നായകനല്ലെങ്കിലും അവൻ രാജാവ് തന്നെയാണ്; അഞ്ചാം വർഷവും ഇന്ത്യയിലെ ഏറ്റവും ബ്രാൻഡ് വാല്യു കൂടിയ സെലിബ്രിറ്റിയായി കോഹ്‌ലി
കോഹ്‌ലിയെക്കൂടാതെ മുൻ നായകൻ എം.എസ് ധോണി, സച്ചിൻ ടെൻഡുൽക്കർ, രോഹിത് ശർമ എന്നിവരും പട്ടികയിലുണ്ട്
ഇന്ത്യൻ ടീമിന്റെ നായക സ്ഥാനമൊഴിഞ്ഞിട്ടും ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ( ബ്രാൻഡ് വാല്യൂ ) സെലിബ്രിറ്റിയായി തുടരുകയാണ് വിരാട് കോഹ്‌ലി. ഡഫ് & ഫെൽപ്‌സ് പുറത്തുവിട്ട കണക്കിലാണ് കോഹ്‌ലി ആധിപത്യം തുടരുന്നത്. തുടർച്ചയായ അഞ്ചു വർഷങ്ങളായി കോഹ്‌ലിയാണ് ലിസ്റ്റിൽ ഒന്നാമത് നിൽക്കുന്നത്. 185.7 മില്യൺ ഡോളറാണ് കോഹ്‌ലിയുടെ 2021 ലെ ബ്രാൻഡ് വാല്യു.
ഇന്ത്യയിലെ സെലിബ്രിറ്റികൾ ഒപ്പുവെച്ച പരസ്യകരാറുകൾ, സമൂഹമാധ്യമങ്ങളിലെ സാന്നിധ്യം എന്നിവ കണക്കിലെടുത്താണ് ഈ റാങ്കിങ് തയാറാക്കുന്നത്. കോഹ്‌ലിയെക്കൂടാതെ മുൻ നായകൻ എം.എസ് ധോണി പട്ടികയിൽ അഞ്ചാം സ്ഥാനത്തും സച്ചിൻ ടെൻഡുൽക്കർ 11-ാം സ്ഥാനത്തും നിലവിലെ നായകൻ രോഹിത് ശർമ 13-ാം സ്ഥാനത്തുമുണ്ട്.
ബോളിവുഡ് താരം രൺവീർ സിങാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് 158.3 മില്യൺ ഡോളറാണ് രൺവീറിന്റെ ബ്രാൻഡ് വാല്യു. മൂന്നാം സ്ഥാനത്ത് ബോളിവുഡിൽ നിന്ന് തന്നെ അക്ഷയ് കുമാറാണ്. 139.6 മില്യൺ ഡോളറാണ് അക്ഷയ് കുമാറിന്റെ വിപണി മൂല്യം. 68.1 മില്യൺ ഡോളർ ബ്രാൻഡ് വാല്യുവുമായി ആലിയ ഭട്ടാണ് നാലാം സ്ഥാനത്ത്. അഞ്ചാം സ്ഥാനത്തുള്ള ധോണിയുടെ ബ്രാൻഡ് വാല്യു 61.2 മില്യൺ ഡോളറാണ്.
രൺവീർ സിങും, ആലിയ ഭട്ടും എം.എസ് ധോണിയും ഇത്തവണ റാങ്കിങിൽ വലിയ കുതിച്ചുച്ചാട്ടമാണ് നടത്തിയതെന്ന് ഡഫ് & ഫെൽപ്‌സ് മാനേജിങ് ഡയറക്ടർ അവിരാൽ ജയ്ൻ അറിയിച്ചു.
ക്രിക്കറ്റ് താരങ്ങളെ കൂടാതെ ബാഡ്മിന്റൺ താരം പി.വി സിന്ധുവും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
Summary: Virat kohli remain on first position among india's most valuable celebrities
Adjust Story Font
16