Quantcast

'പറഞ്ഞിരുന്നുവെങ്കിൽ ആർ.സി.ബിയിൽ നിന്നേനെ, പക്ഷേ അവർ മിണ്ടിയില്ല': വെളിപ്പെടുത്തി ചഹൽ

കഴിഞ്ഞ എട്ടു സീസണുകളിലായി ബാംഗ്ലൂരിനായി കളിച്ച ചെഹലിനെ, ഇത്തവണത്തെ താരലേലത്തിൽ 6.5 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസാണ് സ്വന്തമാക്കിയത്.

MediaOne Logo

Web Desk

  • Updated:

    2022-03-28 12:57:50.0

Published:

28 March 2022 12:56 PM GMT

പറഞ്ഞിരുന്നുവെങ്കിൽ ആർ.സി.ബിയിൽ നിന്നേനെ, പക്ഷേ അവർ മിണ്ടിയില്ല: വെളിപ്പെടുത്തി ചഹൽ
X

ഫോമിലായിരുന്ന യൂസ്‌വേന്ദ്ര ചഹലിനെ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ നിലനിർത്തുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാൽ നിലനിർത്തിയ കളിക്കാരിൽ ചഹൽ ഉൾപ്പെട്ടില്ല. അതിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് താരം. നിലനിർത്തുന്ന കാര്യത്തെക്കുറിച്ച് ആർസിബി അധികൃതർ സംസാരിച്ചിട്ടുപോലുമില്ലെന്ന് ചഹല്‍ പറയുന്നു.

കഴിഞ്ഞ എട്ടു സീസണുകളിലായി ബാംഗ്ലൂരിനായി കളിച്ച ചെഹലിനെ, ഇത്തവണത്തെ താരലേലത്തിൽ 6.5 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസാണ് സ്വന്തമാക്കിയത്. പണത്തിനായല്ല താൻ ടീം മാറിയതെന്നും ടീമിൽ നിലനിർത്തുന്നതിനെക്കുറിച്ച് ആർസിബി അധികൃതർ സംസാരിച്ചിട്ടേയില്ലെന്നും ചഹൽ പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചഹലിന്റെ വെളിപ്പെടുത്തല്‍.

'ആർസിബിയുമായി എനിക്ക് വളരെ വൈകാരികമായ ബന്ധമാണ് ഉണ്ടായിരുന്നത്. പ്രത്യേകിച്ചും ആരാധകരുമായി. മറ്റൊരു ടീമിനായി ഐപിഎലിൽ കളിക്കേണ്ടി വരുമെന്ന് കരുതിയിട്ടേയില്ല. എന്തിനാണ് കൂടുതൽ പണം ആവശ്യപ്പെട്ട് ആർസിബി വിട്ടതെന്ന് ഇപ്പോഴും ഒട്ടേറെ ആരാധകർ എന്നോടു ചോദിക്കുന്നുണ്ട്. പക്ഷേ, ടീമിൽ നിലനിർത്തുന്നതിനെക്കുറിച്ച് ബാംഗ്ലൂർ ടീം എന്നോട് സംസാരിച്ചിട്ടുപോലുമില്ല എന്നതാണ് വാസ്തവം.- ചഹല്‍ പറഞ്ഞു. എന്നെ താര ലേലത്തിലൂടെ ടീമിൽ തിരിച്ചെത്തിക്കാൻ ശ്രമിക്കുമെന്ന് മാത്രമാണ് പറഞ്ഞത്. എന്നോട് പണത്തിന്റെ കാര്യമോ ടീമിൽ തുടരാൻ ആഗ്രഹമുണ്ടോയെന്നോ ചോദിച്ചിട്ടില്ലെന്നും ചഹല്‍ കൂട്ടിച്ചേര്‍ത്തു.

ഒരുപക്ഷേ, ആർസിബിയിൽ തുടരാൻ താൽപര്യമുണ്ടോയെന്ന് അവർ ചോദിച്ചിരുന്നെങ്കിൽ ഞാൻ ഉണ്ട് എന്ന് തന്നെ പറയുമായിരുന്നു. കാരണം, എന്നെ സംബന്ധിച്ച് പണത്തിന് രണ്ടാം സ്ഥാനം മാത്രമേയുള്ളൂ. എനിക്ക് കളിക്കാൻ അവസരം തന്ന ടീമാണ് ആർസിബി. അവിടുത്തെ ആരാധകരും എന്നോടു വലിയ സ്നേഹമാണ് കാണിച്ചിട്ടുള്ളത്' – ചഹല്‍ വ്യക്തമാക്കി.

ഐ.പി.എൽ കരിയറിൽ ആകെ കളിച്ച 114 മത്സരങ്ങളിൽ 113 മത്സരങ്ങളും ആർസിബിക്കായാണ് ചഹൽ കളിച്ചത്. ആകെ 139 വിക്കറ്റുകളും സ്വന്തമാക്കി. 2013ൽ മുംബൈ ഇന്ത്യൻസിനായി രോഹിത് ശർമയ്ക്കു കീഴിൽ ഒരു മത്സരം കളിച്ചിരുന്നു.

TAGS :

Next Story