ഡർബൻ കോരിത്തരിച്ച നിമിഷം; ആറാട്ടത്തിന്റെ 15-ാം വർഷം-പപ്പയ്‌ക്കൊപ്പം 'റീവൈൻഡ'ടിച്ച് കുഞ്ഞുയുവിയുടെ ആഘോഷം
ലോകത്തെങ്ങുമുള്ള ക്രിക്കറ്റ് ആരാധകര്‍ ഒരു കാലത്തും മറക്കാനിടയില്ലാത്ത രോമാഞ്ചജനകമായ മുഹൂർത്തമായിരുന്നു അത്. ഫ്‌ളിന്റോഫിനു കിട്ടേണ്ടത് അന്ന് ഏറ്റുവാങ്ങേണ്ടിവന്നത് പിൽക്കാലത്ത് ഇംഗ്ലീഷ് ഇതിഹാസമായിത്തീർന്ന സ്റ്റുവർട്ട് ബ്രോഡിനായിരുന്നു
മുംബൈ: പ്രഥമ ടി20 ലോകകപ്പിൽ ആരാധകർ കാത്തിരുന്ന ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം. ദക്ഷിണാഫ്രിക്കയിലെ വിഖ്യാതമായ ഡർബൻ മൈതാനം. 18-ാം ഓവറിനു തൊട്ടുമുൻപ്, ക്രീസിലുള്ള ഇന്ത്യൻ താരം യുവരാജ് സിങ്ങുമായി ഇംഗ്ലീഷ് താരം ആൻഡ്ര്യു ഫ്‌ളിന്റോഫ് ഉടക്കുണ്ടാക്കുന്നു. ഫ്‌ളിന്റോഫിന്റെ പരാമർശം യുവരാജിനെ ചൊടിപ്പിക്കുന്നു.
ശേഷം നടന്നത് ചരിത്രം. നിർണായക ഓവർ എറിയാൻ വിധിയുണ്ടായിരുന്നത് ഇംഗ്ലീഷ് താരം സ്റ്റുവർട്ട് ബ്രോഡിനായിരുന്നു. ആദ്യ ലോങ് ഓണിനു മുകളിലൂടെ പറത്തി യുവരാജിന്റെ കൂറ്റൻ സിക്‌സ്. 'ദാറ്റ് ഹ്യൂജ്' എന്ന് കമന്ററി ബോക്‌സിൽനിന്ന് രവി ശാസ്ത്രിയുടെ പ്രതികരണം. അടുത്ത പന്ത് ബാക്ക്‌വാർഡ് സ്‌ക്വയർ ലെഗിലൂടെ വീണ്ടും ഗാലറിയിൽ. മൂന്നാമത്തെ പന്ത് ലോങ് ഓഫിലൂടെ വീണ്ടും ആൾക്കൂട്ടത്തിനു നടുവിൽ. 'ദിസ് ഈസ് അബ്‌സല്യൂട്ട് കാർണേജ്' എന്ന് ആവേശത്തിൽ രവിശാസ്ത്രി.
ബൗളിങ് ഡയറക്ഷൻ മാറ്റിനോക്കി എറൗണ്ട് ദ വിക്കറ്റിൽനിന്ന് എറിഞ്ഞുനോക്കി ബ്രോഡ്. അവിടെയും രക്ഷയുണ്ടായിരുന്നില്ല. ബാക്ക്‌വാർഡ് പോയിന്റിലൂടെ വീണ്ടും സിക്‌സർ. അടുത്ത പന്തുകൾ സ്‌ക്വയർ ലെഗിലൂടെയും ലോങ് ഓണിലൂടെയും ഗാലറിയിലേക്ക് തൊടുത്തുവിട്ട് നോൺ സ്‌ട്രൈക്കർ എൻഡിൽ കാഴ്ചക്കാരനായി നിന്ന അന്നത്തെ ഇന്ത്യൻ നായകൻ എം.എസ് ധോണിക്കൊപ്പമുള്ള യുവരാജിന്റെ ഒരു ആഹ്ലാദപ്രകടനമുണ്ട്.
