14 മാസത്തിന് ശേഷം കോഹ്‌ലിയുടെ മടങ്ങി വരവ്; അവസരമൊരുങ്ങുമോ സഞ്ജുവിന്
മുൻ ഇന്ത്യൻ ക്യാപ്റ്റനുവേണ്ടി യുവതാരം തിലക് വർമ്മ സ്ഥാനം മാറികൊടുക്കേണ്ടിവരും.
ഇൻഡോർ: അഫ്ഗാനിസ്താനെതിരായ ട്വന്റി20 പരമ്പര സ്വന്തമാക്കാനായി രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങുമ്പോൾ എല്ലാ കണ്ണുകളും വിരാട് കോഹ്‌ലിയിലേക്ക്. കഴിഞ്ഞ ട്വന്റി 20 ലോകകപ്പിന് ശേഷം കുട്ടി ക്രിക്കറ്റിലേക്കുള്ള കോഹ്‌ലിയുടെ മടങ്ങിവരവ് മത്സരമാണ് ഇൻഡോറിലേത്. മുൻ ഇന്ത്യൻ ക്യാപ്റ്റനുവേണ്ടി യുവതാരം തിലക് വർമ്മ സ്ഥാനം മാറികൊടുക്കേണ്ടിവരും. വൈകിട്ട് ഏഴ് മണിക്കാണ് രണ്ടാം ട്വന്റി 20. ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാകും. കോഹ്‌ലിയുടെ തിരിച്ചുവരവിനൊപ്പം മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിക്കുമോയെന്ന കാര്യത്തിലും സസ്‌പെൻസ് നിലനിൽക്കുകയാണ്. ആദ്യ ട്വന്റി 20യിൽ മികച്ച പ്രകടനം നടത്തിയ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജിതേഷ് ശർമ്മയെ മാറ്റി പരീക്ഷിക്കാൻ മാനേജ്‌മെന്റ് തയാറായേക്കില്ല. ഇതോടെ സഞ്ജുവിന്റെ സാധ്യതകൾ വിദൂരമാണ്.
യുവ താരങ്ങളായ റിങ്കു സിങ്, ശിവം ദുബെ മധ്യനിരയിൽ തുടരും. ട്വന്റി 20 ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ സീനിയർ താരങ്ങളായ കോഹ്ലിക്കും രോഹിതിനും അഫ്ഗാൻ പരമ്പര പ്രധാനമാണ്. മൊഹാലി മാച്ചിൽ വിവാദ റണ്ണൗട്ടിലൂടെ ഇന്ത്യൻ ക്യാപ്റ്റൻ പൂജ്യത്തിന് പുറത്തായിരുന്നു. ശുഭ്മാൻ ഗിൽ തന്നെയാകും രോഹിതിനൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്യുക. കോഹ്ലി ഓപ്പണറുടെ റോളിലെത്തുമോയെന്ന കാര്യവും ഇന്ത്യൻ മാനേജ്‌മെന്റിന്റെ പരിഗണനയിലുണ്ട്. ഈ പരമ്പരക്ക് ശേഷം ഐപിഎലാണ് വരാനിരിക്കുന്നത്.
മൊഹാലിയിലെ ആദ്യ ടി20യിൽ തോറ്റ അഫ്ഗാന് പരമ്പരയിൽ പ്രതീക്ഷ നിലനിർത്താൻ ഇൻഡോറിൽ ജയം അനിവാര്യമാണ്. മൊഹാലിയിൽ 158 റൺസെടുത്ത അഫ്ഗാനെതിരെ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. പരിക്ക് പൂർണമായി ഭേദമാകാത്തതിനാൽ റാഷിദ് ഖാൻ ഇന്നും കളിക്കാനിടയില്ല. മുജീബ് ഉൽ റഹ്‌മാന്റെ ഫോമിലാണ് ടീം പ്രതീക്ഷയർപ്പിക്കുന്നത്. റഹ്‌മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, അസ്മത്തുള്ള ഒമർസായ്, മുഹമ്മദ് നബി അടങ്ങിയ മുന്നേറ്റ താരങ്ങൾ ഫോമിലേക്കുയർന്നാൽ ഇന്ത്യക്ക് വലിയ വെല്ലുവിളിയാകും. ഇൻഡോറിൽ മഴ ഭീഷണിയില്ലെന്നത് ആശ്വാസമാണ്.
Adjust Story Font
16