ഏഷ്യാകപ്പ് ടീമിൽ ഇടമില്ല, പ്രതികരിച്ച് ചഹൽ അതും ഇമോജികൾ കൊണ്ട്
2019 ലോകകപ്പിന് ശേഷം 23 ഏകദിനങ്ങളിൽ നിന്നായി 37 വിക്കറ്റുകൾ താരം വീഴ്ത്തിയിരുന്നുവെങ്കിലും കുൽദീപ് യാദവുമായി തട്ടിച്ച് നോക്കുകയാണെങ്കിൽ ചഹലിന്റെ പ്രകടനത്തിന് അൽപ്പം മങ്ങലേറ്റിരുന്നു
മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്പിന്നർ യുസ്‌വേന്ദ്ര ചഹലിനും ഇടം ലഭിച്ചിരുന്നില്ല. ബാറ്റിങ് ഡെപ്ത് ശക്തമാക്കിയപ്പോൾ ഈ മേഖലയിൽ മികവ് കാണിക്കാൻ പറ്റാതിരുന്ന ചഹലിനെ തഴയുകയായിരുന്നു. അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരാണ് സ്പിന്നർമാർ. ടീം പ്രഖ്യാപനത്തിന് പിന്നാലെ ഇമോജികൾ മാത്രം ചേർത്ത് ചഹൽ സമൂഹമാധ്യമങ്ങളിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തി.
മേഘങ്ങൾക്ക് പിന്നിൽ നിന്ന് ഉയരുന്ന സൂര്യന്റെയും മറ്റൊന്ന് പൂർണമായും ശോഭിച്ച് നിൽക്കുന്ന സൂര്യന്റെയും ഇമോജികളാണ് ചഹൽ രേഖപ്പെടുത്തിയിരിക്കുന്നത്. തനിക്ക് മുന്നിൽ കൂടുതൽ തിളക്കമുള്ള ദിനങ്ങൾ ഇനിയും വരും എന്ന അർത്ഥമാണ് താരത്തിന്റെ ട്വീറ്റിന് പിന്നിലുള്ളതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇന്ത്യക്കായി തരക്കേടില്ലാത്ത പ്രകടനമാണ് ചഹൽ പുറത്തെടുത്തിരുന്നത്.
2019 ലോകകപ്പിന് ശേഷം 23 ഏകദിനങ്ങളിൽ നിന്നായി 37 വിക്കറ്റുകൾ താരം വീഴ്ത്തിയിരുന്നുവെങ്കിലും കുൽദീപ് യാദവുമായി തട്ടിച്ച് നോക്കുകയാണെങ്കിൽ ചഹലിന്റെ പ്രകടനത്തിന് അൽപ്പം മങ്ങലേറ്റിരുന്നു. ഈയൊരു കാര്യവും സെലക്ടർമാർക്ക് മുന്നിലെത്തിയിരിക്കണം. എന്നാൽ ഷമിക്കും സിറാജിനും പുറമെ പ്രസിദ്ധ് കൃഷ്ണ കൂടി പേസർ പട്ടികയിലേക്ക് എത്തിയതിനാൽ ചഹലിനെ ഒഴിവാക്കേണ്ടി വന്നെന്ന അഭിപ്രായവും ശക്തമാണ്.
എല്ലാവരും മികവ് പുറത്തെടുക്കുന്നവരാണെന്നും 17 പേരെ തെരഞ്ഞെടുക്കാനാവൂ എന്നതിനാൽ മറ്റു വഴികളില്ലെന്നുമാണ് നായകൻ രോഹിത് ശർമ്മയും മുഖ്യ സെലക്ടർ അജിത് അഗാർക്കറും വ്യക്തമാക്കിയത്. ഈ ഏഷ്യാകപ്പ് ടീമിൽ നിന്ന് തന്നെയായിരിക്കും ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെയും തെരഞ്ഞെടുക്കുക. അതേസമയം വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജുവിനെ തഴഞ്ഞതിനെതിരെ വിമർശനം ശക്തമാണ്. സഞ്ജുവിനെ തഴഞ്ഞ് പകരം ഉൾപ്പെടുത്തിയവരുടെ ഫോം ആണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
Adjust Story Font
16