട്.
Adjust Story Font
16