ഇഷാൻ കിഷൻ എവിടെ? പറ്റിച്ചതിന് 'പണി കൊടുത്ത്' ബി.സി.സി.ഐ, കാര്യം പരുങ്ങലിൽ
കുടുംബത്തോടൊപ്പം ചെലവഴിക്കാനെന്ന് പറഞ്ഞാണ് അവധി ചോദിച്ചത്. ബി.സി.സി.ഐ കാണുന്നത് ദുബൈയിൽ ആടിപ്പാടുന്ന കിഷനെയും
ന്യൂഡൽഹി: ഇഷാൻ കിഷൻ എവിടെ? അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ഉയർത്തിയ ചോദ്യമായിരുന്നു ഇത്. അദ്ദേഹത്തെക്കുറിച്ച് വല്ല വാർത്തയുമുണ്ടോയെന്നും ആകാശ് ചോപ്ര ചോദിച്ചിരുന്നു. പ്ലെയിങ് ഇലവനിൽ ഇടംനേടുന്നത് കുറവാണെങ്കിലും കഴിഞ്ഞ കുറച്ച് വർഷമായി ഇന്ത്യയുടെ മൂന്ന് ഫോർമാറ്റിലെയും സജീവ സാന്നിധ്യമാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ കിഷൻ.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരക്ക് പിന്നാലെ ടീം വിട്ടതാണ് കിഷൻ. കുടുംബപരമായ കാരണങ്ങൾ പറഞ്ഞാണ് കിഷൻ നാട്ടിലേക്ക് തിരിച്ചത്. പിന്നാലെ കെ.എസ് ഭരതിനെ ഉൾപ്പെടുത്തുകയും ചെയ്തു. അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരക്കുള്ള സെലക്ഷന് ഉണ്ടാകും എന്ന് പറഞ്ഞാണ് കിഷൻ, ദക്ഷിണാഫ്രിക്കയിൽ നിന്ന് വണ്ടികയറിയത്. എന്നാൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടീം പ്രഖ്യാപിച്ചപ്പോൾ കിഷനെ കാണാനില്ല. വിക്കറ്റ് കീപ്പർ ബാറ്റർമാരായി ഉൾപ്പെടുത്തിയത് സഞ്ജു സാംസണെയും ജിതേഷ് ശർമ്മയേയും.
പരിക്കാണ് താരത്തിന് വിനയായത് എന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ വഡോദരയിൽ താരം പ്രാക്ടീസ് ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ആ നിലക്കുള്ള അഭ്യൂഹങ്ങളും അവസാനിച്ചു. എപ്പോഴിതാ താരത്തെ ബി.സി.സി.ഐ ശിക്ഷിച്ചതായി വാര്‍ത്തകള്‍ വരുന്നു.
അവധി വേണമെന്നാവശ്യപ്പെട്ട് താരം പലവട്ടം ബി.സി.സി.ഐയെ സമീപിച്ചിരുന്നുവെങ്കിലും അവര്‍ കേട്ടിരുന്നില്ല. പോരാത്തതിന് ടീമിലുണ്ടായിട്ടും പലപ്പോഴും ബെഞ്ചിലിരുത്തുന്നതും താരത്തിന് പിടിച്ചില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിൽ ഇടംകിട്ടിയാലും ലോകേഷ് രാഹുലിനാകും അവസരം എന്ന് ഉറപ്പായതോടെ താരത്തിന് ഇരിക്കപ്പൊറുതി ഇല്ലാതായി.
ഒടുവിൽ മാനസികമായ തളർച്ച ചൂണ്ടിക്കാട്ടി കുടുംബത്തോടൊപ്പം കൂടുതല്‍ ചെലവഴിക്കണമെന്ന് വ്യക്തമാക്കിയാണ് താരം അവധി എടുത്തത്. എന്നാൽ വിശ്രമ വേള കുടുംബത്തോടൊപ്പ ചെലവഴിക്കുന്നതിന് പകരം താരം നേരെ പോയത് ദുബൈയിലേക്ക്, അവിടെ ഒരു ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് ആടിപ്പാടുന്ന വീഡിയോ ബി.സി.സി.ഐ അധികൃതരെ ഞെട്ടിച്ചു. ഇതോടെയാണ് അച്ചടക്കത്തിന്റെ വാളെടുക്കാൻ ബി.സി.സി.ഐയെ പ്രേരിപ്പിച്ചത്.
തുടർന്നാണ് അഫ്ഗാനിസ്താനെതിരായ പരമ്പരയിൽ നിന്ന് താരത്തെ മാറ്റിനിർത്തുന്നത്. ഇതോടെയാണ് സഞ്ജുവിനോ അല്ലെങ്കിൽ ജിതേഷ് ശർമ്മക്കോ അനുകൂലമായത്. 2021 മധ്യത്തിലാണ് കിഷൻ ഇന്ത്യൻ ടീമിൽ സജീവമാകുന്നത്. ഇതുവരെ ഇന്ത്യക്കായി 27 ഏകദിനങ്ങളും 32 ടി20കളും കളിച്ചിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇംഗ്ലണ്ടിനെതിരെ ജനുവരിയിൽ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലും താരത്തെ പരിഗണിക്കുമോ എന്ന് വ്യക്തമല്ല.
Adjust Story Font
16