സിംബാബ്‌വെക്കെതിരെ കോഹ്‌ലി കളിച്ചേക്കും: ലക്ഷ്യം ഫോം വീണ്ടെടുക്കൽ
ടി20 ലോകകപ്പടക്കം വരാനിരിക്കെ കോഹ്‌ലിയുടെ ഫോം സെലക്ടര്‍മാര്‍ക്കും വലിയ തലവേദനയാണ്.
മുംബൈ: കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി വിരാട് കോഹ്‌ലിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ക്രിക്കറ്റ് കാണുന്നവരെയൊന്നടങ്കം സങ്കടപ്പെടുത്തുകയാണ് കോഹ്‌ലി. 2019 നവംബറിന് ശേഷ മൂന്നക്കം കാണാന്‍ കോഹ്‌ലിക്കായിട്ടില്ല. ഇംഗ്ലണ്ടനെതിരായ ഏകദിന പരമ്പരയിലും നിരാശപ്പെടുത്തിയ കോഹ്‌ലി, വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന പരമ്പരയില്‍ നിന്നും വിശ്രമം എടുത്തിട്ടുമുണ്ട്.
എന്നാല്‍ സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ സെലക്ടര്‍മാര്‍ കോഹ്‌ലിയെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കരിയറില്‍ ഒമ്പത് വര്‍ഷത്തെ ഇടവേളക്കുശേഷമാണ് കോഹ്‌ലി സിംബാബ്‌വെക്കെതിരെ കളിക്കാനൊരുങ്ങുന്നത്. 2015ല്‍ ആസ്ട്രേലിയയില്‍ നടന്ന ലോകകപ്പിലാണ് കോഹ്‌ലി സിംബാബ്‌വെക്കെതിരെ അവസാനമായി കളിച്ചത്. ഓഗസ്റ്റ് 18മുതല്‍ ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ സിംബാബ്‌വെക്കെതിരെ ഇന്ത്യ മൂന്ന് ഏകദിനങ്ങളാണ് കളിക്കുക. ഏഷ്യാകപ്പിന് മുന്നോടിയായാണ് മത്സരം.
സിംബാബ്‌വെക്കെതിരായ പരമ്പരയില്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കും. രണ്ടാം നിര ടീമിനെ സിംബാബ്‌വെക്കെതിരെ കളിപ്പിക്കാനാണ് ബി.സി.സി.ഐ ആലോചിക്കുന്നത്. വെസ്റ്റ്ഇൻഡിസിനെതിരെ ഇപ്പോൾ നടക്കുന്ന ഏകദിന പരമ്പരയിലും സീനിയർ താരങ്ങൾ ഇല്ല. ശിഖർ ധവാനാണ് ടീമിനെ നയിക്കുന്നത്. വിരാട് കോഹ് ലി ഇപ്പോള്‍ വിശ്രമ വേളയിലാണെങ്കിലും നീണ്ട ഇടവേള അദ്ദേഹത്തിന്റെ കരിയറിന് ഗുണം ചെയ്യില്ലെന്ന് വിലയിരുത്തുന്നവരുമുണ്ട്. ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ കളിപ്പിച്ച് കോഹ്‌ലിയുടെ ഫോമിലേക്കുള്ള മടങ്ങിവരവ് വേഗത്തിലാക്കാം കഴിയുമെന്ന് വിശ്വസിക്കുന്നവരും കുറവല്ല.
അതേസമയം ടി20 ലോകകപ്പടക്കം വരാനിരിക്കെ കോഹ്‌ലിയുടെ ഫോം സെലക്ടര്‍മാര്‍ക്കും വലിയ തലവേദനയാണ്. വരാനിരിക്കുന്ന ഏഷ്യാ കപ്പിലൂടെ ഫോമിലേക്കെത്താനാവാത്ത പക്ഷം കോഹ്‌ലിയെ ടി20 ലോകകപ്പ് ടീമില്‍ നിന്ന് പോലും മാറ്റിനിര്‍ത്താനുള്ള സാധ്യതയുണ്ട്. അത്തരത്തിലുള്ള ആവശ്യങ്ങളും ഇപ്പോള്‍ ഉയരുന്നുണ്ട്.
Summary- Out-of-form Virat Kohli To Be Named In India Squad For Zimbabwe Tour- Report
Adjust Story Font
16