റയല്‍ മാഡ്രിഡ് ക്യാമ്പില്‍ പരിശീലനം നടത്തി റോണോ
റൊണാൾഡോയുമായുള്ള കരാർ റദ്ദാക്കിയ കാര്യം മാഞ്ചസ്റ്റർ യുണൈറ്റഡ് നേരത്തേ അറിയിച്ചിരുന്നു
മാഡ്രിഡ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് ഈ സീസണോടെ കൂടുമാറുമെന്ന് ഉറപ്പായതോടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ ഇനി എങ്ങോട്ട് എന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ ലോകം. ലോകകപ്പില്‍ നിന്ന് പോര്‍ച്ചുഗലിന്‍റെ പുറത്താകലിന് പിറകെ താരം ജന്മനാട്ടില്‍ തിരികെയെത്തിയിരുന്നു.
കഴിഞ്ഞ ദിവസം സ്പെയിന്‍ തലസ്ഥാനമായ മാഡ്രിഡിലെത്തിയ ക്രിസ്റ്റ്യാനോ തന്‍റെ മുന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിന്‍റെ ട്രെയിനിങ് ക്യാമ്പില്‍ ഇന്ന് പരിശീലനം നടത്തി. മാഡ്രിഡിലെ വാല്‍ദെബെബാസ് ക്യാമ്പിലാണ് റോണോ പരിശീലനത്തിനിറങ്ങിയത്. ഇതോടെ റോണോ തന്‍റെ മുന്‍ ക്ലബ്ബായ റയലിലേക്ക് തിരിച്ചെത്തുമോ എന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആംരംഭിച്ചു കഴിഞ്ഞു. എന്നാല്‍ ടീമോ താരമോ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി ഒന്നും ഇതുവരെ അറിയിച്ചിട്ടില്ല.
റൊണാൾഡോയുമായുള്ള കരാർ റദ്ദാക്കിയ കാര്യം മാഞ്ചസ്റ്റർ യുണൈറ്റഡ് നേരത്തേ അറിയിച്ചിരുന്നു. തുടർച്ചയായി മത്സരങ്ങളിൽ പരിഗണിക്കാതെ വന്നതോടെ ടീം കോച്ചിനെതിരെ കടുത്ത വിമർശനവുമായി ക്രിസ്റ്റ്യാനോ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു താരവുമായുള്ള കരാർ റദ്ദാക്കുന്നതിലേക്ക് ടീം മാനേജ്‌മെന്റിനെ നയിച്ചത്. കരാർ റദ്ദാക്കിയെങ്കിലും കരാർ വ്യവസ്ഥ അനുസരിച്ച് താരത്തിന് 17 മില്യൺ പൗണ്ട് നൽകാൻ ക്ലബിന് ബാധ്യതയുണ്ടായിരുന്നു. എന്നാൽ, ഈ തുക തനിക്ക് വേണ്ടെന്ന് ക്ലബിനെ താരം അറിയിച്ചു.
ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗനും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള അഭിമുഖം വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. പരിശീലകൻ ടെൻഹാഗും ക്ലബ്ബിലെ മറ്റു ചിലരും ചേർന്ന് തന്നെ ഒതുക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. പിന്നാലെ യുണൈറ്റഡും താരത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.
Adjust Story Font
16