യുവരാജിന് 40ാം ജന്മദിനം; അറിയപ്പെടാത്ത അഞ്ചു കാര്യങ്ങൾ
ഒരോവറിൽ ആറു സിക്‌സറടിച്ചതടക്കം ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ത്രസിച്ചു നിൽക്കുന്ന നിരവധി ഓർമകൾ...
ഇന്ത്യയുടെ മുൻ തട്ടുതകർപ്പൻ ബാറ്റർ യുവരാജ് സിങിന് ഇന്ന് 40 വയസ്സ്. ഒരോവറിൽ ആറു സിക്‌സടിച്ചതടക്കം ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ത്രസിച്ചു നിൽക്കുന്ന നിരവധി ഓർമകൾ നൽകിയ താരത്തെ കുറിച്ചുള്ള അറിയപ്പെടാത്ത അഞ്ചു കാര്യങ്ങൾ നോക്കാം...
12 ന്റെ കളി; കളത്തിലും പുറത്തും
കരിയറിലുടനീളം യുവരാജിന്റെ നമ്പർ 12 ആയിരുന്നു. ഇതിലെന്ത് കൗതുകമെന്നല്ലേ, താരത്തിന്റെ ജന്മദിനം ഡിസംബർ 12 ആണ്. 12.00 pm നായിരുന്നു യുവിയുടെ ജനനം. ചാണ്ഡിഗഢിലെ സെക്ടർ 12 ലെ ആശുപത്രിയിലായിരുന്നു ജനിച്ചത്.
സ്‌കേറ്റിങ്, ടെന്നീസ് ആരാധകൻ
ചെറുപ്പത്തിലേ യുവരാജ് സ്‌കേറ്റിങ്, ടെന്നീസ് ആരാധകനായിരുന്നു. രണ്ടു കായിക ഇനങ്ങളിലും കരിയറും താരം സ്വപ്‌നം കണ്ടു. ദേശീയ അണ്ടർ 14 സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ വിജയിക്കുക വരെയുണ്ടായി. എന്നാൽ മകന്റെ ക്രിക്കറ്റ് പ്രതിഭ തിരിച്ചറിഞ്ഞ പിതാവ് യോഗരാജ് സിങ് വഴിതിരിച്ചുവിടുകയായിരുന്നു.
നടനായും കുപ്പായമിട്ടു
ചെറുപ്പ കാലത്ത് കുറച്ചധികം സിനിമകളിൽ യുവി അഭിനയിച്ചിട്ടുണ്ട്. പിതാവ് യോഗരാജ് അറിയപ്പെടുന്ന പഞ്ചാബി നടനാണ്. എന്നാൽ തന്റെ അഭിനയം വളരെ മോശമാണെന്നാണ് യുവിയുടെ അഭിപ്രായം. എന്നാൽ പിതാവ് അധികം തിളങ്ങാത്ത ഇന്ത്യൻ ക്രിക്കറ്റിൽ മകൻ മറക്കാനാകാത്ത നടനം തന്നെ കാഴ്ച വെച്ചു. പിതാവ് ഒരു ടെസ്റ്റിലും ആറു ഏകദിനങ്ങളിലുമാണ് കളിച്ചിട്ടുള്ളത്. വലുത് കയ്യൻ മിഡിയം ഫാസ്റ്റ് ബൗളറായിരുന്നു. പരിക്കിനെ തുടർന്ന് കരിയറിന് അന്ത്യമാകുകയായിരുന്നു.
യോർക്ക്‌ഷേറിന് വേണ്ടിയും കളിച്ചു
കൗണ്ടി ക്രിക്കറ്റിൽ യോർക്ക്‌ഷേറിന് വേണ്ടി യുവരാജ് കളിച്ചിരുന്നു. സച്ചിൻ ടെണ്ടുക്കൽക്കർക്ക് ശേഷം യോർക്ക്‌ഷേറിനായി കളിച്ച രണ്ടാം താരമാണ് യുവി. ടീമിനായി കളിച്ച ഏക ഇന്ത്യൻ ഓൾറൗണ്ടർ ഇദ്ദേഹമാണ്.
അർബുദ രോഗികൾക്ക് ആശ്വാസം
2011ൽ അർബുദം ബാധിച്ച താരം മനോവീര്യത്തോടെ മഹാരോഗത്തെ അതിജയിക്കുകയായിരുന്നു. പിന്നീട് 'യുവികാൻ' എന്ന പേരിൽ താരം ചാരിറ്റി പ്രവർത്തനം തുടങ്ങി. അർബുദ രോഗികളെ സഹായിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം.
യുവരാജ് അവസാനം ഏകദിനം കളിച്ചത് 2017 ഒക്‌ടോബർ 30ന് കെനിയക്കെതിരെയാണ്. 2019 ലാണ് താരം വിരമിച്ചത്. കായിക രംഗത്ത് വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ് താരമെന്ന വാർത്തകൾ പുറത്തുവരുന്നുണ്ട്. ഏതായാലും അസാധ്യമായ മനക്കരുത്ത് കൊണ്ട് തിരിച്ചുവരുന്ന യുവി ശൈലി ഏത് തലത്തിലും ശ്രദ്ധിക്കപ്പെടും.
Former India batsman Yuvraj Singh turns 40 today. Let's take a look at five unknown things about him
Adjust Story Font
16