Quantcast

'ഗുജറാത്ത് പോലെ എളുപ്പമാകില്ല മുംബൈയിൽ കാര്യങ്ങൾ';രോഹിതിനെ മാറ്റിയ തീരുമാനത്തെ വിമർശിച്ച് യുവരാജ് സിങ്

ടീമിലേക്ക് തിരിച്ചെത്തിയ ഹാർദികിനെ ആദ്യ സീസണിൽ വൈസ് ക്യാപ്റ്റനാക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്

MediaOne Logo

Web Desk

  • Updated:

    2024-03-15 10:44:04.0

Published:

15 March 2024 10:38 AM GMT

ഗുജറാത്ത് പോലെ എളുപ്പമാകില്ല മുംബൈയിൽ കാര്യങ്ങൾ;രോഹിതിനെ മാറ്റിയ തീരുമാനത്തെ വിമർശിച്ച് യുവരാജ് സിങ്
X

മുംബൈ: രോഹിത് ശർമ്മയെ ഒഴിവാക്കി ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനത്ത് അവരോധിച്ചതിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിങ് രംഗത്ത്. സീനിയർ താരത്തിന് ഒരവസരം കൂടി നൽകാമായിരുന്നുവെന്ന് സ്‌പോർട്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ യുവി പറഞ്ഞു. ടീമിലേക്ക് തിരിച്ചെത്തിയ ഹാർദിക്കിനെ ആദ്യ സീസണിൽ വൈസ് ക്യാപ്റ്റനാക്കുകയും രോഹിത്തിനെ നായകസ്ഥാനത്ത് നിലനിർത്തുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും മുൻ മുംബൈ താരം കൂടിയായ യുവരാജ് അഭിപ്രായപ്പെട്ടു.

ഫ്രാഞ്ചൈസിയുടെ ഭാവി മുന്നിൽ കണ്ടുള്ള തീരുമാനമാകും കൈകൊണ്ടത്. എന്നാൽ ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനത്തു നിൽക്കുന്ന താരത്തെ ഈ വിധത്തിൽ ഒഴിവാക്കിയത് ശരിയായില്ല. ഗുജറാത്ത് ടൈറ്റൻൻസ് നായകസ്ഥാനത്ത് ഹാർദിക് മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാൽ മുംബൈയിൽ എളുപ്പമാകില്ല കാര്യങ്ങൾ. അഞ്ച് തവണ ഐപിഎൽ ചാമ്പ്യൻമാരായ മുംബൈയെ നയിക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷയുടെ ഭാരവും കൂടുതലാണ്. അതുകൊണ്ടുതന്നെ ആദ്യ സീസണിൽ രോഹിത്തിന് കീഴിൽ 30കാരനെ വൈസ് ക്യാപ്റ്റാനാക്കിയ ശേഷം വരുംസീസണിൽ ടീമിനെ നയിക്കുന്നവിധത്തിലേക്ക് കൊണ്ടുവരാമായിരുന്നുവെന്നും യുവി പറഞ്ഞു.

അതേസമയം, ഐപിഎലിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ രോഹിത് ശർമ്മ ഇതുവരെ മുംബൈ ക്യാമ്പിലെത്തിയിട്ടില്ല. ഹാർദിക് കഴിഞ്ഞ ദിവസം പരിശീലനം ആരംഭിച്ചിരുന്നു. പാണ്ഡ്യയെ ഗുജറാത്തിൽ നിന്നെത്തിച്ച് ക്യാപ്റ്റനാക്കിയ നടപടി ആരാധകർക്കിടയിലും വലിയ വിമർശനത്തിന് കാരണമാക്കിയിരുന്നു. ഐപിഎൽ മിനി താരലേലത്തിന് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഇത്തരമൊരു ഞെട്ടിക്കുന്ന തീരുമാനം. 24ന് നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ ഹാർദികിന്റെ മുൻ ടീമായ ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് എംഐയുടെ ആദ്യ മത്സരം.

TAGS :

Next Story