Quantcast

സഞ്ജു സാംസൺ ഫോമിലല്ല എന്നത് ശരി, എന്നാൽ പകരം എടുത്തവരോ?..

സഞ്ജുവിന്റെ മോശം ഫോം ആണ് കാരണമെങ്കിൽ പകരമെടുത്തവരുടെ കാര്യമാണ് പലരും ചോദിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-08-22 01:53:18.0

Published:

22 Aug 2023 1:51 AM GMT

സഞ്ജു സാംസൺ ഫോമിലല്ല എന്നത് ശരി, എന്നാൽ പകരം എടുത്തവരോ?..
X

മുംബൈ: ഏഷ്യാകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തി വ്യാപകം. വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ തഴഞ്ഞതാണ് വിമർശനത്തിന് വിധേയമാകുന്നത്. സഞ്ജു സാംസൺ എന്ന പേര് ഇപ്പോഴും എക്‌സിൽ(ട്വിറ്റര്‍) ട്രെൻഡിങാണ്. സഞ്ജുവിന്റെ മോശം ഫോം ആണ് കാരണമെങ്കിൽ പകരമെടുത്തവരുടെ കാര്യമാണ് പലരും ചോദിക്കുന്നത്.

സഞ്ജുവിന്റെ പകരക്കാരനായി എത്തിയിരിക്കുന്നത് സൂര്യകുമാർ യാദവും തിലക് വർമ്മയുമാണ്. ഇരുവരും വിക്കറ്റ് കീപ്പർ ബാറ്റർമാർ അല്ലെങ്കിലും മൂന്ന്, നാല്, അഞ്ച്, പൊസിഷനുകളിൽ ബാറ്റേന്തുന്നവരാണ്. ഇവിടേക്ക് സഞ്ജുവിനെയും പരിഗണിക്കാറുണ്ട്. ഇതിൽ സൂര്യകുമാർ യാദവിന്റെ കാര്യമാണ് കഷ്ടം. തിലക് വർമ്മയാകട്ടെ ഇതുവരെ ഒരു ഏകദിനം പോലും കളിച്ചിട്ടില്ല(അന്താരാഷ്ട്ര ക്രിക്കറ്റ്). കഴിഞ്ഞ 26 മത്സരങ്ങളിൽ നിന്നായി സൂര്യയുടെ ബാറ്റിങ് ആവറേജ് വെറും 24 ആണ്. ഒരു അർധ സെഞ്ച്വറി പോലും താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നിട്ടില്ല.

എന്നാൽ സഞ്ജുവിന്റെ ബാറ്റിങ് ആവറേജ് 56ഉം സ്‌ട്രേക്ക് റൈറ്റ് 104ഉം ആണ്. നാലാം നമ്പറിൽ ഇറങ്ങിയ താരം അവസാനം കളിച്ച ഏകദിനത്തിൽ അർധ സെഞ്ച്വറിയും നേടിയിരുന്നു. അതേസമയം തിലക് വർമ്മയെ ടീമിലേക്ക് പരിഗണിച്ചത് മധ്യനിരയിൽ മുതൽകൂട്ടാകുമെന്ന് കണ്ടാണ്. വിൻഡീസിനെതിരായ ടി20 പരമ്പരയിലെ മികവാണ് തിലകിന് നേട്ടമായത്.

എന്നാൽ അയർലാൻഡിനെതിരായി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മത്സരങ്ങളിൽ താരം നിരാശപ്പെടുത്തുകയാണ്. ഇവിടെ രണ്ടാം ടി20യിൽ സഞ്ജു ഫോം കണ്ടെത്തുകയും ചെയ്തു. ടി20യിലെ അനുഭവം വെച്ച് ഏഷ്യാകപ്പ് പോലുള്ള പ്രധാന മത്സരങ്ങളിൽ(ഏകദിന ഫോര്‍മാറ്റ്) ഒരാളെ പരീക്ഷിക്കാമോ എന്നാണ് തിലകിനെ ചൂണ്ടിക്കാണിച്ച് പലരും എക്‌സിൽ കുറിക്കുന്നത്.

ഇവിടെക്ക് സഞ്ജുവിനെ പരിഗണിച്ചുകൂടെയെന്നും ചോദിക്കുന്നു. നിലവിൽ റിസർവ് താരമായാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും കളിക്കാന്‍ ഒരു സാധ്യതയും ഇല്ല. സൂര്യകുമാർ യാദവിനെ ദീർഘകാലത്തേക്ക് നോക്കുന്നുണ്ടുവെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇങ്ങനെയൊരു പരിഗണന സഞ്ജുവിന് ലഭിച്ചില്ല. ഒന്നോ രണ്ടോ മത്സരങ്ങൾ കൊണ്ട് മികവ് തെളിയിക്കേണ്ട അവസ്ഥയാണ് സഞ്ജുവിനെപ്പോലുള്ള കളിക്കാർക്കുള്ളത്. ഇഷൻ കിഷൻ, ലോകേഷ് രാഹുൽ എന്നിവരാണ് വിക്കറ്റ് കീപ്പർ ബാറ്റർമാരായി ടീമിലുള്ളത്. ഇവരെ ഉൾപ്പെടുത്തിയതിൽ തെറ്റ് കാണുന്നില്ല.

TAGS :

Next Story