Quantcast

'അഹങ്കാരം കൂടുമ്പോൾ കളി കയ്യിൽനിന്നു പോകുന്നു'; മോദിക്കു മുമ്പിൽ കോഹ്‌ലി

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജനവിധിയുമായി ചേർത്താണ് സമൂഹമാധ്യമങ്ങൾ കോഹ്‌ലിയുടെ പ്രസ്താവന ആഘോഷിച്ചത്

MediaOne Logo

Web Desk

  • Published:

    6 July 2024 10:27 AM GMT

അഹങ്കാരം കൂടുമ്പോൾ കളി കയ്യിൽനിന്നു പോകുന്നു; മോദിക്കു മുമ്പിൽ കോഹ്‌ലി
X

ന്യൂഡൽഹി: ടി20 ലോകകപ്പ് വിജയത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ സംവാദത്തിൽ ഇന്ത്യൻ താരം വിരാട് കോഹ്‌ലി പറഞ്ഞ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. അഹങ്കാരത്തെ കുറിച്ചുള്ള കോഹ്‌ലിയുടെ തുറന്നുപറച്ചിലാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. അമിത ആത്മവിശ്വാസം കളിയെയും വ്യക്തിയെയും എങ്ങനെ ബാധിക്കുന്നു എന്നാണ് കോഹ്‌ലി സംസാരത്തിൽ പറയുന്നത്.

ഫൈനലിലെ മികച്ച പ്രകടനത്തിന് കാരണം എന്തായിരുന്നു എന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കോഹ്‌ലി അഹങ്കാരത്തെ കുറിച്ച് സംസാരിച്ചത്. 'ഞാനതു ചെയ്യും എന്ന് നിങ്ങൾ സ്വയം ചിന്തിക്കുമ്പോൾ നിങ്ങളുടെ അഹങ്കാരം വർധിക്കുന്നു. കളി കയ്യിൽ നിന്ന പോകുകയും ചെയ്യും. ആ ചിന്ത എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു. എന്റെ അഹങ്കാരം എല്ലാറ്റിനും മുകളിൽ വയ്ക്കാൻ കളിയിലെ സാഹചര്യം ഇടം തന്നില്ല. അതെനിക്ക് മാറ്റിവയ്‌ക്കേണ്ടി വന്നു. കളിക്ക് ബഹുമാനം നൽകിയപ്പോൾ ആ ബഹുമാനം അതെനിക്ക് തിരിച്ചു നൽകുകയും ചെയ്തു'- എന്നായിരുന്നു കോഹ്‌ലിയുടെ മറുപടി.



ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജനവിധിയുമായി ചേർത്താണ് സമൂഹമാധ്യമങ്ങൾ ഈ പ്രസ്താവന ആഘോഷിച്ചത്. ഇത്തവണ നാനൂറ് സീറ്റു നേടുമെന്ന മോദിയുടെ പ്രസ്താവന പങ്കുവയ്ക്കുകയും പലരും ചെയ്തു.



സംസാരത്തിനിടെ കൡയിലെ ഫോമില്ലായ്മയെ കുറിച്ച് കോഹ്‌ലി മനസ്സു തുറന്നു. 'ഞാനെന്നും മനസ്സിൽ താലോലിക്കുന്ന ദിവസമാണത്. ടൂർണമെന്റിൽ ഉടനീളം എന്നിൽ നിന്ന് ആഗ്രഹിച്ച സംഭാവന ടീമിന് നൽകാൻ സാധിച്ചിരുന്നില്ല. ഒരു സമയത്ത് രാഹുൽ ഭായിയോട് ഇതുവരെ എന്നോട് നീതി ചെയ്യാൻ എനിക്കായില്ല എന്നു വരെ ഞാൻ പറഞ്ഞു. 'സാഹചര്യം വരുമ്പോൾ നിനക്ക് മികച്ച പ്രകടനം നടത്താനാകും' എന്നാണ് അദ്ദേഹം എന്നോട് തിരിച്ചുപറഞ്ഞത്' - അദ്ദേഹം പറഞ്ഞു.

ഫൈനലിൽ സാഹചര്യങ്ങൾ മനസ്സിലാക്കി ടീമിനു വേണ്ടി കളിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ടൂർണമെന്റിൽ കളിക്കുമ്പോൾ എനിക്ക് വേണ്ടത്ര ആത്മവിശ്വാസം കിട്ടിയിരുന്നില്ല. ആഗ്രഹിച്ച രീതിയിൽ നല്ല പ്രകടനം നടത്താനാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഫൈനലിൽ കളിക്കുമ്പോൾ ആദ്യ നാലു പന്തിൽ തന്നെ ഞാൻ മൂന്ന് ബൗണ്ടറിയടിച്ചു. എന്തൊരു മത്സരമാണ് ഇതെന്നാണ് ഞാൻ അന്നേരം രോഹിതിനോട് പറഞ്ഞത്. ഒരു റൺ പോലുമെടുക്കാൻ ആകില്ല എന്ന് ഒരു ദിവസം നിങ്ങൾക്ക് തോന്നുന്നു. എന്നാൽ അടുത്ത ദിവസം എല്ലാ കാര്യങ്ങളും ശരിയായി നല്ലതു സംഭവിക്കുന്നു. വിക്കറ്റുകൾ വീണ വേളയിൽ ടീമിനു വേണ്ടി സാഹചര്യങ്ങൾക്ക് കീഴ്‌പ്പെടുകയാണ് വേണ്ടത് എന്ന് ഞാൻ മനസ്സിലാക്കി. ടീമിന് ആവശ്യമുള്ള കാര്യത്തിൽ മാത്രമാണ് ഞാൻ ശ്രദ്ധയൂന്നിയത്.' - കോഹ്‌ലി പറഞ്ഞു.



മോദിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ കോഹ്‌ലി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. വസതിയിലേക്ക് ക്ഷണിച്ചതിന് മോദിയോട് നന്ദി അറിയിക്കുകയും ചെയതു. 'ഇന്ന് ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ച വലിയ ബഹുമതിയാണ്. ഞങ്ങളെ വീട്ടിലേക്ക് വിളിച്ചതിന് നന്ദി' എ്ന്ന കുറിപ്പോടെയാണ് സ്റ്റാർ ബാറ്റർ ചിത്രം പങ്കുവച്ചത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഫൈനലിൽ 59 പന്തിൽ നിന്ന് 76 റൺസാണ് വിരാട് കോഹ്‌ലി നേടിയത്. രണ്ട് സിക്‌സറിന്റെയും നാല് ബൗണ്ടറിയുടെയും അകമ്പടിയോടെയായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്‌സ്. ഫൈനലിന് മുമ്പ് ഏഴു ഇന്നിങ്‌സുകളിൽനിന്ന് ആകെ 75 റൺസ് മാത്രമാണ് താരം നേടിയിരുന്നത്. ഫൈനലിൽ ഏഴു റൺസിനായിരുന്നു ഇന്ത്യൻ ജയം.

കിരീടവിജയത്തിനു ശേഷം പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിയ ടീമിന് പ്രധാനമന്ത്രി ഡൽഹി ലോക്് കല്യാൺ മാർഗിലെ വസതിയിലാണ് വിരുന്നൊരുക്കിയത്. കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു.

TAGS :

Next Story