കോഹ്‍ലി വീണ്ടും സംപൂജ്യൻ; സീസണിൽ ഇത് മൂന്നാം തവണ
നേരിട്ട ഒന്നാം പന്തിൽ തന്നെ താരം ഗോൾഡൻ ഡക്കാവുകയായിരുന്നു
മുംബൈ: ഐ.പി.എല്ലിലെ ഈ സീസണിൽ മുൻ ബാംഗ്ലൂര്‍ നായകൻ വിരാട് കോഹ്‍ലിയുടെ കഷ്ടകാലം തീരുന്നില്ല. ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഇന്നിംഗ്സിലെ ആദ്യ പന്തിലാണ് താരം സംപൂജ്യനായി മടങ്ങിയത്. ഒന്നാം ഓവർ എറിയാനെത്തിയ ഇന്ത്യൻ യുവബൗളർ ജഗ്തീഷ സുജിത്തിന്റെ പന്തിൽ കെയിൻ വില്യംസണ് ക്യാച്ച് നൽകിയാണ് താരത്തിന്‍റെ മടക്കം. ഈ സീസണിൽ ഇത് മൂന്നാം തവണയാണ് കോഹ്‍ലി ഗോൾഡൻ ഡക്കാവുന്നത്.
മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായി മൈതാനത്തെത്തിയത് ടീമിന്റെ മുൻനായകനും നിലവിലെ നായകനും. എന്നാൽ ഒരിക്കൽ കൂടി ആരാധകരെ ഞെട്ടിച്ച് കോഹ്‍ലി ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ റണ്ണൊന്നുമെടുക്കാതെ വിക്കറ്റിന് മുന്നിൽ കുടുങ്ങി.
ഈ സീസണിൽ മോശം ഫോം തുടരുകയായിരുന്ന കോഹ്‍ലി ഗുജറാത്തിനെതിരായ മത്സരത്തിൽ അർധസെഞ്ച്വറി നേടി വൻ തിരിച്ചു വരവ് നടത്തിയിരുന്നു. 53 പന്തിൽ നിന്ന് 58 റൺസാണ് താരം അന്ന് നേടിയത്. താരത്തിന്റെ മടങ്ങിവരവ് ആരാധകർ ആഘോഷമാക്കുകയും ചെയ്തു. എന്നാൽ ഒരിക്കൽ കൂടി കോഹ്‍ലി ആരാധകരെ നിരാശയിലേക്ക് തള്ളിയിട്ടിരിക്കുകയാണിപ്പോൾ. ഈ സീസണിൽ 12 മത്സരങ്ങളിൽ നിന്ന് 216 റൺസാണ് താരത്തിന്റെ ആകെ സമ്പാദ്യം. ആറ് മത്സരങ്ങളിൽ താരത്തിന് രണ്ടക്കം പോലും കടക്കാനായിട്ടില്ല.
കോഹ്‍ലി പുറത്തായെങ്കിലും പിന്നീട് ക്രീസിലെത്തിയ രജത് പട്ടീദാറും ഓപ്പണർ ഫാഫ് ഡുപ്ലെസിസും ചേർന്ന് ബാംഗ്ലൂർ സ്കോർ അതിവേഗം ചലിപ്പിച്ചു. ഒടുവിൽ വിവരം കിട്ടുമ്പോൾ ഒമ്പത് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ബാംഗ്ലൂർ 85 റൺസെടുത്തിട്ടുണ്ട്.
summary : Virat Kohli Registers 3rd Golden Duck
Adjust Story Font
16