ഇന്ത്യൻ ആരാധകർ മാത്രമല്ല, ലോകത്തെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികൾ ഒരു കാലത്തും മറക്കാനിടയില്ലാത്ത രോമാഞ്ചജനകമായ മുഹൂർത്തമായിരുന്നു അത്. ഡർബൻ മൈതാനം കോരിത്തരിച്ച നിമിഷങ്ങൾ. ഗാലറിയിൽ ആരാധകരെ ആവേശത്താലാറാടിച്ച യുവരാജ് സിങ്ങിന്റെ ഐതിഹാസിക ഇന്നിങ്‌സിന് ഇന്ന് 15 വർഷം പിന്നിടുകയാണ്. 2007 സെപ്റ്റംബർ 19ന് ഒരു ബുധനാഴ്ചയുടെ സായാഹ്നമായിരുന്നു ആ ചരിത്രനിമിഷത്തിനു സാക്ഷിയായത്.
ടി20 ക്രിക്കറ്റിൽ ചരിത്രത്തിലാദ്യമായി ഒരു ഓവറിലെ മുഴുവൻ പന്തും സിക്‌സർ പറത്തി യുവരാജ് ചരിത്രം കുറിച്ചു. ഫ്‌ളിന്റോഫിനു കിട്ടേണ്ടത് അന്ന് ഏറ്റുവാങ്ങേണ്ടിവന്നത് പിൽക്കാലത്ത് ഇംഗ്ലീഷ് ഇതിഹാസമായിത്തീർന്ന സ്റ്റുവർട്ട് ബ്രോഡിനായിരുന്നു. ബ്രോഡിന്റെ ഹൃദയത്തിൽ തീ കോരിയിട്ട ഇന്നിങ്‌സ്. അതിനുമുൻപ് ഒരു ഓവറിലെ ആറു പന്തും സിക്‌സർ പറത്തി ഹെർഷൽ ഗിബ്‌സ് ഏകദിനത്തിലും ചരിത്രം കുറിച്ചിരുന്നെങ്കിലും ലോകകപ്പ് പോരാട്ടത്തിന്റെ വീറും വാശിയും ഫ്‌ളിന്റോഫുമായുള്ള വാക്ക്‌പോരിന്റെ എരിവും ചൂടുമെല്ലാം യുവരാജിന്റെ ഇന്നിങ്‌സിനെ എപ്പോഴും സ്‌പെഷലാക്കി നിർത്തുന്നു.
ക്രിക്കറ്റ് ആരാധകരെപ്പോലെ യുവരാജും വീണ്ടും വീണ്ടും ആവർത്തിച്ചുകാണുന്ന അപൂർവ ഇന്നിങ്‌സുകളിലൊന്ന്. ഇപ്പോഴിതാ ആ ചരിത്ര നിമിഷത്തിന്റെ 15-ാം വാർഷികം സ്വന്തം മകൻ ഒറിയൻ കീച്ച് സിങ്ങിനൊപ്പം ആഘോഷിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ. ആ ഓവറിന്റെ റീപ്ലേ വീട്ടിൽ മകനൊപ്പമിരുന്നാണ് യുവരാജ് കണ്ടത്. പശ്ചാത്തലത്തിൽ ആവേശമുണർത്തുന്ന കമന്ററിയടക്കം യുവരാജ് ഓർത്തെടുത്ത് ആവർത്തിക്കുന്നുണ്ട്. ഒടുവിൽ കുഞ്ഞിന്റെ കൈ പിടിച്ച് 'വെൽഡൻ ഡാഡി' എന്നു പറഞ്ഞാണ് യുവി വിഡിയോ അവസാനിപ്പിക്കുന്നത്.
Summary: Yuvraj Singh Celebrates 15 Years of Historic 'Six Sixes in an Over' in with his son Orion Keech Singh
Adjust Story Font
16