വനിതാ ഐപിഎൽ ഉടൻ ആരംഭിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ
ഐപിഎല്ലിന് സമാന്തരമായി വിമൻസ് ടി20 ചലഞ്ച് ആണ് ഇപ്പോൾ ബിസിസിഐ നടത്തുന്നത്. മൂന്ന് ടീമുകൾ മാത്രമാണ് മിനി ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
വനിതകളുടെ ഇന്ത്യൻ പ്രീമിയർ ലീഗ് ടൂർണമെന്റ് ഉടൻ തന്നെ ആരംഭിക്കുമെന്ന് വെളിപ്പെടുത്തി ബിസിസിഐ. അടുത്ത വർഷം ആദ്യം തന്നെ ഒരു സമ്പൂർണ്ണ വനിതാ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ആരംഭിക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നതെന്നും അതിന്റെ ജോലികൾ അതിവേഗം പുരോഗമിക്കുകയാണെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.
ആരാധകരും താരങ്ങളും വനിതാ ടി-20 ചലഞ്ചിനോട് കാണിക്കുന്ന താത്പര്യം ഇതിനു ശക്തി പകർന്നിട്ടുണ്ടെന്നും ജയ്ഷാ കൂട്ടിച്ചേർത്തു. വരുന്ന സീസൺ മുതൽ വനിതാ ഐപിഎൽ നടത്തുമെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയും അറിയിച്ചിരുന്നു. ഐപിഎല്ലിന് തുല്യമായി വനിതാ ടി20 ടൂർണമെന്റിനായി മുൻ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയുള്ളവർ ആവശ്യം ഉന്നയിച്ചിരുന്നു.
ഐപിഎല്ലിന് സമാന്തരമായി വിമൻസ് ടി20 ചലഞ്ച് ആണ് ഇപ്പോൾ ബിസിസിഐ നടത്തുന്നത്. മൂന്ന് ടീമുകൾ മാത്രമാണ് മിനി ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഈ വർഷവും മൂന്ന് ടീമുകൾ പങ്കെടുക്കുന്ന വിമൻസ് ടി20 ചലഞ്ച് അരങ്ങേറും. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ടി-20 ചലഞ്ച് ഒഴിവാക്കിയിരുന്നു. എന്നാൽ, ഇക്കൊല്ലം പ്ലേ ഓഫുകളുടെ സമയത്ത് ടി-20 ചലഞ്ച് നടക്കും.
നിലവില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബിഗ് ബാഷ് ലീഗില്‍ പുരുഷ, വനിതാ ടീമുകളുടെ വ്യത്യസ്ത ടൂര്‍ണമെന്റുകള്‍ നടക്കുന്നുണ്ട്. സമാനമായി ഐപിഎല്ലിലും അടുത്ത വര്‍ഷം മുതല്‍ വനിതാ പോരാട്ടം ആരംഭിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Adjust Story Font
16