Quantcast

രോഹിതിനെ മാറ്റിയതിന് പണികിട്ടിയത് 'സ്ലൈസി'ന്; ജഴ്‌സി കത്തിച്ചും തെരുവിലിറങ്ങിയും ആരാധകർ

മുംബൈ ഇന്ത്യന്‍സിന്‍റെ ഫേസ്ബുക്ക്, എക്‌സ്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഹാൻഡിലുകളില്‍നിന്നെല്ലാം ആരാധകരുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്

MediaOne Logo

Web Desk

  • Published:

    18 Dec 2023 2:34 PM GMT

Why boycott campaign against Slice?, Why boycott campaign against fin-tech company Slice over Rohit Sharma
X

മുംബൈ: ''സുഹൃത്തുക്കളേ, സ്ലൈസിലെ ജോലി രാജിവച്ചിരിക്കുകയാണ്. വർം 2.3 കോടി രൂപയാണ് എനിക്കു കിട്ടിയിരുന്നത്. നിങ്ങളൊരു ബലാത്സംഗിയായ ക്യാപ്റ്റന്റെ ഫ്രാഞ്ചൈസിയെ സ്‌പോൺസർ ചെയ്യുകയാണെങ്കിൽ പണം എനിക്കൊരു വിഷയമേയല്ല. രോഹിത് ശർമ എല്ലാത്തിനും മീതെയാണ്. സ്ലൈസിനോടും ബംഗളൂരുവിനോടും വിട..''

രോഹിത് ശർമയെ മാറ്റി ഹർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയ മുംബൈ ഇന്ത്യൻസ് ഉടമകളോടുള്ള ഒരു ആരാധകന്റെ പ്രതിഷേധമാണിത്. ശുഭം എന്ന പേരുള്ള ഒരു കടുത്ത രോഹിത് ആരാധകൻ 'എക്‌സി'ൽ പങ്കുവച്ച കുറിപ്പാണിത്. പോസ്റ്റിലെ ഉള്ളടക്കത്തിന്‍റെ ആധികാരികതയില്‍ സംശയം ഉയരുമ്പോഴും മുംബൈ ഇന്ത്യന്‍സ് നടപടിയുടെ പ്രത്യാഘാതം ശരിക്കും അനുഭവിക്കുന്നതിപ്പോൾ തീരുമാനവുമായി ഒരു ബന്ധവുമില്ലാത്ത കമ്പനിയാണ്. ഇന്ത്യൻ ഫിൻടെക് കമ്പനിയായ 'സ്ലൈസ്' ആണ് ആരാധകപ്രതിഷേധത്തിന്റെ ചൂടറിഞ്ഞിരിക്കുന്നത്. സ്ലൈസ് ബഹിഷ്‌ക്കരിക്കുക എന്ന് ആഹ്വാനവുമായി സോഷ്യല്‍ മീഡിയയില്‍ കാംപയിൻ ശക്തമാണ്.

2022 മുതൽ മുംബൈ ഇന്ത്യൻസിന്റെ പ്രധാന സ്‌പോൺസറാണ് സ്ലൈസ്. ഇതാണിപ്പോൾ കമ്പനിക്കും പൊല്ലാപ്പായിരിക്കുന്നത്. BoycottSlice എന്ന ഹാഷ്ടാഗ് ഇപ്പോള്‍ എക്സില്‍ ട്രെന്‍ഡാണ്. കമ്പനിയെ സമ്മർദത്തിലാക്കി രോഹിതിനെ തിരിച്ചെടുക്കുക എന്ന തന്ത്രമാണ് ഫാൻസ് കൂട്ടായ്മകൾ പയറ്റുന്നത്. ഇതിനകം 15,000ത്തിലേറെ പേർ ഹാഷ്ടാഗ് പങ്കുവച്ചിട്ടുണ്ട്.

രോഹിതിനെ ക്യാപ്റ്റൻസ് സ്ഥാനത്തുനിന്നു നീക്കിയതിനെതിരെ ആരാധകരുടെ പ്രതിഷേധം ആളിക്കത്തുകയാണ്. ഫേസ്ബുക്ക്, എക്‌സ്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഹാൻഡിലുകളിലെല്ലാം ആരാധകരുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ദിവസങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് ആരാധകരാണ് ടീമിന്റെ ഹാൻഡിലുകൾ അൺഫോളോ ചെയ്തത്. ഇതിനു പുറമെ തെരുവിലും ആരാധകർ സജീവമാണ്. എം.ഐ ജഴ്‌സി കത്തിച്ചും തെരുവിൽ പ്രതിഷേധിച്ചും ലഘുലേഖകൾ വിതരണം ചെയ്തുമെല്ലാം ആരാധകർ രോഷം തീർക്കുകയാണ്.

2013ൽ റിക്കി പോണ്ടിങ്ങിൽനിന്നാണ് രോഹിത് ശർമ മുംബൈയുടെ ക്യാപ്റ്റൻസി ഏറ്റെടുക്കുന്നത്. ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം.എസ് ധോണിക്കൊപ്പം ഏറ്റവും കൂടുതൽ കിരീടനേട്ടം സ്വന്തമാക്കിയ ക്യാപ്റ്റനാണ് രോഹിത്. 10 സീസണുകളിൽ മുംബൈയെ നയിച്ച രോഹിത് ടീമിന് അഞ്ചു കിരീടവും സമ്മാനിച്ചാണു പടിയിറങ്ങുന്നത്.

കഴിഞ്ഞ ദിവസമാണ് രോഹിതിനു പകരക്കാരനായി ഹർദികിനെ ക്യാപ്റ്റനായി മുംബൈ പ്രഖ്യാപിച്ചത്. 2024 സീസണിലേക്കാണ് ഹർദികിനെ നായകനാക്കിയതെങ്കിലും ദീർഘകാല പദ്ധതിയാണെന്ന് വ്യക്തമാണ്. 2015ൽ മുംബൈ ഇന്ത്യൻസിലൂടെയാണ് ഹർദിക് പാണ്ഡ്യ ഐ.പി.എല്ലിൽ അരങ്ങേറ്റം കുറിക്കുന്നത്. 2021 വരെ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന താരം 2022ലെ മെഗാ ലേലത്തിനു മുന്നോടിയായി പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റൻസിനൊപ്പം ചേരുകയായിരുന്നു.

ക്യാപ്റ്റനായുള്ള ആദ്യ സീസണിൽ തന്നെ ടീമിന് കിരീടവും സമ്മാനിച്ചു ഹർദിക്. രണ്ടാം സീസണിൽ ഒരിക്കൽകൂടി ടീമിനെ ഫൈനലിലേക്കു നയിച്ചു. ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്‌സിനോടാണ് ടീം അടിയറവ് പറഞ്ഞത്. ഇത്തവണ ലേലം ആരംഭിക്കുന്നതിനു മുന്നോടിയായാണ് മുംബൈ ഹർദികിനെ വീണ്ടും ടീമിലെത്തിച്ചത്. ടീമിൽ തിരിച്ചുവരണമെങ്കിൽ ക്യാപ്റ്റനാക്കണമെന്ന നിബന്ധന ഹർദിക് മുന്നോട്ടുവച്ചിരുന്നതായി റിപ്പോർട്ടുണ്ട്.

Summary: Why boycott campaign against fin-tech company Slice over Rohit Sharma's removal from Mumbai Indians captaincy?

TAGS :

Next Story