ഇന്ത്യയുടെ എതിരാളിയാര്? രണ്ടാം സെമിയിൽ ആസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക പോര്
ആദ്യ ലോകകപ്പ് ഫൈനലാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യം വെക്കുന്നതെങ്കിൽ എട്ടാം ഫൈനലാണ് ആസ്ട്രേലിയയുടെ ലക്ഷ്യം
കൊല്‍ക്കത്ത: ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം സെമിയിൽ ആസ്ട്രേലിയ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. ആദ്യ ലോകകപ്പ് ഫൈനലാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യം വെക്കുന്നതെങ്കിൽ എട്ടാം ഫൈനലാണ് ആസ്ട്രേലിയയുടെ ലക്ഷ്യം. ഉച്ചക്ക് രണ്ടിന് കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം.
തുല്യ ശക്തികളുടെ പോരാട്ടമാണ് ഇഡൻഗർഡൻസിൽ പ്രതീക്ഷിക്കുന്നത്. റൗണ്ട് റോബിനിൽ 14 പോയന്റുമായി രണ്ടും മൂന്നും സ്ഥാനത്തായാണ് ദക്ഷിണാഫ്രിക്കയും ആസ്ട്രേലിയയും സെമിയിലെത്തുന്നത്. ഇതുവരെ ലോകകപ്പ് ഫൈനലിലെത്താത്ത ദക്ഷിണാഫ്രിക്ക ഇത്തവണ വലിയ പ്രതീക്ഷയിലാണ്. ആദ്യ ഘട്ടത്തിൽ ഒസീസിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവും ടീമിനുണ്ട്.
1999, 2007 സെമിഫൈനലുകളിൽ ആസ്‌ട്രേലിയയോടേറ്റ തോൽവികൾക്ക് കണക്കുതീർക്കാനുള്ള അവസരമായും ദക്ഷിണാഫ്രിക്ക ഈ മത്സരത്തിനെ കാണുന്നു. ഈ ലോകകപ്പിൽ റൺവേട്ടക്കാരുടെ ലിസ്റ്റിൽ മുന്നിലുള്ള ക്ലിന്റൺ ഡി കോക്കാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. മാർക്കോ യാൻസനും കേശവ് മഹാരാജും അടങ്ങുന്ന ബൗളിങ്ങ് നിരയും അവസരത്തിനൊത്ത പ്രകടനം കാഴ്ചവെക്കുന്നവരാണ്.
ആസ്ട്രേലിയ ആദ്യത്തെ രണ്ട് മത്സരം തോറ്റെങ്കിലും പിന്നീടങ്ങോട്ട് വിജയത്തുടര്‍ച്ചയോടെയാണ് സെമിയിലേക്കെത്തിയത്. സ്ഥിരതയോടെയുള്ള പ്രകടനമല്ല ആസ്ട്രേലിയ കാഴ്ചവെക്കുന്നത്. എന്നാലും ഏത് ഘട്ടത്തിലും ടീമിനെ വിജയിപ്പിക്കാൻ കഴിവുള്ള മാക്സ് വെല്ലിനെ പോലുള്ളവരാണ് ടീമിന്റെ പ്രതീക്ഷ. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നീ പേസ് നിര പ്രതീക്ഷിച്ച മികവ് പുറത്തെടുത്തിട്ടില്ല. സ്റ്റാർ സ്പിന്നർ ആദം സാംബയാണ് പലപ്പോഴും ടീമിനെ രക്ഷിക്കാറുള്ളത്.
Adjust Story Font
16